പനിയും ശ്വാസംമുട്ടലും നിസ്സാരമല്ല; ആടുവസന്തയുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന രോഗപ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. 2030-ഓടെ സംസ്ഥാനത്തുനിന്ന് ആടു വസന്തരോഗം നിർമാർജനം ചെയ്യുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരും കർഷകരുടെ വീടുകളിൽ എത്തി സൗജന്യമായാണ് പ്രതിരോധ കുത്തിവെപ്പ് നൽകുക. തുടർന്ന് ഈ വിവരങ്ങൾ ദേശീയതലത്തിലുള്ള ‘ഭാരത് പശുധൻ’ പോർട്ടലിൽ റിപ്പോർട്ട് ചെയ്യും.
രോഗം ഏത് ഇനത്തിലും പ്രായത്തിലുമുള്ള ആടുകളെയും ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസ്സിനും ഇടയിലുള്ളവയ്ക്കാണ് സാധ്യത കൂടുതൽ. വളരെ വേഗത്തിൽ പകരുന്നതും മരണനിരക്ക് കൂടുതലുള്ളതുമായ രോഗമാണിത്.
പെസ്റ്റെ ഡെസ് പെട്ടിട്സ് റൂമിനന്റ്സ് വൈറസ് എന്ന അണുവാണ് രോഗകാരണം. ഇത് മോർബില്ലി വൈറസ് വിഭാഗത്തിൽപ്പെടുന്നു. ആട് വളർത്തൽ കേരളത്തിലെ ചെറിയ കർഷകർക്ക് പ്രധാന വരുമാന മാർഗമാണ്. ഉയർന്ന മരണനിരക്ക്, വളർച്ച കുറയൽ, ചികിത്സച്ചെലവ് വർധിക്കൽ, വിപണിയിൽ വില കുറയൽ, കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം എന്നിവയാണ് ആട് വസന്ത വന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.
പകരുന്ന വിധം
രോഗബാധിത ആടുകളുമായി അടുത്ത സമ്പർക്കം ഉണ്ടായാൽ രോഗം പകരും. മൂക്കുനീർ, കണ്ണുനീർ, തുപ്പൽ, മലം എന്നീ സ്രവങ്ങളിൽ വൈറസ് ഉണ്ടാകും. ഇവ മറ്റുള്ള ആടുകളുമായി സമ്പർക്കത്തിലായാൽ രോഗം പകരും.
ലക്ഷണങ്ങൾ
ആരംഭഘട്ടത്തിൽ ഉയർന്ന പനി, തീറ്റ തിന്നാതിരിക്കുക, മന്ദഗതി, കണ്ണുകൾ ചുവന്നതായിക്കാണുക.
ഇടത്തരം ഘട്ടത്തിൽ കണ്ണിലും മൂക്കിലും വെള്ളം ഒഴുകുക, വായിൽ മുറിവുകളും പുണ്ണുകൾ, നാവിലും ചുണ്ടുകളിലും പാടുകൾ, വായിൽ ദുർഗന്ധം എന്നിവയും ഗുരുതരഘട്ടത്തിൽ കടുത്ത രക്തവും കഫവും കലർന്ന വയറിളക്കം, ശരീരക്ഷീണം, ശ്വാസംമുട്ടൽ, ചുമ എന്നിവയും ചില ആടുകളിൽ ന്യുമോണിയയും ഉണ്ടാകാം.
ചികിത്സ
വൈറസിനെ നേരിട്ട് നശിപ്പിക്കുന്ന പ്രത്യേക മരുന്ന് സാധാരണയായി ഇല്ല. എന്നാൽ, സഹായക ചികിത്സ നൽകി മൃഗങ്ങളെ രക്ഷിക്കാം. സെക്കൻഡറി ഇൻഫെക്‌ഷൻ തടയാൻ ആന്റിബയോട്ടിക്കുകൾ, പനി കുറയ്ക്കുന്ന മരുന്നുകൾ, ഡീഹൈഡ്രേഷൻ ഒഴിവാക്കാൻ ദ്രാവകചികിത്സ, വിറ്റാമിൻ, മിനറൽ സപ്ലിമെന്റുകൾ, രോഗബാധിത മൃഗങ്ങളെ ഉടൻ കൂട്ടത്തിൽനിന്ന് വേർതിരിക്കുക എന്നിവ.
പ്രതിരോധ മാർഗങ്ങൾ
തടയാനുള്ള ഏറ്റവും നല്ല മാർഗം വാക്സിനേഷൻ ആണ്. 3–4 മാസം പ്രായമുള്ള ആടുകൾക്ക് വാക്സിൻ നൽകാം.
വർഷത്തിൽ ഒരിക്കൽ വാക്സിനേഷൻ നൽകുന്നതാണ് നല്ലത്. സർക്കാർ വെറ്ററിനറി ആശുപത്രികളിൽ പലപ്പോഴും സൗജന്യ വാക്സിനേഷൻ ലഭ്യമാണ്.
മുൻകരുതലുകൾ
പുതിയ ആടുകളെ ക്വാറന്റൈൻ പാലിക്കുക. 10–14 ദിവസം വേർതിരിച്ച് മാറ്റിപ്പാർപ്പിക്കണം. കൂടുകളുടെ ശുചിത്വം ഉറപ്പാക്കുക. നല്ല വായുസഞ്ചാരം നൽകുക. ശുദ്ധമായ വെള്ളവും തീറ്റയും നൽകുക. രോഗബാധിത മൃഗങ്ങളെ ഉടൻ വേർതിരിക്കുക.
Content Highlights: PPR disease in goats, its symptoms, and prevention methods. Ensure your herd's safety with free government vaccination.