പൗൾട്രി ഫാമുകളിൽ രോഗം തടയാൻ ഈ ഒറ്റമൂലികൾ; മുട്ടമികവിന് നാടൻ എഗ്ഗ് ബൂസ്റ്ററുകൾ

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കോഴി വളർത്തൽ സംരംഭങ്ങളിൽനിന്നു മികച്ച വരുമാനം ഉറപ്പാക്കുന്നതിനും പക്ഷികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായ രോഗപ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ അംഗീകാരമുള്ള എഗ്ഗർ നഴ്സറികളിൽനിന്നു മാത്രം വാങ്ങി വളർത്തുക, കൃത്യമായ ജൈവസുരക്ഷാ മുൻകരുതലുകൾ പാലിക്കുക, സമയബന്ധിതമായ വാക്സിനേഷനുകൾ നൽകുക, വൃത്തിയുള്ള അന്തരീക്ഷവും പോഷകസമൃദ്ധമായ തീറ്റയും ഉറപ്പാക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറെ സമീപിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഫാമുകളിലെ രോഗവ്യാപനവും അതുവഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കർഷകർക്ക് വലിയൊരു പരിധിവരെ തടയാൻ സാധിക്കും.

പൗൾട്രി ഫാമുകളിലെ ജൈവ സുരക്ഷ

ഫാമിലേക്ക് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കൾ പ്രവേശിക്കുന്നതും ഒരു കൂട്ടിൽനിന്ന് മറ്റൊന്നിലേക്ക് രോഗങ്ങൾ പടർന്നുപിടിക്കുന്നതും തടയുന്നതിനുള്ള ആദ്യത്തെ പ്രതിരോധ സംവിധാനമാണ് ജൈവ സുരക്ഷ. ഇതിനായി ഫാമിലേക്ക് പുറത്തുനിന്നുള്ള ആളുകളുടെയും അനാവശ്യ വാഹനങ്ങളുടെയും പ്രവേശനം പൂർണ്ണമായും നിയന്ത്രിക്കേണ്ടതുണ്ട്. ഫാമിലേക്ക് പ്രവേശിക്കുന്ന കർഷകരും തൊഴിലാളികളും സന്ദർശകരും വീര്യമുള്ള അണുനാശിനി (Disinfectant) അടങ്ങിയ ഫൂട്ട് ബാത്ത് (Foot bath) ഉപയോഗിച്ച് കാലുകൾ കഴുകുന്നത് നിർബന്ധമാക്കണം. കോഴിക്കൂടുകൾ, തീറ്റപ്പാത്രങ്ങൾ, കുടിവെള്ള പാത്രങ്ങൾ എന്നിവ എപ്പോഴും ഈർപ്പമില്ലാതെ ഉണങ്ങി വൃത്തിയായി സൂക്ഷിക്കുകയും പതിവായി അണുവിമുക്തമാക്കുകയും ചെയ്യേണ്ടതും പ്രധാനം. കോഴികളെ തുറന്നുവിട്ട് വളർത്തുന്ന രീതികളിൽ മറ്റ് പക്ഷികളിൽനിന്നു രോഗങ്ങൾ പകരാൻ സാധ്യത കൂടുതലായതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം. ഫാമിലേക്ക് പുതുതായി കൊണ്ടുവരുന്ന കോഴികളെ കുറഞ്ഞത് 14 ദിവസമെങ്കിലും മാറ്റിപ്പാർപ്പിച്ച് (ക്വാറന്റൈൻ) രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം പ്രധാന കൂട്ടിലേക്ക് മാറ്റുക. കൂട്ടിൽ തളർച്ച, പച്ചനിറത്തിലുള്ള കാഷ്ഠം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുന്ന കോഴികളെ കണ്ടെത്തിയാൽ ഉടൻതന്നെ അവയെ മാറ്റിപ്പാർപ്പിച്ച് ചികിത്സ നൽകേണ്ടതാണ്.

ഉറപ്പാക്കാം വാക്സിനേഷൻ

ജൈവസുരക്ഷയ്ക്കും പോഷകാഹാര പരിപാലനത്തിനുമൊപ്പം മുട്ടക്കോഴികളിൽ ഉണ്ടാകുന്ന മാരകമായ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കൃത്യമായ വാക്സിനേഷൻ ഷെഡ്യൂൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന ആദ്യദിവസംതന്നെ മാരെക്സ് രോഗത്തിനെതിരെ HVT FC-126 സ്ട്രെയിൻ വാക്സിൻ കഴുത്തിന് പിറകിലെ ചർമ്മത്തിന് കീഴിലായി (Subcutaneous) 0.2 മില്ലിലിറ്റർ അളവിൽ നൽകണം. കോഴികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് റാണിഖേറ്റ് രോഗം (Newcastle Disease- RD). ഇത് 'കോഴിവസന്ത' എന്ന പേരിലാണ് കർഷകർക്ക് കൂടുതൽ പരിചിതം. ഏവിയൻ പാരമിക്സോ വൈറസ് ടൈപ്പ് 1 (Avian Paramyxovirus type 1) ആണ് ഈ രോഗത്തിന് കാരണം. ഈ രോഗം തടയുന്നതിനായി 5-7 ദിവസത്തിൽ കോഴി വസന്ത അഥവാ റാണിഖേറ്റ് (ആർ.ഡി.) രോഗത്തിനെതിരെ F/BI/ ലാസോട്ടാ സ്ട്രെയിൻ വാക്സിൻ മൂക്കിലൂടെയോ കണ്ണിലൂടെയോ ഒരു തുള്ളിയായി നൽകേണ്ടതാണ്.

കോഴിക്കുഞ്ഞുങ്ങളുടെ അകാലമരണത്തിന് കാരണമാകുന്ന സാംക്രമിക രോഗങ്ങളിൽ പ്രധാനമാണ് ഗംബോറോ രോഗം എന്നറിയപ്പെടുന്ന ഇൻഫെക്ഷ്യസ് ബർസൽ ഡിസീസ് (ഐ.ബി.ഡി.). പേര് കേൾക്കുമ്പോൾ കർഷകർക്ക് അപരിചിതത്വം തോന്നാമെങ്കിലും, നമ്മുടെ നാട്ടിലെ കോഴിക്കുഞ്ഞുങ്ങൾക്കിടയിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു വൈറസ് രോഗമാണിത്. 10-14 ദിവസത്തിൽ ഗംബോറോ രോഗത്തിനെതിരെയുള്ള (ഐ.ബി.ഡി.) IBD ജോർജിയൻ സ്ട്രെയിൻ അല്ലെങ്കിൽ ലൈവ് ഇന്റർമീഡിയറ്റ് സ്ട്രെയിൻ വാക്സിൻ കുടിവെള്ളത്തിലൂടെ കലർത്തി നൽകണം. 21-ാം ദിവസം കോഴി വസന്തയ്ക്കെതിരെയുള്ള പ്രതിരോധം ഉറപ്പാക്കാൻ ലാസോട്ടാ സ്ട്രെയിൻ വാക്സിൻ ബൂസ്റ്റർ ഡോസായി കുടിവെള്ളത്തിലൂടെ നൽകേണ്ടതുണ്ട്. 28-ാം ദിവസം ഗംബോറോ രോഗത്തിനെതിരെയുള്ള രണ്ടാമത്തെ ഡോസ് വാക്സിൻ (IBD ജോർജിയൻ സ്ട്രെയിൻ / ലൈവ് ഇന്റർമീഡിയറ്റ് സ്ട്രെയിൻ) വീണ്ടും കുടിവെള്ളത്തിലൂടെ നൽകണം.

മുതിർന്ന കോഴികളിൽ ദീർഘകാല രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതിനായി 8 മുതൽ 10 ആഴ്ച പ്രായമെത്തുമ്പോൾ കോഴിവസന്തയ്ക്കെതിരെ R₂B / RDVK സ്ട്രെയിൻ വാക്സിൻ ചിറകിലെ ചർമ്മത്തിന് കീഴിലായി (Subcutaneous) കുത്തിവെപ്പ് നടത്തണം. തുടർന്നുള്ള വളർച്ചാഘട്ടത്തിൽ 16 മുതൽ 18 ആഴ്ചകളിൽ ഇതേ R₂B / RDVK സ്ട്രെയിൻ വാക്സിൻ ചിറകിലെ ചർമ്മത്തിന് കീഴിലായി വീണ്ടും നൽകുകയും, അതിനുശേഷം ഓരോ 6 മാസത്തെ ഇടവേളകളിൽ ഈ കുത്തിവെപ്പ് തടസ്സമില്ലാതെ ആവർത്തിക്കുകയും വേണം.

കോഴിവസന്ത തടയാൻ ചെറുപ്രായത്തിൽ വീര്യം കുറഞ്ഞ വാക്സിനുകൾ (F/Lasota) ലഭിച്ചിട്ടില്ലാത്ത കോഴികൾക്ക് 8 അല്ലെങ്കിൽ 16 ആഴ്ചകളിൽ നൽകുന്ന R2B/RDK വാക്സിനുകൾ നേരിട്ട് നൽകുന്നത് ഒഴിവാക്കണം. വീര്യം കൂടിയ വൈറസ് സ്ട്രെയിനിൽനിന്ന് നിർമിക്കുന്ന ഇത്തരം വാക്സിനുകൾ മുൻപ് പ്രതിരോധം നേടിയിട്ടില്ലാത്ത കോഴികളിൽ വിപരീതഫലം ചെയ്യാനും രോഗം പൊട്ടിപ്പുറപ്പെടാനും കാരണമായേക്കാം. അതിനാൽ, വാക്സിനേഷൻ നൽകിയതായി ഉറപ്പില്ലാത്ത പക്ഷം ഏത് പ്രായത്തിലുള്ള കോഴികൾക്കും സുരക്ഷിതമായി നൽകാൻ കഴിയുന്ന ലസോട്ട (Lasota) വാക്സിൻ നൽകി ആദ്യം പ്രൈമിങ് (Priming) ചെയ്യേണ്ടതാണ്.

തുടർന്ന് രണ്ടാഴ്ചയ്ക്കുശേഷം മാത്രമേ R2B / RDK വാക്സിൻ കുത്തിവയ്പായി നൽകാവൂ. നാടൻ കോഴികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. സങ്കരയിനം കോഴികളെ അപേക്ഷിച്ച് നാടൻ കോഴികൾക്ക് രോഗപ്രതിരോധശേഷി ഒരല്പം കൂടുതലാണെന്നത് വസ്തുതയാണ്. എങ്കിലും അതിതീവ്ര കോഴിവസന്ത വൈറസുകളെ തടയാൻ ഈ സ്വാഭാവിക പ്രതിരോധശേഷിക്ക് കഴിഞ്ഞേക്കില്ല. അതിനാൽ നാടൻ കോഴികൾ, ഫാൻസി/അലങ്കാര കോഴികൾ, ജൈവരീതിയിൽ അഴിച്ചുവിട്ടു വളർത്തുന്ന കോഴികൾ ഉൾപ്പെടെയുള്ള എല്ലാ കോഴികൾക്കും പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി നൽകുന്നതിൽ അശ്രദ്ധ കാണിക്കരുത്. ഏഴാമത്തെയും പതിനഞ്ചാമത്തെയും ആഴ്ചയിൽ മുട്ടക്കോഴികൾക്ക് വിരബാധകളെ പ്രതിരോധിക്കാനുള്ള മരുന്നുകൾ നൽകണം. കൂട്ടിലടച്ചു വളർത്തുന്ന മുട്ടക്കോഴികൾക്ക് മൂന്ന്-നാല് മാസത്തിലൊരിക്കലും അഴിച്ചുവിട്ടോ വിരിപ്പ് രീതിയിലോ വളർത്തുന്ന കോഴികൾക്ക് രണ്ടുമാസത്തിലൊരിക്കലും വിരമരുന്നുകൾ നൽകണം.

കൃത്യസമയത്തുള്ള വാക്സിനേഷനും ശാസ്ത്രീയമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങളും പ്രകൃതിദത്ത പോഷക സംരക്ഷണവും ഒരുമിച്ച് നടപ്പിലാക്കുന്നത് വഴി രോഗപ്പകർച്ച പൂർണ്ണമായും ഒഴിവാക്കാനും കോഴികളുടെ ആരോഗ്യവും ഫാമിലെ ആകെ ഉൽപ്പാദനക്ഷമതയും ഉയർന്ന സാമ്പത്തികലാഭവും കർഷകർക്ക് ഉറപ്പാക്കാനും സാധിക്കും.

കോഴികളുടെ ആരോഗ്യത്തിന് ജൈവക്കൂട്ടുകൾ

ജൈവസുരക്ഷാ നടപടികൾക്കൊപ്പംതന്നെ കോഴികളുടെ കുടൽ ആരോഗ്യവും സ്വാഭാവിക രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിന് വെളുത്തുള്ളി (Garlic), ഇഞ്ചി (Ginger), മഞ്ഞൾ (Turmeric) എന്നിവ അടങ്ങിയ മിശ്രിതം (Phytogenics) നൽകുന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മികച്ച മാർഗ്ഗമാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന 'അല്ലിസിൻ' എന്ന സൾഫർ സംയോജകം ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവർത്തിക്കുകയും സൂപ്പർ ഓക്സൈഡ് ഡിസ്മുട്ടേസ് (SOD) പോലുള്ള ആന്റിഓക്സിഡന്റുകൾ വർദ്ധിപ്പിച്ച് കോഴികളിലെ ശാരീരികസമ്മർദ്ദം കുറയ്ക്കുകയും തീറ്റ പരിവർത്തന നിരക്ക് (FCR) മെച്ചപ്പെടുത്തുകയും ചെയ്യും.

ഇഞ്ചിയിലെ 'ജിഞ്ചറോൾ', 'ഷോഗോൾ' എന്നീ ഘടകങ്ങൾ ശരീരത്തിലെ വീക്കങ്ങൾ തടയുകയും, രക്തചംക്രമണവും കുടലിൽ പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുന്ന 'വില്ലി'കളുടെ വളർച്ചയും വർദ്ധിപ്പിച്ച് രോഗങ്ങൾക്കെതിരെ ഉയർന്ന പ്രതിരോധശേഷി നൽകുകയും ചെയ്യും. മഞ്ഞളിലെ 'കുർക്കുമിൻ' എന്ന ശക്തമായ ആന്റിഓക്സിഡന്റ് കോശങ്ങളുടെ നാശം തടയുകയും സാൽമൊണെല്ല, ഇ. കോളി തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകൾ കുടലിൽ വളരുന്നത് തടയുകയും ചെയ്യും.

100 കോഴികൾക്ക് നൽകാനായി 20 ഗ്രാം ചതച്ച വെളുത്തുള്ളി, 20 ഗ്രാം ചതച്ച ഇഞ്ചി, 50 ഗ്രാം മഞ്ഞൾപ്പൊടി എന്നിവ 1 ലിറ്റർ വെള്ളത്തിൽ കലർത്തി 10 മുതൽ 15 മിനിറ്റുവരെ ചെറുതീയിൽ തിളപ്പിച്ച് അരിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് 4 ലിറ്റർ ശുദ്ധമായ വെള്ളം കൂടി ചേർത്ത് ആകെ 5 ലിറ്റർ മിശ്രിതമാക്കി ആഴ്ചയിൽ 3 ദിവസം രാവിലെ നൽകാവുന്നതാണ്. ഈ വെള്ളം പാത്രങ്ങളിൽ 4 മുതൽ 5 മണിക്കൂറിൽ കൂടുതൽ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആന്റിബയോട്ടിക് ഗ്രോത്ത് പ്രൊമോട്ടറുകൾക്ക് (AGP) പകരം ഈ സുഗന്ധവ്യഞ്ജന മിശ്രിതം നൽകുന്നത് വാക്സിൻ എടുത്ത കോഴികളിൽ പ്രതിരോധശേഷി (Antibody Titer) വർദ്ധിപ്പിക്കാൻ സഹായിക്കും.

കോഴികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗാണുക്കളെ ചെറുക്കുന്നതിനുമായി വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത കുടിവെള്ള മിശ്രിതം ഒരു പ്രകൃതിദത്ത ആന്റിബയോട്ടിക് ആയി ഫാമിൽ ഉപയോഗിക്കാൻ സാധിക്കും. ഇത് തയ്യാറാക്കാനായി 50 ഗ്രാം പച്ച വെളുത്തുള്ളിയും 50 ഗ്രാം പച്ച ഇഞ്ചിയും ഒന്നിച്ച് അരച്ച് പേസ്റ്റ് രൂപത്തിലാക്കി, ഒരു ലിറ്റർ ചെറുചൂടുവെള്ളത്തിൽ കലർത്തി 15 മുതൽ 20 മിനിറ്റുവരെ അടച്ചുവെക്കണം. അതിനുശേഷം ഈ ലായനി നന്നായി അരിച്ചെടുത്ത് 5 ലിറ്റർ ശുദ്ധമായ കുടിവെള്ളത്തിൽ ചേർത്ത് ഇളക്കി കോഴികൾക്ക് കുടിക്കാൻ നൽകാവുന്നതാണ്. ആഴ്ചയിൽ തുടർച്ചയായി 2 മുതൽ 3 ദിവസംവരെ രാവിലെ സമയങ്ങളിൽ ഈ മിശ്രിതം നൽകുന്നത് ഏറെ ഫലപ്രദമാണ്. പ്രധാനമായും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉള്ളപ്പോഴും തണുപ്പുകാലത്തും മഴക്കാലത്തും കോഴികൾക്ക് ആവശ്യമായ പ്രകൃതിദത്ത ആന്റിബയോട്ടിക് സംരക്ഷണവും (Supportive Care) മികച്ച ആരോഗ്യവും ഉറപ്പാക്കാൻ ഈ രീതി സഹായിക്കും.

ഐമേരിയ (Eimeria) വിഭാഗത്തിൽപ്പെടുന്ന ഏകകോശ പ്രോട്ടോസോവൻ രോഗാണുക്കൾ കോഴികളുടെ കുടൽഭിത്തിയിലെ എപ്പിത്തീലിയൽ കോശങ്ങളെ (Epithelial cells) ആക്രമിച്ചു നശിപ്പിക്കുന്നതിലൂടെയാണ് കൊക്സീഡിയോസിസ് എന്ന കുടൽ രോഗം ഉണ്ടാകുന്നത്. കുടലിൽ ഉണ്ടാകുന്ന രക്തസ്രാവം കാരണം രൂക്ഷഗന്ധത്തോടു കൂടിയതും ജലാംശവും കഫവും കലർന്നതുമായ പച്ചനിറത്തിലുള്ള വയറിളക്കമാണ് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കാണപ്പെടുന്നത്. അണുബാധ തീവ്രമാകുമ്പോൾ കുടൽ കോശങ്ങൾ വ്യാപകമായി നശിക്കുകയും കാഷ്ഠത്തിലൂടെ രക്തം പുറത്തുവരികയും ചെയ്യും. കോഴിക്കുഞ്ഞുങ്ങളിൽ വിറയലും ക്രമേണയുള്ള കാലുതളർച്ചയും പ്രധാന രോഗലക്ഷണമാണ്.

മൈക്രോസ്കോപ്പിക് കാഷ്ഠ പരിശോധനയിലൂടെ രോഗകാരിയെ തിരിച്ചറിഞ്ഞ് രോഗനിർണ്ണയം നടത്താം. രോഗപ്രതിരോധത്തിനായി വറുത്തുപൊടിച്ച ഉലുവ 100 പക്ഷികൾക്ക് 30 ഗ്രാം എന്ന തോതിൽ തീറ്റയിൽ നൽകുന്നത് രോഗാണുവിന്റെ കുടലിലെ വളർച്ചയെ പ്രതിരോധിക്കാൻ സഹായിക്കും. കൂടാതെ, കുടിവെള്ളത്തിന്റെ അമ്ലനില pH 4.0–4.5 പരിധിയിലേക്ക് താഴ്ത്തുന്നത് (Acidification) കൊക്സീഡിയൻ രോഗാണുവിന്റെയും ഇ. കോളി, സാൽമൊണെല്ല തുടങ്ങിയ ബാക്ടീരിയൽ രോഗാണുക്കളുടെയും വംശവർദ്ധനയെ കുറയ്ക്കും.

ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ 3% വീര്യമുള്ള അസറ്റിക് ആസിഡ്/വിനാഗിരി (30 മില്ലി), ആപ്പിൾ സിഡർ വിനെഗർ (5 മില്ലി) അല്ലെങ്കിൽ ഓർഗാനിക് കെമിക്കൽ അസിഡിഫയറുകൾ എന്നിവ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. രോഗബാധ സ്ഥിരീകരിച്ച ഘട്ടത്തിൽ ബി-കോംപ്ലക്സ് (B-Complex) സപ്ലിമെന്റുകൾ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കണം. കൊക്സീഡിയ പ്രോട്ടോസോവകളുടെ വളർച്ചയ്ക്ക് ബി-വിറ്റാമിനുകൾ പോഷകഘടകമാണ്, അതിനാൽ ഈ സമയത്ത് വിറ്റാമിൻ ബി നൽകുന്നത് രോഗാണുക്കളുടെ വളർച്ച വേഗത്തിലാക്കുകയും രോഗാവസ്ഥ സങ്കീർണ്ണമാക്കുകയും ചെയ്യും.

കോഴികളുടെ ആന്തരിക വിരബാധ തടയുന്നതിനും കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ശാസ്ത്രീയവും പ്രകൃതിദത്തവുമായ ഔഷധക്കൂട്ടുകൾ കുടിവെള്ളത്തിൽ കലർത്തി നൽകാവുന്നതാണ്. ഇതിനായി പപ്പായക്കുരു (Papaya Seeds) വറുത്തുപൊടിച്ച് രാവിലെ വെറുംവയറ്റിൽ ഒരു ലിറ്റർ വെള്ളത്തിന് 4 മുതൽ 5 ഗ്രാം എന്ന തോതിൽ നൽകുന്നത് മികച്ചൊരു പ്രകൃതിദത്ത വിരനാശിനിയായി പ്രവർത്തിക്കുകയും കുടലിലെ വിരകളെ പുറന്തള്ളി ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ആന്തരിക പരാദങ്ങളെ നിയന്ത്രിക്കാനും കരളിലെ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തി പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമായി ആര്യവേപ്പിലയും മഞ്ഞളും ചേർത്ത് ഒരു ലിറ്റർ വെള്ളത്തിന് 5 മുതൽ 10 ഗ്രാം എന്ന അളവിൽ ഉപയോഗിക്കാം.

കൂടാതെ, വിരകളെ സ്വാഭാവികമായി പുറന്തള്ളാനും കുടലിന്റെ ആരോഗ്യം സംരക്ഷിച്ച് മറ്റ് അണുബാധ സാധ്യതകൾ കുറയ്ക്കാനുമായി ആപ്പിൾ സിഡർ വിനെഗറും വെളുത്തുള്ളിയും ചേർത്ത് ഒരു ലിറ്റർ വെള്ളത്തിന് 2 മുതൽ 3 മില്ലി എന്ന തോതിൽ നൽകുന്നത് ഏറെ ഫലപ്രദമാണ്. കരളിനുണ്ടാകുന്ന ക്ഷതങ്ങളിൽനിന്നും ഫാറ്റി ലിവർ (Fatty liver) സാധ്യതകളിൽനിന്നും സംരക്ഷണം നൽകുന്നതിന് ഇഞ്ചിയും മഞ്ഞളും അടങ്ങിയ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിന് 3 മുതൽ 5 ഗ്രാം എന്ന തോതിൽ നൽകുന്നത് തീറ്റ ദഹനം കൂട്ടാനും, കോഴികളുടെ വിശപ്പ് വർദ്ധിപ്പിച്ച് എപ്പോഴും രോഗരഹിതവും ഉന്മേഷവത്തുമാക്കി നിലനിർത്താനും സഹായിക്കും.

മുട്ട മേന്മയുള്ളതാവാൻ

മുട്ടക്കോഴികളുടെ ഉൽപ്പാദനക്ഷമതയും മുട്ടയുടെ ഗുണനിലവാരവും ഒരുപോലെ മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയമായ കാൽസ്യം, അമിനോ ആസിഡ് പോഷകക്കൂട്ടുകൾ തീറ്റയിൽ ഉൾപ്പെടുത്തുന്നത് ഏറെ ഫലപ്രദമാണ്. ഇത്തരം പോഷകമിശ്രിതങ്ങൾ മുട്ടയുൽപ്പാദനം ക്രമാനുഗതമായി വർദ്ധിപ്പിക്കാനും, ഉയർന്ന കാൽസ്യം ലഭ്യതയിലൂടെ മുട്ടത്തോടിന് (Eggshell) ആവശ്യമായ കട്ടിയും ഉറപ്പും നൽകാനും, ക്യാരോട്ടിനോയിഡുകൾ (Carotenoids) വഴി മുട്ടക്കരുവിന് (Egg yolk) ആകർഷകമായ സ്വാഭാവിക നിറം നൽകാനും സഹായിക്കുന്നു.

ഇതിനായി വിപണിയിൽ ലഭ്യമായ ചീലേറ്റഡ് കാൽസ്യവും അമിനോ ആസിഡുകളും അടങ്ങിയ ഫിക്കണ്ട് ഫോർട്ട് പൗഡർ (FECUND FORTE Powder) പോലുള്ള മികച്ച കാൽസ്യം-അമിനോ ആസിഡ് പോഷകക്കൂട്ടുകൾ ഓരോ കിലോഗ്രാം തീറ്റയിലും 10 ഗ്രാം വീതം കൃത്യമായി ചേർത്തുനൽകുന്നത് ധാതുക്കളെ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യാനും അതുവഴി മുട്ടക്കോഴികളുടെ ഉൽപ്പാദനക്ഷമതയും മുട്ടയുടെ ഗുണനിലവാരവും ഗണ്യമായി മെച്ചപ്പെടുത്താനും സഹായിക്കും.

ഇതിനുപുറമെ, പ്രകൃതിദത്തമായ പോഷകക്കൂട്ട് തയ്യാറാക്കുന്നതിനായി ഒരു കിലോഗ്രാം മുട്ടക്കോഴി തീറ്റയിലേക്ക് (Layer Feed) 10 ഗ്രാം മുരിങ്ങയില പൊടി, കാൽസ്യത്തിന്റെ പ്രധാന ഉറവിടമായ 20 ഗ്രാം ലൈംസ്റ്റോൺ പൗഡർ (Limestone Powder), 5 ഗ്രാം മഞ്ഞൾപ്പൊടി, 5 ഗ്രാം വെളുത്തുള്ളിപ്പൊടി, 5 ഗ്രാം ഉണക്കിയ ചെണ്ടുമല്ലിപ്പൂ ഇതളുകളുടെ പൊടി (Dried Marigold Petal Powder) എന്നിവ ചേർത്ത് സാധാരണ തീറ്റയിൽ സമമായി കലർത്തി നൽകാവുന്നതാണ്. ദഹനപ്രക്രിയ സുഗമമാക്കുന്നതിനും പോഷകാഗിരണം പൂർണ്ണമായി ഉറപ്പാക്കുന്നതിനുമായി ദിവസവും ആവശ്യത്തിന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.