പാൽ വില കൂടുമ്പോഴും ആശ്വാസമില്ലാതെ ക്ഷീരകർഷകർ; കർഷകന് ലഭിക്കുന്നത് തുച്ഛമായ വരുമാനം

പ്രതീകാത്മക ചിത്രം | Photo: Ramanathpai / Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Ramanathpai / Mathrubhumi

ചിറ്റിലഞ്ചേരി: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കുമ്പോഴും ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. ഉത്പാദിപ്പിക്കുന്ന പാലിന് വില നിർണയിക്കാൻ ക്ഷീരകർഷകർക്ക് അവകാശമില്ല. പാലിന് അടിസ്ഥാന വിലയുമില്ല. സംസ്ഥാനത്ത് 3,320 ക്ഷീരസഹകരണ സംഘങ്ങളിലായി പ്രതിദിനം 3.21 ലക്ഷം കർഷകരാണ് പാൽ നൽകുന്നത്. സംസ്ഥാനത്ത് പ്രതിദിന പാൽ സംഭരണം ശരാശരി 17.8 ലക്ഷം ലിറ്ററാണ്. പ്രതിദിന ഉപഭോഗം 25ലക്ഷം ലിറ്ററിന് മുകളിലുമാണ്.

പദ്ധതികൾ എങ്ങുമെത്തുന്നില്ല

ക്ഷീരകർഷകർക്ക് സഹായകമായി പ്രഖ്യാപിച്ച പദ്ധതികൾ മിക്കതും എങ്ങുമെത്തുന്നില്ല. ത്രിതല പഞ്ചായത്തുകൾവഴി നടപ്പാക്കിയ മിൽക്ക് ഇൻസെന്റീവ് പദ്ധതിപ്രകാരം ലിറ്ററിന് മൂന്നുരൂപ അധികമായി ലഭിച്ചിരുന്നു. എന്നാൽ, ഇത് വർഷംമുഴുവൻ ലഭിക്കുന്നതിന് നടപടിയായില്ല. മൃഗചികിത്സയുടെ ചെലവ് കുറയ്ക്കുന്നതിനായി രാത്രികാലത്തുൾപ്പെടെ ചികിത്സാസൗകര്യമൊരുക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മിക്കയിടത്തും അതും യാഥാർഥ്യമായില്ല.

കർഷകന് 46-47 രൂപ

കർഷകരിൽനിന്ന് സംഭരിക്കുന്ന പാലിന് കൊഴുപ്പിന്റെയും എസ്.എൻ.എഫിന്റെയും അടിസ്ഥാനത്തിൽ 3.21രൂപ മുതൽ 5.25രൂപയാണ് വർധിച്ചിപ്പിച്ചത്. കുറഞ്ഞവില ലിറ്ററിന് 41.50രൂപയും കൂടിയവില ലിറ്റിറിന് 67.91 രൂപയുമാക്കിയാണ് പുതുക്കിയ ചാർട്ട് മിൽമ പുറത്തിറക്കിയത്. കേരളത്തിൽ കൊഴുപ്പിന്റെ അളവ് കുറവാണ്. വർധിപ്പിച്ചവില അടിസ്ഥാനമാക്കിയാൽ കർഷകന് ശരാശരി ലിറ്ററിന് 46-47 രൂപ മാത്രമാണ് ലഭിക്കുക.

ഉത്പാദനച്ചെലവ് കുറയ്‌ക്കണം

ഉത്പാദനച്ചെലവ് കുറയ്‌ക്കാൻ, ക്ഷീരസഹകരണ സംഘങ്ങളിലൂടെ വിൽപ്പന നടത്തുന്ന കാലിത്തീറ്റ, ചോളപ്പുല്ല്, സൈലേജ് തുടങ്ങിയവ സബ്‌സിഡി നിരക്കിൽ നൽകണം. മിൽക്ക് ഇൻസെന്റീവ് പദ്ധതി പ്രകാരമുള്ള മൂന്നുരൂപ ധനസഹായം വർഷംമുഴുവൻ നൽകുന്നതും പശുക്കൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതും കർഷകരെ സഹായിക്കും.

Content Highlights: Kerala's dairy farmers face low income despite milk price hikes.production challenges and policy gaps.