ആരോഗ്യമുള്ള പശുവിനെ എങ്ങനെ തിരിച്ചറിയാം? കണ്ണും മൂക്കും ചർമ്മവും നൽകുന്ന സൂചനകൾ

#ഡോ. എം. ഗംഗാധരൻ നായർ
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

പശുവിനെ വാങ്ങാൻ ഉദ്ദേശിക്കുന്നവർ സ്വീകരിക്കേണ്ട ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടം ശരിയായ തിരഞ്ഞെടുപ്പുരീതിയാണ്. ക്ഷീരോത്‌പാദനത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യവും ഇതുതന്നെയാണ്. ഒരു കറവപ്പശുവിനെ തിരഞ്ഞെടുക്കുന്നതിന് ഇനി പറയുന്ന മാർഗനിർദേശങ്ങൾ ഫലപ്രദമാകും.

ജനുസ്സ്

നാടൻപശുക്കളല്ലാതെ വിദേശയിനങ്ങളിൽപ്പെട്ട അനേകം പശുക്കൾ നമ്മുടെ നാട്ടിലുണ്ട്. നാടൻ ഇനങ്ങൾക്ക് പാലുത്‌പാദനം കുറവാണെങ്കിലും രോഗപ്രതിരോധശക്തി കൂടുതലാണ്. വിദേശയിനങ്ങൾക്ക് പാലുത്‌പാദനം വളരെ കൂടുതലാണെങ്കിലും രോഗപ്രതിരോധശക്തി പൊതുവേ കുറവാണ്. അതുകൊണ്ട് 50 ശതമാനം വിദേശപാരമ്പര്യമുള്ള സങ്കരയിനം മൃഗങ്ങളാണ് വീടുകളിൽ വളർത്താൻ യോജിച്ചത്.

പാലുത്‌പാദനം

പാലുത്‌പാദനം കൂട്ടാൻ ഉത്പാദനക്ഷമതയുള്ള വിത്തുകാളകളുടെ ബീജംമാത്രം ഉപയോഗിച്ച് ആധുനിക സാങ്കേതിക മാർഗങ്ങൾവഴി കന്നുകുട്ടികളെ ഉത്‌പാദിപ്പിച്ച് ശാസ്ത്രീയമായി വളർത്തിയതാണോ എന്നുകൂടി പരിശോധിക്കണം.

കൊഴുപ്പ്, പ്രോട്ടീൻ

കൊഴുപ്പ്, പ്രോട്ടീൻ ഇവ മാത്രം കൂട്ടാൻ തുനിഞ്ഞാൽ പാലുത്‌പാദനം വളരെ കുറയും. ഉത്‌പാദനക്ഷമതയുള്ള വിത്തുകാളകളുടെ ബീജം ഉപയോഗിക്കുന്നതിലൂടെ ഉത്‌പാദനം മാത്രമല്ല, കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവും കൂടും. ഇത്‌ പരിശോധിക്കണം.

കുളമ്പും കാലുകളും

കാലുകളും കുളമ്പും ദൃഢമേറിയതായിരിക്കണം. കുളമ്പുകൾ തറയിൽ ബലമായി ഉറപ്പിച്ചുവെക്കുന്നതും കാലുകൾ നിവർന്നുനിൽക്കുന്നതുമാകണം. വശങ്ങളിലേക്ക് ചെരിഞ്ഞ് നടക്കുന്നവയാകരുത്. നല്ല അകിടുണ്ടെങ്കിലും കാലുകൾക്ക് ബലമില്ലാത്തവയെ ഒഴിവാക്കണം.

ശരീരഘടന

വീതിയേറിയ നെഞ്ചും നീണ്ട ശരീരവും വേണം. ദഹനാവയവങ്ങളിൽ പ്രധാനപ്പെട്ട ആമാശയത്തിലെ ഒന്നാം അറയായ ‘റൂമൻ’ന് ധാരാളം സ്ഥലം ലഭിക്കുമെങ്കിൽ ദഹനപ്രക്രിയ സുഗമമാകുകയും പാലുത്‌പാദനം കൂടുകയുംചെയ്യും. കഴുത്ത്, മെലിഞ്ഞതായിരിക്കണം. മേൽത്താടിയും മൂക്കും വീതിയുള്ളതും ദൃഢവും ആയിരിക്കണം.

ധാരാളം ഭക്ഷണം കഴിക്കാനും അയവിറക്കാനും ഇതുകൊണ്ട് സാധിക്കുന്നു. മുൻകാലുകൾക്ക് അകലം വേണം. ഇതുകൊണ്ട് നെഞ്ചിനകത്തുള്ള അവയവങ്ങൾക്ക് ധാരാളം സ്ഥലം ലഭിക്കും. കൂടാതെ രക്തചംക്രമണം സുഗമമാക്കുകയുംചെയ്യുന്നു. രണ്ട് വിരലുകളെങ്കിലും കടക്കത്തക്കതായിരിക്കണം വാരിയെല്ലുകളുടെ അകലം. മൂന്നുവിരൽ അകലമുണ്ടെങ്കിൽ ഉത്‌പാദനക്ഷമത വളരെ കൂടുതലായിരിക്കും.

അകിട്

അകിട് വിസ്താരമുള്ളതും മാർദവമുള്ളതുമാകണം. തൂങ്ങി നിൽക്കരുത്. സെൻട്രൽ ലിഗ്‌മെന്റ് ഉറപ്പുള്ളതും അകിടിൽ ഭദ്രമായി ഘടിപ്പിച്ചതുമാകണം. വയറിനോട് നന്നായി ചേർന്നിരിക്കണം. അകിടിന്റെ തൊലിയിൽ രക്തക്കുഴലുകളുടെ (മാമറി വെയ്ൻ) നല്ല ശൃംഖലയുണ്ടായിരിക്കണം. പാലുത്‌പാദനം കൂട്ടാൻ ഉപകരിക്കുന്നതാണ് മാമറി വെയ്ൻ. ഇത് മടക്കുള്ളതും പ്രത്യക്ഷത്തിൽ കാണാത്തതും നന്നായി സ്പർശിക്കാൻ പറ്റിയതും കട്ടികൂടിയതുമാകണം. മുലക്കണ്ണ് അകിടിന്റെ നാല് പാദങ്ങളുടെയും മധ്യത്തിലാകേണ്ടതും ഇവയുടെ വലുപ്പം എല്ലാം ഒരുപോലെയും ആയിരിക്കണം.

പാലുത്‌പാദനക്ഷമത

ഭുജത്തിന്റെ അഗ്രം കൂർത്തതായിരിക്കണം. പരന്നതും വീതിയുള്ളതും ആയിരിക്കരുത്. തുടയിലെ എല്ല് പരന്നതും മൃദുത്വമുള്ളതുമാകണം. ദൃഢമേറിയതും പരുക്കനുമായിരിക്കരുത്. വാൽ നീണ്ടതും മെലിഞ്ഞതും ആയിരിക്കണം. നീളം കുറഞ്ഞതും തടിച്ചതും ആയിരിക്കരുത്. ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രസവത്തിലായിരിക്കണം പശുവിനെ തിരഞ്ഞെടുക്കേണ്ടത്. അഞ്ചുപ്രസവം കഴിഞ്ഞതിന്റെ ഉത്‌പാദനക്ഷമത കുറയും. തുടർച്ചയായ കറവയുടെ രേഖകൾ നോക്കി ശരാശരി പാലിന്റെ അളവ് മനസ്സിലാക്കാം.

ചില നിരീക്ഷണങ്ങൾ

പശുവിന്റെ നിൽപ്പ്, നടപ്പ്, കിടപ്പ്, തീറ്റയെടുക്കുന്ന രീതി എന്നിവ നോക്കി ഇവ ആരോഗ്യമുള്ളതാണോ എന്ന് തിരിച്ചറിയാം. തല കുനിച്ച് നിൽക്കുക, കൂട്ടംതെറ്റി നടക്കുക, വിശപ്പില്ലായ്മ, അയവെട്ടാതിരിക്കുക എന്നിവ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.

ചർമം

ആരോഗ്യമുള്ളവയുടെ ചർമ്മം മൃദുലവും വലിച്ചാൽ പെട്ടെന്ന് പൂർവസ്ഥിതി പ്രാപിക്കുന്നതുമായിരിക്കും (കഴുത്തിന്റെ ഭാഗത്തുള്ള ചർമം പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് വലിച്ചുനോക്കാം). ഉണങ്ങിയ പരുപരുത്ത ചർമം, എഴുന്നുനിൽക്കുന്നതും കൊഴിയുന്നതും തിളക്കമില്ലാത്തതുമായ രോമം എന്നിവ അനാരോഗ്യ ലക്ഷണങ്ങളാണ്. ഇത്‌ വിരബാധ, ശരീരക്ഷയം എന്നിവയുടെ ലക്ഷണങ്ങളാണ്. രോമമില്ലാത്ത ഭാഗങ്ങൾ കാണുന്നുണ്ടെങ്കിൽ അത് ഫംഗസ് രോഗമോ ചെള്ള്, പേൻ എന്നീ ബാഹ്യപരാദ രോഗബാധയോ ആകാം.

കണ്ണ്

ആരോഗ്യമുള്ളവയ്ക്ക് തിളക്കമുള്ള കണ്ണുകളായിരിക്കും. നിറം മാറിയതോ കുഴിഞ്ഞുതൂങ്ങിയതോ വെള്ളമൊലിക്കുന്നതോ പഴുപ്പുനിറഞ്ഞതോ ആയി കണ്ണുകൾ കാണുന്നെങ്കിൽ അവ അസുഖമുള്ളതായിരിക്കാം.

മൂക്ക്

എപ്പോഴും നനവുള്ളതായിരിക്കണം. ഈർപ്പരഹിതമായി കാണുന്നുണ്ടെങ്കിൽ അത് രോഗലക്ഷണമായി കണക്കാക്കാം. ശ്വാസതടസ്സം, ചുമ, അസാധാരണ ശബ്ദം എന്നിവയും ശ്രദ്ധിക്കണം.

ചാണകവും മൂത്രവും

ചാണകം അധികം അയവില്ലാതെ മുറുകിയതായിരിക്കണം. കഫം, രക്തം കുമിളകൾ എന്നിവ കണ്ടാൽ വിരബാധയാണെന്ന് സംശയിക്കാം. മൂത്രം തെളിഞ്ഞതും ഇളം മഞ്ഞനിറത്തിലുമായിരിക്കും സാധാരണയായി കാണുന്നത്. കടും മഞ്ഞനിറത്തിലോ ഇരുണ്ടതോ ചുവന്നതോ കട്ടൻകാപ്പി നിറത്തിലോ ആണ് കാണുന്നതെങ്കിൽ ഇത്‌ ചില രോഗലക്ഷണങ്ങളാകാം.

പാല്

പാലിന്റെ അളവ്, നിറം, ഗുണം, വ്യത്യാസം എന്നിവ മനസ്സിലാക്കിയിരിക്കണം. രക്തത്തിന്റെ അംശം, ചാരനിറം, മഞ്ഞനിറം, ഉപ്പുരസം, കട്ടകൾ എന്നിവ കണ്ടാൽ അകിടുസംബദ്ധമായ അസുഖങ്ങൾ സംശയിക്കാം.

ഈറ്റം

ഈറ്റത്തിൽനിന്ന് വരുന്ന സ്രവങ്ങൾ ശ്രദ്ധിക്കണം. മുട്ടയുടെ വെള്ളക്കരു പോലെയുള്ള കൊഴുത്ത സ്രവം മദിലക്ഷണമായിരിക്കാം. എന്നാൽ, പഴുപ്പ്, രക്തം എന്നിവ കലർന്ന സ്രവമാണെങ്കിൽ ഗർഭാശയസംബന്ധമായ രോഗങ്ങൾ സംശയിക്കാം.

രജിസ്റ്ററുകൾ

വീടുകളിലാണെങ്കിലും ഫാമുകളിലാണെങ്കിലും വളർത്തുന്ന പശുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ റെക്കോഡ് സൂക്ഷിച്ചുവെക്കണം. വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഇത്‌ ഉപകരിക്കും. ഇതിൽ ജനനത്തീയതി, ബീജസങ്കലനം നടത്തിയ തീയതി, ഉപയോഗിച്ച ബീജത്തിന്റെ വിവരങ്ങൾ, ആദ്യപ്രസവത്തിലെ പ്രായം (ഇത്‌ ഇന്ത്യൻ ഇനങ്ങളിൽ മൂന്നും സങ്കരഇനങ്ങളിൽ രണ്ടും എരുമകളിൽ മൂന്നരവയസ്സും ആണ്), പ്രസവിച്ച തീയതികൾ, പ്രസവങ്ങൾ തമ്മിലുള്ള അകലം, ഓരോ ദിവസത്തെയും പാലിന്റെ അളവ് (മാസത്തിൽ കിട്ടിയ പാലിന്റെ അളവ്, മൊത്തം 305 ദിവസത്തെ ആകെ അളവ്) എന്നിവ രേഖപ്പെടുത്തണം. കൂടാതെ കന്നുകുട്ടികളുടെ ഭാരം, പശുക്കളുടെ ഭാരം, രോഗവിവരങ്ങൾ എന്നിവയും ചേർക്കണം.

പശുവിനെ തിരഞ്ഞെടുക്കുമ്പോൾ തള്ളപ്പശുവിന്റെ മാത്രമല്ല, അതിന്റെ മുൻ തലമുറയുടെയും പാലുത്‌പാദനം വിലയിരുത്തണം. കൂടാതെ ബീജസങ്കലനത്തിനായി ഉപയോഗിച്ച വിത്തുകാളയുടെ തള്ളപ്പശുവിന്റെയും അതിന്റെ മുൻ തലമുറയുടെയും പാലിന്റെ അളവിന്റെ സ്ഥിതി വിവരങ്ങൾ അറിയുന്നത് നന്നായിരിക്കും. മുൻ തലമുറക്കാരുടെ ഉത്‌പാദനക്ഷമത കൂടുതലാണെങ്കിൽ അതിന്റെ പിൻതലമുറക്കാരായ പശുക്കളുടെ പാലുത്‌പാദനവും കൂടിയിരിക്കും. അതിന് ഇതുപോലുള്ള രജിസ്റ്ററുകൾ ഉപകരിക്കും.

വിവരങ്ങൾക്ക്: 9947452708

Content Highlights: Planning to buy a dairy cow? Follow our expert guide to evaluate breed, health, and milk yield to ensure a profitable investment in 2026.