18 വർഷം കാത്തിരുന്നു, ഒട്ടേറെ IVF ശ്രമങ്ങൾ; ഒടുവിൽ AIയിലൂടെ ഗർഭധാരണം

പ്രതീകാത്മക ചിത്രം ഫോട്ടോ Canva
പ്രതീകാത്മക ചിത്രം ഫോട്ടോ Canva

18 വർഷമായി കുഞ്ഞിനുവേണ്ടി കാത്തിരുന്ന യുവതിക്ക് ഒടുവിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗത്തിലൂടെ ഗർഭം ധരിക്കാൻ സാധിച്ചു. പേരു വെളിപ്പെടുത്താത്ത ഈ ദമ്പതികൾ ലോകമെമ്പാടുമുള്ള നിരവധി ഐവിഎഫ് ചികിത്സകൾക്ക് വിധേയരായെങ്കിലും ഫലമുണ്ടായില്ല. പുരുഷ ബീജത്തിൽ അളക്കാവുന്ന ബീജകണങ്ങൾ ഇല്ലാത്ത അപൂർവ്വ അവസ്ഥയായ അസൂസ്പെർമിയ (azoospermia) ഇത് കാരണമാണ് IVF ശ്രമങ്ങൾ പരാജയപ്പെട്ടത്. 

സാധ്യമായ എല്ലാ വഴികളും തേടിയ ശേഷം, ഒരു പുതിയ സമീപനം പരീക്ഷിക്കാൻ ദമ്പതികൾ കൊളംബിയ യൂണിവേഴ്സിറ്റി ഫെർട്ടിലിറ്റി സെൻ്ററിനെ (CUFC) സമീപിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പുരുഷന്മാരിൽ മറഞ്ഞിരിക്കുന്ന ബീജങ്ങളെ കണ്ടെത്താൻ AI ഉപയോഗിക്കുന്ന STAR (Sperm Tracking and Recovery) രീതി ഉപയോഗിച്ചാണ് നിർണായക വഴിത്തിരിവ് ലഭിച്ചത്.

ഫെർട്ടിലിറ്റി സെൻ്ററിലെ ഗവേഷകർ AI പിന്തുണയുള്ള സംവിധാനം ഉപയോഗിച്ച് ബീജ സാമ്പിൾ പരിശോധിക്കുകയും മറഞ്ഞിരിക്കുന്ന ബീജങ്ങളെ കണ്ടെത്തുകയും ചെയ്തു. ബീജം കണ്ടെടുത്ത ശേഷം IVF വഴി സ്ത്രീയുടെ അണ്ഡവുമായി ബീജസങ്കലനം നടത്തി. STAR രീതി ഉപയോഗിച്ച് ഗർഭം ധരിക്കുന്ന ആദ്യ വനിതയായി അവർ മാറി.

STAR രീതി

CUFC ഡയറക്ടർ ഡോ. സെവ് വില്യംസും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും അഞ്ച് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് STAR രീതി വികസിപ്പിച്ചത്.  ബീജം കണ്ടെത്താനായി ഉയർന്ന വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ദ്ധർ രണ്ട് ദിവസം സാമ്പിൾ പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. അത് AI അടിസ്ഥാനമാക്കിയുള്ള STAR സിസ്റ്റത്തിലേക്ക് കൊണ്ടുവന്ന് ഒരു മണിക്കൂറിനുള്ളിൽ 44 ബീജങ്ങളെ കണ്ടെത്തി. ഗവേഷണ സംഘത്തെ നയിച്ച മിസ്റ്റർ വില്യംസ് പറഞ്ഞു.

ഒരു ബീജ സാമ്പിൾ മൈക്രോസ്കോപ്പിന് കീഴിലുള്ള പ്രത്യേകം രൂപകൽപ്പന ചെയ്ത ചിപ്പിൽ വെച്ച ശേഷം, STAR സിസ്റ്റം മുഴുവൻ സാമ്പിളും സ്കാൻ ചെയ്യാൻ ഉയർന്ന പവർ ഇമേജിംഗ് ഉപയോഗിക്കുകയും ഒരു മണിക്കൂറിനുള്ളിൽ എട്ട് ദശലക്ഷത്തിലധികം ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. ബീജകോശങ്ങളെ തിരിച്ചറിയാൻ പരിശീലനം ലഭിച്ച AI, തുടർന്ന് പ്രത്യുത്പാദന കോശങ്ങളെ കണ്ടെത്തുന്നതാണ് ഇതിന്റെ പ്രവർത്തനം.

Content Highlights: Infertile couple achieves pregnancy after 18 years using AI-powered sperm identification