അഴലിന്റെ ആഴങ്ങളിൽ അവർ മാത്രമാകുമ്പോൾ......

പ്രതീകാത്മക ചിത്രം | ഫോട്ടോ എഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ എഐ

സുഹൃത്തുക്കളും പ്രിയപ്പെട്ടവരും അടങ്ങുന്ന സോഷ്യൽ സർക്കിൾ ഇഷ്ടപ്പെടാത്തവരില്ല. സ്വന്തം കാര്യങ്ങൾ പങ്കുവെക്കാനും ട്രിപ്പ് പോകാനും അളിയാ വാ ചായ കുടിക്കാൻ പോകാം എന്ന് പറയാനും ഈ സർക്കിൾ വളരെ അത്യാവശ്യമാണ്. പക്ഷേ ഇന്നുള്ള ട്രെൻഡിൽ ഇത് പതിയെ പതിയെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ജോലിയും പഠിത്തവും എല്ലാമായി കൂട്ടുകാർ ഓരോ സ്ഥലത്ത് പറക്കുമ്പോഴും ഒറ്റപ്പെട്ട് പോകുന്ന ഒരു കൂട്ടം യുവജനങ്ങളുണ്ട്. ചിൽ ചെയ്ത് നടക്കേണ്ട പ്രായത്തിലെ ഈ ഒറ്റപ്പെടൽ മാനസികമായും ശാരീരികമായും അവരെ തളർത്തിയേക്കാം. 23 മുതൽ 28 വയസ് വരെയുള്ള യുവജനങ്ങൾക്കിടയിലാണിവ കൂടുതലായി കണ്ടുവരുന്നത്. 

നാട്ടിലെ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും കൂട്ടത്തോടെ ആഘോഷകരമായി പോയി കൊണ്ടിരുന്ന ഇടത്ത് നിന്ന ഒറ്റയ്ക്ക് പോയി വരേണ്ട അവസ്ഥയുണ്ടാകുന്നു. പഴയപോലെ ഒന്നു കൂടിയിട്ട് എത്ര നാളായെന്ന ചോദ്യം വാട്സാപ് ​ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു. അതുകൊണ്ട് തന്നെ മൈ​ഗ്രേഷൻ എന്നത് അത് ചെയ്യുന്ന ആളുകളെ പൂർണമായും മാറ്റുന്നതോടൊപ്പം തന്നെ അവരെ പ്രിയപ്പെട്ടവരായി കരുതുന്നവർക്കും മാറ്റങ്ങളുണ്ടാക്കിയേക്കാം. ​ഗൾഫിലോ യൂറോപ്പ് രാജ്യങ്ങളിലേക്കോ ജോലിയും പഠിത്തവുമായി പോകുന്ന യുവതലമുറ അവിടെ തന്നെ നല്ലൊരു തരത്തിൽ സെറ്റിലാവുന്ന ഒരു കൾച്ചർ കണ്ടുവരുന്നു. പക്ഷേ പലരും അവിടെ അഡ്ജസ്റ്റ് ചെയ്യുന്നതായും കാണാം.  

അവരുടെയും അവരെ ചുറ്റിപ്പറ്റിയുള്ളവരുടെയും വ്യക്തിജീവിതത്തെ തന്നെ ഇതെല്ലാം ബാധിക്കാം. പഴയ കൂട്ടുകാരുമായി ബന്ധം നിലനിർത്താനാകാതെ ഒരു കൂട്ടർ കഷ്ടപ്പെടുമ്പോൾ പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായി മറ്റ് ചിലർ പാടുപെടുന്നു. ഉത്തരവാദിത്വങ്ങൾ അവസാനിപ്പിച്ച് നാട്ടിൽ തിരിച്ച് വരുമ്പോഴാകട്ടെ പഴയ സുഹൃദ് ബന്ധങ്ങളെല്ലാം നഷ്ടമായേക്കാം. അതിന് പ്രധാന കാരണം പണ്ട് ഉള്ള സുഹൃദ്​വലയവുമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് തന്നെയാകും. 

ഇത് വെറും ഒറ്റപ്പെടലിന്റെ കാര്യം മാത്രമല്ല. തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ അഭിനയിക്കാൻ ഒരുങ്ങുന്ന ഒരു കൂട്ടം ആളുകളുടെ പ്രശ്നങ്ങളുടെ കൂമ്പാരം കൂടെയാണ്. ഇതിനെ പലരും പക്വത എന്ന വാക്കിൽ തളച്ചിട്ട് മനസിൽ വിങ്ങൽ കൊണ്ട് നടക്കാറുണ്ട്. സ്വന്തം സുഹൃത്തുക്കൾ ജീവിതം ആസ്വദിക്കുമ്പോൾ ഒന്നിനും സാധിക്കാതെ കഷ്ടപ്പെടുന്ന യുവത്വം കൂടിവരുന്നു. 

ഒരു സോഷ്യൽ​ ​ഗ്യാപ് എന്ന സംവിധാനത്തിലേക്ക് ഈ അവസ്ഥ വഴിവെക്കുന്നു. ഇതിൽ ഏകാന്തത വരുന്നില്ലെങ്കിലും ഡിസ്കണക്ഷൻ എന്നൊരു പ്രതിഭാസം ഉണ്ടാകുന്നു. ഒരു കാലത്ത് എല്ലാമായിരുന്ന ഒരു കൂട്ട്കെട്ട് ഒന്നുമല്ലാതെ പ്രാധാന്യമല്ലാത്തതാകുന്ന അവസ്ഥ ഓർത്ത് നോക്കാം. പ്രിയപ്പെട്ടവർക്ക് നാം പ്രിയപ്പെട്ടവരല്ലാതയാകുന്നത് ഭീകരമാണ്. ഇവിടെ വ്യക്തിത്വം നഷ്ടപ്പെടുന്ന തരത്തിലേക്കുള്ള ചിന്തകളും മാനസിക ബുദ്ധിമുട്ടുകളും ഉടലെടുക്കുന്നു. 

പ്രധാനമായും ഇത്തരത്തിൽ വിള്ളൽ വരുന്ന കാര്യങ്ങൾ പറയുമ്പോൾ ചെറുതാണെങ്കിലും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. 

* കുറേ നാൾ കാണാതെയിരിക്കുന്നുത്. 

മുഖാമുഖം ആശയവിനിമയം നടത്താതെയിരിക്കുന്നത് പലപ്പോഴും ബന്ധങ്ങളെ ബാധിക്കും. അപ്പോൾ ഒരു ചോദ്യമുയരും ലോങ് ഡിസ്റ്റൻസ്  റിലേഷൻഷിപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന്. അതിന് സിമ്പിൾ ഉത്തരം, അവിടെ കാത്തിരിപ്പ് എന്നാരു സംഭവം ഉള്ളത് കൊണ്ടാണ്. അപ്പോൾ സുഹൃദ് ബന്ധങ്ങളിൽ അത് ഇല്ലയെന്ന് ചോദിച്ചാലുള്ള മറുപടി ആവശ്യത്തിന് ഉപകരിക്കുന്നവനാണ് യഥാർത്ഥ സുഹ‍ൃത്തെന്ന പരസ്യവാചകം തന്നെയാണ്. സുഹൃത്ത് അടുത്തില്ലാതെയുള്ള ഒറ്റപ്പടൽ പലപ്പോഴും ഒരു ഉറച്ച ബന്ധത്തിൽ നിന്നും വ്യതിചലിക്കപ്പെടാവുന്ന സാഹചര്യം ഉളവാക്കുന്നു. അങ്ങനെ സൗഹൃദം നിലനിർത്താൻ ആ​ഗ്രഹിക്കുമ്പോൾ രണ്ട് രാജ്യങ്ങളിലെയും ടൈം സോണുകളിൽ‌ മാറ്റങ്ങൾ ഒരു കോൾ ചെയ്യാനുള്ള സാഹചര്യം പോലും കിട്ടാതെ വരുന്നു. 

*‌‌‌ മാറുന്ന മുൻ​ഗണനകളും ജീവിതശൈലിയും

പുതിയ മാറ്റം ആരാണ് ആഘോഷിക്കാൻ ആ​ഗ്രഹിക്കാത്തത്. അത്തരത്തിൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് നാട്ടിലെ സുഹൃത്തുക്കളെ മറക്കുന്നത് കണ്ടുവരാറുണ്ട്. പുതു സുഹൃദ്​വലയവും ഇവർക്കുണ്ടാകാം. സാംസ്കാരികപരമായ മാറ്റവും ഇതിന് ആക്കംകൂട്ടുന്നു. ഇതൊന്നുമല്ലാതെ പഠനത്തിന്റെയും ജോലിയുടെയും സ്ട്രെസുമെല്ലാം പഴയ ബന്ധങ്ങൾ പുതുക്കാൻ സമയം അനുവദിച്ചെന്ന് വരില്ല. ഇതിനോടൊപ്പം തന്നെ ഒന്നിനും സമയം തികയാതെ വരുന്നതും ഒരു പ്രശ്നമാണ്. 

* വൈകാരിക കാരണങ്ങൾ

പുതിയ നാട്ടിലേക്ക് റ്റാറ്റ പറഞ്ഞ് പോകുന്ന സുഹൃത്തുക്കൾ ഒരിക്കലും പഴയപോലെ ആവില്ലെന്ന ചിന്ത മറക്കപ്പെടുന്നതിന്റെയും പ്രാധാന്യമില്ലാതെ പോകുന്നതിന്റെയും ചിന്ത യുവഹൃദയങ്ങളിൽ താനേ കുത്തിവെക്കപ്പെടുന്നു. നാട്ടിലെ പ്രധാന കളി​ഗ്രൗണ്ടുകൾ സുഹൃത്തുക്കളിലാതെ സന്ദർശിക്കുന്ന അവസ്ഥ വളരെ വേദാനാജനകവും മാനസിക പിരിമുറുക്കങ്ങളുമുണ്ടാം. ഇത് പെട്ടെന്നുണ്ടാകുന്ന ഒരു സംഭവം അല്ല പതിയേ പതിയേ ആണ് ജീവിതത്തെ ബാധിച്ച് തുടങ്ങുക. 

വൈകാരിക പക്വത നേടണം

''പൊതുവില്‍ യുവാക്കളെയാണ് ഈ അവസ്ഥ കൂടുതലായി ബാധിക്കുന്നത്. ഒരു പ്രത്യേക പ്രായപരിധിയിലിവ കൂടുതലായി കണ്ടുവരുന്നു. പുറംരാജ്യങ്ങളില്‍ പഠിക്കാനും ജോലിക്കുമായി മൈഗ്രേറ്റ് രീതി ഇപ്പോള്‍ പൊതുവെ കൂടുതലാണ്. ഇതോടെ ഇത് മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വ്യക്തികളുടെ എണ്ണവും കൂടി. യുവതികള്‍ക്ക് ഒരു ലോങ് ഡിസ്റ്റന്‍സ് ഫ്രണ്ട്ഷിപ്പ് കാത്തുസൂക്ഷിക്കാനുള്ള മാനസിക പക്വത താരതമ്യേനെ കൂടുതലാണ്. പക്ഷേ, യുവാക്കളുടെ കാര്യത്തില്‍ കൂടുതലും അങ്ങനെയല്ല. അവര്‍ക്ക് സുഹൃത്തുക്കള്‍ നേരിട്ട് തന്നെ വേണം. എന്നാലെ അവര്‍ക്ക് സുഹൃദ് ബന്ധങ്ങളില്‍ കൂടുതല്‍ സംതൃപ്തി ലഭിക്കൂ. തങ്ങള്‍ അപൂര്‍ണരാണെന്ന ചിന്ത അവരില്‍ ഉടലെടുക്കുന്നു. ഇവര്‍ തമ്മിലുള്ള വൈകാരികബന്ധവും കണക്ഷനും അനുസരിച്ചാണ് നാട്ടില്‍ നില്‍ക്കുന്ന വ്യക്തിക്ക് മാനസിക സംഘര്‍ഷവും സമ്മര്‍ദവും ആരോഗ്യപരമായ മറ്റ് വിഷയങ്ങളും ഉണ്ടാവുക. ചെറുപ്പം മുതലേ അടുപ്പമുള്ള ഒരു വ്യക്തിയെ പറിച്ചെടുക്കുന്ന ഒരു തരം അനുഭവമാണ് ഉണ്ടാവുക. ഇതിലൂടെ ഒറ്റപ്പെടല്‍ ഉണ്ടാകുന്നു. ആ വ്യക്തിയെ മാനസികമായി ആശ്രയിച്ച് ജീവിക്കുന്ന വ്യക്തിയായതിനാല്‍ വലിയ മാനസിക സംഘര്‍ഷങ്ങളുണ്ടാകുന്നു. ദേഷ്യം നിയന്ത്രിക്കാനാവാത്ത അവസ്ഥ, പിരിമുറുക്കം എന്തിനേറെ വിഷാദത്തില്‍ വരെ എത്താം കാര്യങ്ങള്‍. ഇതിനായി വൈകാരിക പക്വത വേണം. ചെറിയ പ്രായത്തില്‍ തന്നെ ഇത്തരം സുഹൃദ് വലയത്തില്‍ നിന്നുള്ള വിട്ടുനില്‍ക്കുമ്പോള്‍ ഈ പക്വത കൈവരിച്ചു എന്ന് വരില്ല. അതുകൊണ്ട് തന്നെ പ്രായം വലിയൊരു ഘടകമാണ്''.

ഹന യു.എം
(കണ്‍സള്‍റ്റന്റ് സൈക്കോളജിസ്റ്റ് എംഎഎംഒ കോളേജ് കോഴിക്കോട്)

എത്ര ദൂരെയായലും പ്രിയപ്പെട്ടവർ എന്നും അങ്ങനെ തന്നെയായിരിക്കു. എന്നിരുന്നാലും പലപ്പോഴും അവരുടെ ഓർമകൾ വിങ്ങലായി നിലനിൽക്കുന്നു. പണ്ട് കെട്ടിപ്പിടിച്ച് സൗഹൃദം പുലർത്തിയിരുന്നപ്പോൾ അറിഞ്ഞ് കാണില്ല പലപ്പോഴും ഇൻസ്റ്റ​ഗ്രാമിലെ റീൽ ഷെയറിങ്ങിൽ മാത്രം ഒതുങ്ങി പോകുമെന്ന്....
 

Content Highlights: problems faced by youth because of migration of their friends to another country