ചങ്ങാതി നന്നായാൽ കണ്ണാടി മാത്രമല്ല, ചങ്കും വേറെ വേണ്ട!

പ്രതീകാത്മക ചിത്രം | ഫോട്ടോ Canva
പ്രതീകാത്മക ചിത്രം | ഫോട്ടോ Canva

നിങ്ങളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണ് എന്ന് പറയൂ, നിങ്ങള്‍ ആരാണെന്ന് പറയാം എന്ന ചൊല്ല് കേട്ടിട്ടുണ്ടോ? ചർച്ച ചെയ്യേണ്ട ഒരു വിഷയമാണത്. ഒരു വിധത്തില്‍ നമ്മുടെ സുഹൃത്തുക്കള്‍ നമ്മുടെ തന്നെ ഒരു റിഫ്‌ളക്ഷനാണെന്ന് പറയാം. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണല്ലോ. നമ്മളെ വാർത്തെടുക്കുന്നതിൽ സുഹൃത്തുക്കൾക്കുള്ള പങ്ക് ചെറുതല്ല. സൗഹൃദം പലവിധമുണ്ട്. 

1. സോഷ്യല്‍ ബട്ടര്‍ഫ്‌ളൈ

ഏതെങ്കിലും പുതിയ സ്ഥലത്ത് എത്തുമ്പോള്‍, അത് സ്‌കൂളാകാം അയല്‍പ്പക്കമാകാം, അവിടെ ഒരു പുതിയ സുഹൃത്തുണ്ടാകും. അവര്‍ നിങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിന് പുറമെ അവര്‍ക്ക് പരിചയമുള്ളവരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരികയും ചെയ്യും. അവര്‍ക്ക് ആളുകളെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ ഇഷ്ടമാണ്. നമ്മള്‍ ഡൗണാകുമ്പോള്‍ കൂടെനിൽക്കും. എല്ലാരുമായി ഗെറ്റ് ടുഗെതര്‍ പോലുള്ളവ സംഘടിപ്പിക്കാന്‍ അവര്‍ എന്നും മുന്നിട്ടായിരിക്കും. എന്തിനേറെ അവിടെ ഓരോ ആളുകള്‍ പോലും സന്തോഷത്തോടെ ഇരിക്കുന്നുവോയെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. 

2. ഭയമില്ലാത്ത സാഹസികന്‍

പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഞാനൊരു സാഹസത്തിന് പോകുന്നുവെന്ന് പറഞ്ഞ് ബാഗും തൂക്കി പോകുന്ന ഒരു സുഹൃത്ത് ഉണ്ടാകും. വളരെ കൗതുകപരമായ സ്വഭാവം ആയിരിക്കും ഇത്തരകാകരുടേത്. രണ്ടില്‍ കൂടുതല്‍ പ്രാവശ്യം കാണാതെ സംസാരിക്കാതെ ഇവരുമായി കൂട്ട് കൂടുന്നത് വളരെ കുറവാണ്. ഇവര്‍ ജീവിതത്തില്‍ ഉടനീളം കാണാതെ വന്നും പോയും നില്‍ക്കുന്ന ഇവര്‍ പക്ഷേ ചുറ്റുമുള്ള സമയം വളരെ കൗതുകപരമായിരിക്കും. ബോള്‍ഡ്, വൈല്‍ഡ്, വൈബ്രന്റ്, രസിക സ്വഭാവമുള്ളവരായിരിക്കുമിവര്‍. ഒരു പാര്‍ട്ടി നടത്തുകയാണെങ്കില്‍ പോലും അവര്‍ തന്നെയായിരിക്കും അവിടെ ഹൈലൈറ്റ്. കൂടാതെ ജീവിതം കൂടുതല്‍ കൗതുകകരമാക്കാന്‍ ഇവര്‍ സഹായിക്കുന്നു. കൂടാതെ അവരോടൊപ്പം ഉള്ള സാഹസിക യാത്രയ്ക്ക് നിങ്ങളെയും ഒപ്പം കൂട്ടാം. എന്തായാലും ഓര്‍മ്മയില്‍ ചേര്‍ത്ത് വെക്കാന്‍ നല്ല ഒരുപിടി നിമിഷങ്ങള്‍ ഇവര്‍ നല്‍കും. പക്ഷേ ഇവരുടെ ഒരു സ്വഭാവം വെച്ച് ടച്ചില്‍ ഇരിക്കണമെന്ന് യാതൊരു നിര്‍ബന്ധമില്ല. പക്ഷേ അവരോടുള്ള ഓരോ നിമിഷവും ഓരോ കഥയ്ക്കും വഴിവെക്കുന്നു. 

3. രഹസ്യ സൂക്ഷിപ്പുകാര്‍

ഈ തരത്തിലുള്ള സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും വേണമെന്ന് ആഗ്രഹിച്ച് പോകും. എല്ലാ തരത്തിലുള്ള രഹസ്യവും ഇവരോട് പങ്കുവെക്കുന്നു. ഈ കൂട്ടര്‍ വളരെ വിശ്വസിക്കാനാകുന്നവരും അലിവുള്ളവരുമാണ്. കേള്‍ക്കാന്‍ ഒരു കാതും ചായാൻ ഒരു ചുമലും ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം വ്യക്തികള്‍ മുതല്‍കൂട്ടാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ സത്യസന്ധമായി കൂടെ നില്‍ക്കുന്നതിനോടൊപ്പം ജീവിതത്തിന് വേണ്ട മികച്ച ഉപദേശങ്ങളും നല്‍കുന്നു. നിങ്ങളുടെ അവസ്ഥയ്ക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ ഇവര്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ രഹസ്യങ്ങള്‍ എതിരെ ഉപയോഗിക്കില്ലെന്ന് മാത്രമല്ല മുന്‍ധാരണകളും ഇവര്‍ക്ക് ഉണ്ടാകില്ല. അവരോട് സംസാരിക്കുന്നത് വളരെ കംഫേര്‍ട്ട് ഉറപ്പാക്കുന്നു. 

4. അമ്മയുടെ കരുതലുള്ളവര്‍

എല്ലാവരുടെയും ആവശ്യം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്താണ് ഇത്തരത്തിലുള്ളവര്‍. ഒന്നും പ്രതീക്ഷിക്കാതെ എല്ലാം അവര്‍ ചെയ്യുന്നതാണ്. വളരെ കെയറിങ്ങും അതിനോടൊപ്പം തന്നെ സ്വാര്‍ത്ഥതയില്ലാത്തവര്‍ ആയിരിക്കും ഇത്തരക്കാര്‍. സഹായവും സപ്പോര്‍ട്ടും നല്‍കുന്ന ഒരു അമ്മ അതുപോലെയാണ് ഇത്തരക്കാര്‍. എന്തെങ്കിലും പ്രശ്‌നം വരികയാണെങ്കില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഇവരായിരിക്കും മുന്നില്‍ നില്‍ക്കുക. അതുവഴി സമാധാനം നിലനിര്‍ത്തുകയും ചെയ്യുന്നു. 

5. കൂട്ടാകുന്ന സഹോദര്യം

മുതിര്‍ന്ന ഒരു സഹോദരനില്ലാതെ വിഷമിച്ചിട്ടുണ്ടോ അത്തരത്തില്‍ വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ അതുപോലെ ഒരാളെ കൂട്ടുകാരില്‍ നിന്ന് കണ്ടെത്താം. അവസരങ്ങളുടെ വലിയ വാതിലില്‍ എങ്ങനെ പ്രവേശിക്കണമെന്ന് ഇവര്‍ പറഞ്ഞ് തരും. പോകുന്ന വഴിയില്‍ ഇവര്‍ കൂട്ടായിരിക്കും. നിങ്ങളെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇവര്‍ മുന്നിലുണ്ടാകും. 

6. വിശ്വാസത്തിന്റെ മറുപേരായ സുഹൃത്തുക്കള്‍

ഒരു അപകടഘട്ടം വരുമ്പോള്‍ ഇവര്‍ ഓടിയെത്തും. അത് ഏത് സാഹചര്യം തന്നെയാകട്ടെ അവര്‍ സന്നിഹിതരായിരിക്കും. എല്ലാ അവസ്ഥയിലും കൂടെ കാണുകയും ചെയ്യുന്നു. കുടുംബത്തെക്കാള്‍ ഇവര്‍ പ്രിയപ്പെട്ടവരായി തീരുക പോലും ചെയ്യാറുണ്ട്. നിങ്ങള്‍ക്ക് നല്ല കാര്യം വരുമ്പോൾ ആദ്യം ഓടിയെത്തുക അവരായിരിക്കും. നിങ്ങളുടെ സന്തോഷങ്ങളില്‍ സന്തോഷിക്കുന്നവര്‍ വേറെയുണ്ടാവില്ല. അവരുമായി ചെലവിടുന്ന ഓരോ നിമിഷവും പ്രിയപ്പെട്ടതായിരിക്കും.

Content Highlights: different types of friends