'ജീവിതം നഷ്ടപ്പെടുത്താത്ത ജോലി കണ്ടെത്തും'; പുതുലമുറ മാറ്റിയെഴുതുന്ന തൊഴിൽസംസ്‌കാരം

ജോലി കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു. ഒരു കമ്പനിയിൽ കയറിയാൽ വർഷങ്ങളോളം സോ കോൾഡ് ലോയലിറ്റി ആളുകൾ കണക്കാക്കിയിരുന്നു. 'സ്ഥിരജോലി' എന്ന വാക്കിന് സുരക്ഷയും സാമൂഹിക ബഹുമാനവും കുടുംബത്തിന്റെ അഭിമാനവും ഒക്കെയായിരുന്നു അർത്ഥം. പക്ഷേ, യുവതലമുറ ആ പഴയ സമവാക്യം മുഴുവൻ മാറ്റിക്കൊണ്ടിരിക്കുകയാണ്.
പുതിയ ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ ഒരു കമ്പനിയിൽ ജോയിൻ ചെയ്യുന്നു, ടെയിനിങ്ങിൽ പങ്കെടുക്കുന്നു, ആറുമാസം കഴിഞ്ഞാൽ റിസൈൻ ചെയ്യുന്നു- ഇപ്പോൾ പല കമ്പനികളിലും സാധാരണമായി കണ്ടുവരുന്ന ട്രെൻഡിതാണ്. ഒരു ജോലി കിട്ടിയ ഉടനെ മറ്റൊന്നിനായി ശ്രമിക്കുന്ന യുവ ജനങ്ങളുടെ എണ്ണം വർധിച്ച് വരുന്നു. ചിലർ ഒരു വർഷത്തിനുള്ളിൽ തന്നെ മൂന്നോ നാലോ ജോലികളിൽ പ്രവേശിക്കുന്നു. ജോലിയുടെ പ്രൊഫൈലിൽ എക്‌സ്പീരിയൻസ് കോളം ഇതിലൂടെ നീണ്ട് വരുന്നു.
ഇന്നത്തെ തലമുറ ക്ഷമയില്ലാത്തവരാണ് എന്നതല്ല ഇതിനർത്ഥം. മറിച്ച് തൊഴിലിടങ്ങളിലുണ്ടാകുന്ന അഭിപ്രായ ചേർച്ചകളുടെ അഭാവവും മറ്റ് പ്രശ്‌നങ്ങളുമാവാം. തൊഴിലെന്നത് പലപ്പോഴും ഉപജീവന മാർഗം എന്നതിനു പുറമേ പാഷനും സ്വപ്നവും എല്ലാമാണ്. പക്ഷേ, അത് അങ്ങനെ അല്ലാതായി തീരുന്ന നിമിഷം മറ്റിടങ്ങളിലേക്ക് ചേക്കേറാൻ അവർ നിർബന്ധിതരാകുന്നു.
യുവാക്കളുടെ ആശയങ്ങളോടുള്ള നിഷേധ മനോഭാവമാണ് ഇവിടെ മനസിലാക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്ന്. പ്രായത്തിൽ മുതിർന്നവരെ ബഹുമാനിക്കുന്നത് അവർക്ക് കമ്പനിയിലുള്ള പൊസിഷൻ അടിസ്ഥാനമാക്കിക്കൊണ്ടാണ്. നിർഭാഗ്യവശാൽ പലയിടങ്ങളിലും എല്ലാ തരത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന യുവാക്കൾ തലപ്പത്തിരിക്കുന്ന വ്യക്തികളുടെ ഈഗോയുടെ ഇരയായി തീരുമ്പോഴാണ് പലപ്പോഴും തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്നത്. പുതു തലമുറയുടെ പുതിയ ആശയങ്ങളെ കൈനീട്ടി സ്വീകരിക്കുന്നതോടു കൂടി തങ്ങൾ പിന്നോക്കം പോകേണ്ടി വരുമെന്ന ചിന്ത പല മുതിർന്ന ജോലിക്കാരും വെല്ലുവിളിയായി കണക്കാക്കുന്നു. അത്തരത്തിൽ നിരാകരിക്കപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ പലപ്പോഴും വിട്ടുനിൽക്കുന്നതിന് യുവാക്കൾ ബാധ്യസ്ഥരാകുന്നു. എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും പ്രായവ്യത്യാസം പേഴ്‌സണൽ-പ്രൊഫഷണൽ ലൈഫിനെ സാരമായി ബാധിക്കുമെന്നത് വസ്തുതയാണ്.
നിങ്ങളുടെ പ്രായത്തിൽ ആയിരിക്കെ ഞങ്ങൾ പലതും അനുഭവിച്ചതാണെന്നും എല്ലാം സഹിച്ചാണ് മുന്നോട്ട് വന്നതെന്നുമുള്ള ക്ലീഷേ പറച്ചിലുകൾ മുതിർന്നവർ പറയുന്നത് വളരെ നോർമലാണ്. 20 വർഷത്തിന് മുന്നേ മനുഷ്യർ ചിന്തിച്ച രീതിയിൽ തന്നെ മുന്നോട്ട് പോയിരുന്നെങ്കിൽ പല കണ്ടുപിടിത്തങ്ങളും തിയറിയിൽ മാത്രം ഒതുങ്ങേണ്ടതായിരുന്നു എന്നത് അവർ മനസിലാക്കാത്ത മറ്റൊരു സത്യമാണ്. ചിന്താഗതികളിൽ ഉണ്ടാകുന്ന മാറ്റങ്ങളും വലിയൊരു ഘടകമാണ്. പലർക്കും അഭിമാനക്ഷതം എന്നത് ഗൗരവമുള്ള കാര്യമല്ലെങ്കിലും മറ്റ് ചിലർക്ക് അത് ജീവിതത്തിന്റെ ഗതി മാറ്റുന്ന ഒന്നാണ്. അത്തരത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങൾ നേരിടേണ്ടതായി വരുമ്പോൾ സ്വാഭാവികമായും ‘അക്കരെ പച്ച’ ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതായി വരുന്നു.
പല കാലങ്ങളായി നിലനിന്ന് വരുന്ന ലിംഗാസമത്വത്തെക്കുറിച്ച് ഇന്നും ആളുകൾ പ്രാധാന്യത്തോടെ സംസാരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അക്കാര്യത്തിൽ വലിയ മാറ്റങ്ങൾ വന്നില്ല എന്നുതന്നെയാണ്. എല്ലായിടങ്ങളിലും ഇങ്ങനെയല്ല, പല സ്ത്രീകളും തലപ്പത്ത് ഇരുന്ന് ജോലി ചെയ്യുന്ന കമ്പനികൾ ഇന്ന് വിരളമല്ല. എന്നിരുന്നാലും ചിലയിടങ്ങളിലെങ്കിലും ഒരേ പൊസിഷനിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന യുവതീയുവാക്കൾക്കിടയിൽ കാലക്രമേണേ അസമത്വം ഉണ്ടാകുന്നു. ഒരേ ജോലി ചെയ്ത യുവാവിന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ട്, കഴിവ് പ്രകടിപ്പിച്ചിട്ടും ചില സ്ത്രീകൾക്ക് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരാറുണ്ട്. ഇതിന് അറുതി വരുത്തിക്കൊണ്ട് ഇന്ന് പല സ്ത്രീകളും അത്തരം സാഹചര്യങ്ങളിൽനിന്ന് പുറത്ത് വന്നുകൊണ്ട് പുതിയ ഇടങ്ങളിലേക്ക് ജോലി മാറാനുള്ള ധൈര്യം കാണിക്കുന്നു. നിർഭാഗ്യവശാൽ പല മിഡിൽ ക്ലാസ് സ്ത്രീകൾക്കും ജോലി എന്നത് ജീവിതത്തിലെ പ്രധാനഘടകമായി നിലനിൽക്കുന്നുവെന്നതിനാൽ പുറത്ത് വരിക എന്നത് വലിയ ടാസ്‌ക് ആയി മാറുന്നു.
ഒന്നോർക്കണം. ജീവിക്കാൻ ജോലി വേണം. പക്ഷേ, ജോലിക്ക് വേണ്ടി മാത്രമായി ജീവിക്കുക എന്നത് മാനസിക പിരിമുറുക്കമുണ്ടാക്കുന്ന അവസ്ഥയാണ്. ഇന്നത്തെ യുവാക്കളുടെ ചിന്തയിൽ വലിയ തോതിൽ മാറ്റങ്ങൾ വരുന്നുണ്ട്. മുൻ തലമുറകൾക്ക് ജോലി ജീവിതത്തിന്റെ മുഖ്യകേന്ദ്രമായിരുന്നെങ്കിൽ, പുതു തലമുറക്കത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. മാനസിക സമ്മർദങ്ങളാൽ ദുരിതം അനുഭവിച്ചുകൊണ്ട് മാസംതോറും വരുന്ന ശമ്പളത്തെ ആശ്രയിക്കുന്നതിന് പകരം വർക്ക്-ലൈഫ് ബാലൻസിങ് സംസ്‌കാരത്തിന് മുൻഗണന നൽകണം. ചെറിയ വിജയങ്ങൾക്ക് പോലും അംഗീകാരം കിട്ടാതാകുമ്പോൾ ടോക്‌സിക് വർക്കിങ് കൾച്ചറിൽ നിന്നുള്ള ഷിഫ്റ്റിലേക്ക് നയിക്കുന്നു. കമ്പനിയുടെ വളർച്ചയോടൊപ്പം സ്വയം വളരാനും മീ ടൈം ആസ്വദിക്കാനും സൗകര്യമൊരുക്കുന്ന കമ്പനികൾ ഉറപ്പായും യുവാക്കൾക്ക് ആകർഷണം തന്നെയാണ്. ഒരിക്കലും പ്രായം കൂടിയവർ ജോലിയിൽ പിറകിലാണെന്നോ ആശയപരമായി പിന്നോട്ട് ആണെന്നോ ചിന്തിക്കുന്നതിനു പകരം കമ്പനിയുടെ വളർച്ചക്കായി യുവജനങ്ങളുടെ പ്രൊപേഷണിൽ ശ്രദ്ധിക്കേണ്ടത് വലിയ കാര്യമാണ്. ഇതൊന്നും ഇല്ലാത്തയിടത്ത് തുടരാൻ ഇന്നത്തെ തലമുറയിലെ പലർക്കും സാധിക്കുന്നില്ല എന്നത് അവരുടെ തെറ്റല്ല. മാറ്റങ്ങൾ അനിവാര്യമാണ്.
'സഹിച്ചോളൂ', എന്ന പഴയ തലമുറയുടെ ഉപദേശം ഇന്നത്തെ യുവാക്കൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. ഇവിടെ ധിക്കാരികൾ എന്ന ലേബലിൽ പുതു തലമുറയെ മുദ്ര കുത്തുന്നു. ബേണൗട്ട് എന്ന വാക്ക് പലപ്പോഴും ഇൻസ്റ്റഗ്രാം റീലുകളിൽ ഉയർന്ന് വരുന്ന ഒരു പറ്റം യുവാക്കളുടെ രോദനമായി മാറുന്നു. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ 25 വയസിൽ തന്നെ ക്ഷീണിച്ച് പോകുന്ന തലമുറ. ഇത് മാനസികമായുള്ള ക്ഷീണമാണ്. കേരളത്തിൽനിന്ന് നഗരങ്ങളിലേക്ക് പോകുന്ന നിരവധി യുവാക്കളുടെ ജീവിതം പുറത്തുനിന്ന് ഗ്ലാമറസായി ആയി തോന്നാം. എന്നാൽ, പല കമ്പനികളിലെയും ടാർഗെറ്റ്, നൈറ്റ് ഷിഫ്റ്റ്, ഡെഡ്‌ലൈൻ, അധിക പേമെന്റില്ലാത്ത ഓവർ ടൈം എന്നതൊക്കെ പുതു തലമുറയിൽ ബേണൗട്ടിന് വഴിവെക്കുന്നു. തിങ്കളാഴ്ച എന്ന് കേൾക്കുമ്പോഴുണ്ടാകുന്ന സ്‌കൂൾ ടൈം അനുഭവം പലർക്കും ഇന്നും സംഭവിക്കുന്നുണ്ട്. പൈസ വേണമെങ്കിൽ ജോലി വേണം, ജോലി വേണമെങ്കിൽ ത്യാഗം ചെയ്യണം എന്ന ഡയലോഗുകൾക്ക് ഇന്ന് വില കൽപിക്കാത്ത ഒരു പറ്റം യുവാക്കൾ മുന്നോട്ട് വരുന്നു. അതിനാൽ പലരും ശമ്പളത്തേക്കാൾ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാൻ തുടങ്ങി. സ്വപ്നം കണ്ട ജോലിയെന്ന മിഥ്യാഭ്രമം തകർന്നു വരുന്നതായി കാണാം.
സോഷ്യൽ മീഡിയ ഇത്തരം കാര്യങ്ങളിൽ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. കരിയർ സക്‌സസ് സ്റ്റോറിസ് എന്ന ഹാഷ് ടാഗിൽ വരുന്ന യഥാർത്ഥ കാര്യങ്ങൾ പലരെയും സ്വാധീനിക്കുന്നു. ഇത്തരം നരേറ്റീവുകൾ യുവാക്കളുടെ പ്രതീക്ഷകളെ തന്നെ മാറ്റിമറിച്ചു. ഒരു ജോലി മെന്റലി ഡ്രെയിൻ ചെയ്ത് തുടങ്ങുമ്പോൾ ഞാനിതിൽ നിന്നൊക്കെ നല്ലത് അർഹിക്കുന്നുണ്ടെന്ന ചിന്ത വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു.
മുമ്പെല്ലാം ''എത്ര ശമ്പളം?'' എന്നതായിരുന്നു പ്രധാന ചോദ്യം. ഇന്നാകട്ടെ എത്ര ലീവുണ്ട്, വർക്ക് ഫ്രം ഹോമുണ്ടോ, ടോക്‌സിക്ക് അന്തരീക്ഷമാണോ, എന്തെങ്കിലും വളർച്ചയുണ്ടോ എന്നിങ്ങനെ ചോദ്യങ്ങളുടെ എണ്ണം നീണ്ടു പോകുന്നു. ഒരു കമ്പനിയിൽ 10 വർഷം തുടരുന്നത് മുൻപ് ലോയാലിറ്റി ആയിരുന്നെങ്കിൽ, ഇപ്പോൾ ചില മേഖലകളിൽ അതിനെ 'സ്ലോ ഗ്രോത്ത്' ആയാണ് കണക്കാക്കുന്നത്. ജോലിയിലെ മാറ്റം സാലറിയിൽ മാറ്റം വരുത്തുമെന്ന് മാത്രമല്ല പുതിയ പൊസിഷനിലും പുതിയ എക്‌സ്‌പോഷറുമെല്ലാം വാഗ്ദാനം ചെയ്യുമെന്നത് തീർച്ച. ഇത്തരം അവസരങ്ങളിൽ സ്ഥാപനം ജീവനക്കാരോട് ലോയാലിറ്റിയെ പറ്റി ആരായുമ്പോൾ യുവജനങ്ങൾ, തിരിച്ച് ആ ലോയാലിറ്റിയുണ്ടോയെന്ന് വിലയിരുത്താൻ ആവശ്യപ്പെടുന്നതായി കാണാം.
ജോലിയിലെ വളർച്ചയിലും മാനസികാരോഗ്യത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തുക എന്നത് ഇന്നത്തെ യുവാക്കളുടെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. മടിയൻമാർ എന്ന് പറയുന്നിടത്ത് നിന്ന് വ്യത്യസ്തരാണെന്ന ടാഗിലാണ് ഇന്നും പല യുവജനങ്ങളും നിലനൽക്കുന്നത്. ഇവർ ചോദിക്കുന്ന ഓരോ ചോദ്യവും ന്യായമാണ്. ഒരു ജോലിയിൽ ജീവിതകാലം മുഴുവൻ പിടിച്ചുനിൽക്കുക എന്ന സ്വപ്നത്തിൽ നിന്ന്, ''ജീവിതം നഷ്ടപ്പെടുത്താത്ത ജോലി കണ്ടെത്തുക'' എന്ന ചിന്തയിലേക്കാണ് ഇന്നത്തെ യുവാക്കൾ മാറുന്നത്. എന്നാൽ, അസ്ഥിരതയിലും സ്വാതന്ത്ര്യത്തിനായുള്ള തിരച്ചിലിൽ വ്യാപൃതാരാകാനുള്ള ഉറച്ച മനസ്സ് ഇന്ന് എത്ര പേർക്കുണ്ടെന്നത് മറ്റൊരു ചോദ്യമാണ്.
ശരിയായ ജോലി അന്തരീക്ഷം, മാനസിക ആരോഗ്യം, മാനുഷിക പരിഗണന എന്നിവയെല്ലാം ജോലി ചെയ്യുന്നവരുടെ പ്രാഥമിക ആവശ്യങ്ങളിൽ ഉൾപ്പെടുന്നതാണ്. തൊഴിലിടങ്ങളിലെ ലിംഗസമത്വവും അംഗീകരിക്കപ്പെടണം. ഇക്കാര്യങ്ങളടക്കം പരിഗണിക്കുന്ന മുറയ്ക്ക് ഒട്ടു വൈകാതെതന്നെ ജോലി ചെയ്യാൻ വേണ്ടി ജീവിക്കുന്നതിൽനിന്ന് ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന ശീലം ഉണ്ടാക്കിയെടുക്കാം.
Content Highlights: Shift from 'living to work' to 'working to live' among the 2026 workforce., Mental health and work-life balance are prioritized over long-term tenure., The decline of blind loyalty due to toxic workplace cultures and ego-driven management., Recognition of burnout as a primary driver for job hopping., The ongoing necessity for gender equality and merit-based growth in professional settings.