പുല്പള്ളിയിൽ ഓഫ് റോഡ് ആവേശം

പുല്പള്ളിയില്‍ ആരംഭിച്ച 'ലോ ഗിയര്‍ ട്രയല്‍സ് 3.0' ഓഫ് റോഡ് മത്സരത്തില്‍നിന്ന്
പുല്പള്ളിയില്‍ ആരംഭിച്ച 'ലോ ഗിയര്‍ ട്രയല്‍സ് 3.0' ഓഫ് റോഡ് മത്സരത്തില്‍നിന്ന്

പുല്പള്ളി: സാഹസികതയും ആവേശവും നിറച്ച് പുല്പള്ളിയിൽ ഓഫ് റോഡ് മത്സരങ്ങൾ തുടങ്ങി. പുല്പള്ളി ഓഫ്‌ റോഡേഴ്‌സിന്റെ നേതൃത്വത്തിലാണ് 'ലോ ഗിയർ ട്രയൽസ് 3.0' എന്ന പേരിൽ ഓഫ് റോഡ് മത്സരമൊരുക്കിയത്. പുല്പള്ളി ടൗണിനുസമീപത്തെ എസ്.എൻ. കോളേജ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളിലാണ് മത്സരം.

ജിംനി, ഥാർ, എസ്.യു.വി., പെട്രോൾ, ഡീസൽ ക്ലാസുകളിലായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറിലേറെ വാഹനങ്ങളാണ് മത്സരത്തിന്റെ ഭാഗമാകുന്നത്. ഓരോ റൗണ്ടിലും വിവിധ ടാസ്കുകൾ കുറഞ്ഞസമയത്തിനുള്ളിൽ പൂർത്തിയാക്കുന്നവരാണ് ജേതാക്കൾ. ട്രാക്കിൽ വേഗവും സാഹസികതയും ഒത്തുചേർന്നപ്പോൾ കാണാനെത്തിയവരിലും ആവേശം വാനോളമുയർന്നു.

കരുത്തരായ വാഹനങ്ങളും മികച്ച ഡ്രൈവർമാരും മാറ്റുരയ്ക്കുന്ന പോരാട്ടമാണ് നടക്കുന്നത്. മത്സരം കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. മണ്ണും ചെളിയും കയറ്റവും കുഴികളും വലിയ കിടങ്ങുമെല്ലാം നിറഞ്ഞ കഠിനമായ ട്രാക്കിലൂടെ നാലുചക്ര വാഹനങ്ങളുടെ സാഹസികപ്രകടനം കാണികളെ ഹരംകൊളിച്ചു.

മത്സരങ്ങൾ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പുല്പള്ളി ഓഫ് റോഡേഴ്‌സ് ക്ലബ് പ്രസിഡന്റ് അനിൽ കരുണൻ അധ്യക്ഷതവഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, മാത്യു മത്തായി ആതിര, സജി കോടിക്കുളത്ത്, എബി അറക്കൽ, ബേസിൽ പോൾ, സബിൻ പോൾ, ഗ്രേറ്റർ ബേബി, കെ.വി. വിശാഖ് തുടങ്ങിയവർ സംസാരിച്ചു. രാജ്യാന്തരനിലവാരത്തിലുള്ള സുരക്ഷാസംവിധാനങ്ങളോടെയാണ് മത്സരങ്ങൾ നടത്തിയതെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങൾ ഞായറാഴ്ച വൈകുന്നേരം സമാപിക്കും.

Content Highlights: The Low Gear Trials 3.0 off-road racing competition organized by Pulpally Offroaders kicked off near Pulpally SN College with exciting challenges.