ഗോത്രവിഭാഗക്കാർക്കായി ട്രെയിനിങ് സെന്റർ തുടങ്ങും -മന്ത്രി കെ.എ. തുളസി

കല്പറ്റ : ജില്ലയിലെ ഗോത്ര-പിന്നാക്ക വിഭാഗക്കാർക്കായി പ്രത്യേക ട്രെയിനിങ് സെന്റർ തുടങ്ങുമെന്ന് മന്ത്രി കെ.എ. തുളസി. പിന്നാക്കവിഭാഗങ്ങളിലെ യുവജനങ്ങൾക്ക് തൊഴിൽസാധ്യതകൾ ഒരുക്കി പ്രാദേശികമായി ജോലിചെയ്യാൻ പ്രാപ്തരാക്കാൻ പരിശീലനം നൽകുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-വർഗ വികസനവകുപ്പിന്റെ വികസനപദ്ധതികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഉപ പദ്ധതികളുടെയും പ്രവർത്തനപുരോഗതി അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.
മൊബൈൽ റിപ്പയറിങ്, ഇലക്ട്രിക്കൽ, വെൽഡിങ്, ബൈന്റിങ് തുടങ്ങിയ കോഴ്സുകളിൽ താമസിപ്പിച്ച് പരിശീലനംനൽകി സ്വയംതൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ പ്ലസ് വൺ, പ്ലസ് ടു കോഴ്സുകൾക്കായി ട്യൂഷൻ ടീച്ചർമാരെ നിയമിക്കുന്നത് അടിയന്തരമായി പരിഗണിക്കും. മെന്റർ ടീച്ചർമാരുടെ നിയമനകാര്യത്തിൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടിെല്ലന്നും മന്ത്രി പറഞ്ഞു. ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. പ്രത്യേക മൊഴി രേഖപ്പെടുത്തി പരിഹാരംകാണുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച ഭവനനിർമാണപദ്ധതിയുടെ ആദ്യഗഡു ഡിസംബറിലും രണ്ടാംഗഡു ഫെബ്രുവരിയോടെയും നൽകും. അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പ്രവർത്തനപുരോഗതി വിലയിരുത്തി ഉന്നതതലയോഗം
പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിന്റെ വികസനപദ്ധതികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഉപപദ്ധതികളുടെയും പ്രവർത്തനപുരോഗതി മന്ത്രി കെ.എ. തുളസിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം വിലയിരുത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു.
എസ്.എസ്.എൽ.സി. വിജയിച്ച കുട്ടികൾ പ്ലസ് വണ്ണിന് അപേക്ഷിക്കുമ്പോൾ പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. യോഗത്തിൽ പറഞ്ഞു. വനാവകാശ നിയമപ്രകാരം പട്ടയം ലഭ്യമാകാത്ത വിഷയങ്ങൾ പരിശോധിക്കണമെന്നും വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാൻ നൂതന പ്രവർത്തനങ്ങൾ തുടങ്ങണമെന്നും ഉഷാ വിജയൻ എം.എൽ.എ. ആവശ്യപ്പെട്ടു. ഗോത്രമേഖലയിലേക്ക് കൂടുതൽ ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ ആവശ്യപ്പെട്ടു.
ഊരുകളുടെ സമഗ്രവികസനം
പണിയവിഭാഗക്കാർക്കായി പ്രത്യേക പാക്കേജ് പദ്ധതി പ്രകാരം എടപ്പെട്ടി, റാട്ടക്കൊല്ലി വിനായക, സൂര്യമ്പം ഊരുകളുടെ സമഗ്രവികസനത്തിന് വിവിധ പദ്ധതികൾ സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ പട്ടികവർഗ വികസനഓഫീസർക്ക് മന്ത്രി കെ.എ. തുളസി നിർദേശം നൽകി. സുഗന്ധഗിരി, പൂക്കോട്, പരൂർക്കുന്ന് പുനരധിവാസ മേഖലകളിൽ അനുവദിച്ച പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണം. സുഗന്ധഗിരി പ്രത്യേക പാക്കേജായി പ്രഖ്യാപിച്ച് പട്ടയംനൽകണമെന്ന ആവശ്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന യോഗത്തിൽ കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ ശശീന്ദ്രൻ, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി. സജീവ്, എ.ഡി.എം. കെ. അജീഷ്, സബ്കളക്ടർ അതുൽ സാഗർ, ജില്ലാ പട്ടികവർഗ വികസനവകുപ്പ് പ്രോജക്ട് ഓഫീസർ ഷുമിൻ എസ്. ബാബു, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം. മുകേഷ്, ട്രൈബൽ ഡിവലപ്മെന്റ് ഓഫീസർമാരായ ടി.പി. ശ്രീകല, കെ ബിന്ദു, പിന്നാക്കക്ഷേമവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ബി. പ്രബിൻ എന്നിവരും പങ്കെടുത്തു.