ബീനാച്ചി എസ്റ്റേറ്റ് വാങ്ങാൻ ബത്തേരി നഗരസഭ

മധ്യപ്രദേശ് സർക്കാരിൽ നിന്ന് വാങ്ങാൻ അനുമതിതേടി മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും കണ്ട് നഗരസഭാധികൃതർ
സുൽത്താൻബത്തേരി : മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിൽ സുൽത്താൻബത്തേരിയിലുള്ള 550 ഏക്കർ വരുന്ന ബീനാച്ചി എസ്റ്റേറ്റ് വിലകൊടുത്ത് വാങ്ങാനൊരുങ്ങി ബത്തേരി നഗരസഭ. സഹായംതേടി നഗരസഭാധികൃതർ മുഖ്യമന്ത്രി വി.ഡി. സതീശനെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കണ്ടു.
ബത്തേരി നഗരത്തിലെ എസ്റ്റേറ്റ് വാങ്ങാൻ കഴിഞ്ഞാൽ ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല, ഇക്കോ ടൂറിസം പദ്ധതി, ടൗൺഷിപ്പ്, ഐ.ടി. ഹബ്ബ്, അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം എന്നിവ നിർമിക്കാൻ കഴിയുമെന്ന് നഗരസഭ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. 165-ഓളം കുടുംബങ്ങളെ ബാധിക്കുന്ന പട്ടയപ്രശ്നവും ജില്ലയിലെ മുഴുവൻ മാലിന്യപ്രശ്നവും പരിഹരിക്കാൻ ഉതകുന്ന അത്യാധുനിക മാലിന്യസംസ്കരണ പ്ലാന്റ്, വനംവകുപ്പ് അവകാശം ഉന്നയിക്കുന്ന വിഷയത്തിൽ പരിഹാരം എന്നിവയുണ്ടാക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു.
നിലവിൽ 280 കോടി രൂപയാണ് മധ്യപ്രദേശ് സർക്കാർ കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്റ്റേറ്റ് മധ്യപ്രദേശ് ധനകാര്യവകുപ്പിന്റെ ഭരണനിയന്ത്രണത്തിലാണെന്നതും കമ്പനിയുടെ ഓഫീസ് മുംബൈയിലാണെന്നതും ഈ നീക്കത്തിന് സംസ്ഥാന സർക്കാരിന്റെ അറിവും അനുമതിയും അനിവാര്യമാണെന്ന് കത്തിൽ പറയുന്നു.
നഗരസഭാധ്യക്ഷ റസീന അബ്ദുൾഖാദർ, ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത്ത്, സ്ഥിരംസമിതി അധ്യക്ഷൻ പി. സംഷാദ്, രാധ രവീന്ദ്രൻ, കെ.കെ. മൊയ്തു, സി.കെ. ഹാരിഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ബാങ്ക് വായ്പയിലൂടെയും സംസ്ഥാനസർക്കാർ സഹായത്തോടെയും ബീനാച്ചി എസ്റ്റേറ്റ് വാങ്ങാനുള്ള പണം കണ്ടെത്താനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്നാണ് സൂചന.