പാവയ്ക്ക വിളവെടുപ്പുകാലം; പ്രതീക്ഷയിൽ കർഷകർ

കിലോയ്ക്ക് ഇപ്പോൾ 40 രൂപ, ഉത്പാദനമാന്ദ്യം വെല്ലുവിളി
വെള്ളമുണ്ട : തൊണ്ടർനാട്ടിലെ ശീതകാല പച്ചക്കറിത്തോട്ടങ്ങളിൽ വിളവെടുപ്പുകാലം. ഇത്തവണ കർഷകരെല്ലാം നേരത്തേ വിളവിറക്കിയതിനാലാണ് ഇപ്പോൾ വിളവെടുപ്പ് തുടങ്ങാനായത്. ഏറെക്കാലത്തിനുശേഷം പാവയ്ക്ക വിലയിൽ ഉയർച്ചയുണ്ടായി. കലോയ്ക്ക് 40 രൂപ വരെയാണ് ഇപ്പോൾ കർഷകർക്ക് വില ലഭിക്കുന്നത്. തുടക്കത്തിൽത്തന്നെ വില 40 രൂപ കർഷകർക്ക് പ്രതീക്ഷയാവുകയാണ്. മുൻപത്തെ അപേക്ഷിച്ച് ഉയർന്ന വിലയാണിത്. വിലയുയരുമ്പോഴും ഉത്പാദനമാന്ദ്യം വെല്ലുവിളിയാവുകയാണ്. കർണാടകയിൽനിന്നുള്ള പാവയ്ക്കയുടെ ഇറക്കുമതിയാണ് വയനാട്ടിലെ പാവൽ കർഷകർക്ക് മുന്നിലുള്ള ഭീഷണി. തൊണ്ടർനാട്, തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തുകളിലാണ് ജില്ലയിൽ ഏറ്റവുംകൂടുതൽ പാവയ്ക്കക്കൃഷി നടക്കുന്നത്. കാലാവസ്ഥയും വിലസ്ഥിരതയും അനുകൂലമായാൽമാത്രമാണ് പാവയ്ക്കക്കൃഷിയിൽ പിടിച്ചുനിൽക്കാനാവുക. ഇവ താളംതെറ്റിയാൽ മുടക്കുമുതൽപോലും കിട്ടില്ലെന്നാണ് കർഷകർ പറയുന്നു.
കഴിഞ്ഞ മാർച്ചിൽ തുടക്കത്തിൽ 28 രൂപവരെ വില കിട്ടിയിരുന്നു. എന്നാൽ, പിന്നീട് വില കൂപ്പുകുത്തിയതോടെ പാവയ്ക്ക കർഷകരും പ്രതിസന്ധിയിലായിരുന്നു. വേനൽ കടുത്തതോടെ പച്ചക്കറിക്ക് ആവശ്യക്കാരുണ്ടായിരുന്നെങ്കിലും പാവയ്ക്കവില കിലോയ്ക്ക് 16 രൂപയായി കുറഞ്ഞുപോയിരുന്നു. ഇത് മറികടക്കാനാണ് ഇത്തവണ നേരേത്ത പാവയ്ക്കക്കൃഷി തുടങ്ങിയത്.
വിളനാശവും വിലത്തകർച്ചയും
കഴിഞ്ഞതവണ വിളനാശവും വിലത്തകർച്ചയും ഒരുമിച്ച് എത്തിയതോടെ കർഷകരുടെ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. മഞ്ഞളിപ്പുബാധയിൽ ഒട്ടേറെ കൃഷിയിടങ്ങളിൽ ഉത്പാദനം പകുതിയായി കുറഞ്ഞിരുന്നു. ഒന്നരക്വിന്റലോളം പാവയ്ക്ക പറിച്ചാൽ ഇതിൽനിന്ന് നല്ലത് തിരഞ്ഞുമാറ്റി വിപണിയിലെടുക്കുന്നത് മൂന്നിലൊന്ന് മാത്രമാണ്. വരൾച്ചകൂടി പിടിമുറുക്കിയതോടെ പാവയ്ക്ക വള്ളികൾ കൂട്ടത്തോടെ ഉണങ്ങുകയുംചെയ്തു. വായ്പയെടുത്തും മറ്റും കൃഷിയിലേക്കിറങ്ങിയ കർഷകരെല്ലാം ഇതോടെ കടക്കെണിയിലായി. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽനിന്ന് പാവയ്ക്ക ഇറങ്ങാൻ തുടങ്ങിയതോടെ വയനാടൻ പാവയ്ക്കക്ക് പ്രിയം കുറഞ്ഞതായും കർഷകർ പറഞ്ഞു. നിറത്തിലും ഗുണത്തിലും ഗൂഡല്ലൂർ പാവയ്ക്ക മികച്ചതാണെന്ന കാരണത്താൽ ഇവിടെ നിന്നുള്ള പാവയ്ക്ക ശേഖരണത്തിൽനിന്ന് വ്യാപാരികൾ പിൻവാങ്ങാൻ തുടങ്ങിയതും കർഷകരെ ബാധിച്ചു.
പ്രതിസന്ധികൂട്ടി രോഗബാധയും
ഒക്ടോബർമുതൽ ഏപ്രിൽവരെയാണ് ജില്ലയിലെ പാവൽ കൃഷിയുടെ പ്രധാന വിളവെടുപ്പുകാലം. ആയിരംകണ്ണിയെന്ന രോഗമാണ് പാവയ്ക്കക്കൃഷിയുടെ പ്രധാന ശത്രു. മഞ്ഞളിപ്പുരോഗവും ദിവസങ്ങൾക്കുള്ളിൽത്തന്നെ പാവയ്ക്കത്തോട്ടങ്ങളെ ഇല്ലാതാക്കും. പാരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന നാടൻ വിത്തിനങ്ങൾക്കുപകരം ‘മായ’ തുടങ്ങിയ സങ്കരയിനം വിത്തുകളാണ് ഇപ്പോൾ കർഷകരെല്ലാം കൃഷി ചെയ്യുന്നത്. ഉത്പാദനശേഷിയും നിറവും ഗുണവുമെല്ലാം പുതിയ വിത്തിനങ്ങൾക്ക് പുറകെപോകാൻ കർഷകരെ പ്രേരിപ്പിച്ചു.
എന്നാൽ, അതിനുപുറകെ രോഗവും എത്തിയതോടെ കർഷകരെല്ലാം ആശങ്കയിലാവുകയായിരുന്നു. ഒരു ചുവടിൽനിന്ന് ഒറ്റത്തവണ മൂന്നുകിലോയോളം വിളവെടുത്തിരുന്ന പാവക്കയ്ക്ക് ഇതിന്റെ പകുതിപോലും വിളവ് ഇപ്പോഴില്ല. ഒരേക്കർ തോട്ടത്തിൽനിന്ന് പരമാവധി 25 തവണയെങ്കിലും വിളവെടുക്കാൻ കഴിയണം. എന്നാൽമാത്രമാണ് കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയുക. ഒരേക്കർ കൃഷിചെയ്യാൻ ഒന്നരലക്ഷത്തോളം രൂപ ചെലവുവരും.