സി.ഐ.ടി.യു. വയനാട് ജില്ലാസമ്മേളനം തുടങ്ങി

മീനങ്ങാടി : തൊഴിലാളികളുടെ അവകാശപോരാട്ടങ്ങൾക്ക് കരുത്തും ഊർജവും പകർന്ന് സി.ഐ.ടി.യു. ജില്ലാസമ്മേളനം മീനങ്ങാടിയിൽ തുടങ്ങി. ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ പ്രതിനിധിസമ്മേളനം ഉദ്‌ഘാടനംചെയ്‌തു.
കോർപ്പറേറ്റുകൾക്കായി തൊഴിലാളികളെ ചൂഷണംചെയ്യുന്ന കേന്ദ്രഭരണത്തിനെതിരേയും സംഘപരിവാർ ആശയങ്ങളുടെ വളർച്ചയ്‌ക്ക് അവസരമൊരുക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരേയും പ്രതിരോധമൊരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി.വി. സഹദേവൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എം. മധു അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി രക്തസാക്ഷിത്വപ്രമേയവും പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. എം. മധു, പി. ഗഗാറിൻ, പി.ആർ. ജയപ്രകാശ്, സി.എച്ച്. മമ്മി എന്നിവരടങ്ങിയ പ്രമേയകമ്മിറ്റിയും സ്റ്റെല്ല പീറ്റർ, എം. ജനാർദനൻ, പി.എ. അസീസ്, കെ.പി. ഷിജു, പി.എ. മുഹമ്മദ് എന്നിവരടങ്ങിയ മിനിറ്റ്‌സ് കമ്മിറ്റിയും കെ. സുഗതൻ, പി.കെ. രാമചന്ദ്രൻ, അനീഷ് ബി. നായർ, സി.പി. മുഹമ്മദലി, പി.എം. സന്തോഷ് എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. സ്വാഗതസംഘം ചെയർമാൻ വി. സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ എൻ.കെ. രാമചന്ദ്രൻ, എസ്. ഹരിലാൽ, വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ, കെ. റഫീഖ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ജനറൽ കൗൺസിലിനെയും ജില്ലാകമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനത്തിൽ തിരഞ്ഞെടുക്കും. 250 പേരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. സെയ്ന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളി ഹാളിലാണ് സമ്മേളനം. തിങ്കളാഴ്ച വൈകീട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും.