മികച്ചസേവനത്തിന് ആദരം പോലീസ് അഭിനന്ദനദിനം ആചരിച്ചു

കല്പറ്റ : കഴിഞ്ഞ രണ്ടുമാസത്തിനിടെ മികച്ചസേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം എന്ന പേരിലായിരുന്നു പരിപാടി. മാനന്തവാടി എ.എസ്.പി. കാർത്തിക്ക് ബാലകുമാർ, കല്പറ്റ ഡിവൈ.എസ്.പി. ടി.എ. അഗസ്റ്റിൻ, ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾ കരീം എന്നിവരുൾപ്പെടെ 50 പോലീസ് ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ മാലകവർച്ചക്കേസുകളിൽ സംഘത്തിലെ പത്തുപേരെ അതിവിദഗ്ധമായി പിടികൂടിയതിനും അർധരാത്രിയിൽ ബസ് കേടായി വനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ സമയോചിതമായി ഇടപെട്ട് സുരക്ഷിതമായി പുറത്തെത്തിച്ചതിലും മലേഷ്യൻ പൗരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അന്വേഷണം നടത്തി മലപ്പുറത്തുനിന്ന് കണ്ടെത്തിയതിലും സ്റ്റേഷനിൽനിന്ന് തൊണ്ടിമുതൽ മോഷണംപോയ കേസിൽ പ്രതിയെ അതിവേഗം പിടികൂടിയതിലും മറ്റും അന്വേഷണമികവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ട വയോധികനെ കൈയിലെടുത്ത് സുരക്ഷിതമായി റോഡിന് അപ്പുറമെത്തിച്ച സാമൂഹിക ഉത്തരവാദിത്വത്തിനും കരുതലിനും മാതൃകയായ ബത്തേരി ട്രാഫിക് യൂണിറ്റിലെ പി.ആർ. സുരേഷ് കുമാറും ആദരം ഏറ്റുവാങ്ങി. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഉദ്ഘാടനംചെയ്തു. പ്രശസ്തിപത്രവും അദ്ദേഹം കൈമാറി. അഡീഷണൽ എസ്.പി. എൻ.ആർ. ജയരാജ് അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പിമാരായ സുരേഷ് ബാബു, ഷജു ജോസഫ്, കല്പറ്റ ഐ.പി. എ.യു. ജയപ്രകാശ്, എൻ. സെൽ ഐ.പി. വി. സിജിത്ത്, ഡി.പി.ഒ. മാനേജർ സി.കെ മനേഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാജില്ലകളിലും എല്ലാമാസവും നാലാമത്തെ ശനിയാഴ്ച അഭിനന്ദനദിനമായി ആചരിക്കാനുള്ള ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. പി. വിജയന്റെ നിർദേശപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചത്.