പുഞ്ചവയൽ-പനമരം റോഡിൽ ഗതാഗതം നിരോധിച്ചതിൽ പ്രതിഷേധം

പനമരം : ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയൽ മുതൽ പനമരം വരെയുള്ള ഭാഗത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. രണ്ടുമാസം റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് ഇവർ രംഗത്തെത്തിയത്. റോഡിലെ നെല്ലിയമ്പം ജങ്ഷനിൽ മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു.
നീർവാരം റോഡ് ജങ്ഷൻ മുതൽ പനമരംവരെയുള്ള വാഹനഗതാഗതം ഡിസംബർ 31 വരെ പൂർണമായും നിരോധിക്കുമെന്ന് ചൊവ്വാഴ്ച അസിസ്റ്റന്റ് എൻജിനിയർ ഉത്തരവിറക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സുൽത്താൻബത്തേരിയിൽനിന്നുള്ള വാഹനങ്ങൾ കേണിച്ചിറ-പൂതാടി വരദൂർ-പച്ചിലക്കാട് വഴിയും പുല്പള്ളിയിൽനിന്നുള്ള വാഹനങ്ങൾ ദാസനക്കര-ചെറുകാട്ടൂർ വഴിയും തിരിച്ചുവിടുമെന്നാണ് അറിയിപ്പ്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2019-ൽ നിർമാണം തുടങ്ങിയ ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയൽ മുതൽ പനമരം വരെയുള്ള രണ്ടരക്കിലോമീറ്റർ നീളുന്ന റോഡിന്റെ പുനരുദ്ധാരണമാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ വൺവേയായി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഒരുഭാഗത്തെ കോൺക്രീറ്റ് പ്രവൃത്തി ഏതാണ്ട് പൂർത്തിയായിട്ടുമുണ്ട്. അതിനാൽ ഇതുവഴി വാഹനങ്ങൾ കടത്തിവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഗതാഗതം പൂർണമായും നിരോധിച്ചാൽ നൂറുകണക്കിന് വിദ്യാർഥികളും രോഗികളും തൊഴിലാളികളും ഒപ്പം പനമരത്തെ വ്യാപാരികളും പ്രതിസന്ധിയിലാവും. കൂടാതെ ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്കും തിരിച്ചടിയാവും.
അതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും വാഹനഗതാഗതം ഭാഗികനിയന്ത്രണത്തിൽ ഒതുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
ശ്രീജേഷ് പുഞ്ചവയൽ, പി.കെ. സുനിൽ, പി. പ്രവീൺകുമാർ, വി. ഗിരീഷ്, ആർ. രാജീവൻ, എം.വി. സുജിത്ത്, പി.കെ. പ്രകാശൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.