‘മലബാറിന്റെ മുഖച്ഛായ മാറ്റിയെഴുതിയത് കർഷകക്കൂട്ടായ്മകൾ’

പുല്പള്ളി : 20-ാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിൽനിന്ന്‌ മലബാറിന്റെ മലയോരങ്ങളിലേക്ക് കുടിയേറിയ കർഷകർ ജാതി, മത ഭേദമെന്യേ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് ഇന്നത്തെ മലബാറിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതികൾക്ക് കാരണമായതെന്ന് ചരിത്രകാരനും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. പി.കെ. മൈക്കിൾ തരകൻ. മലബാർ കുടിയേറ്റത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പഴശ്ശിരാജ കോളേജിലെ ചരിത്രവിഭാഗവും കേരള ചരിത്ര ഗവേഷണ കൗൺസിലും ചേർന്ന് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

20-ാം നൂറ്റാണ്ടിലെ മലബാറിലെ കാർഷിക കുടിയേറ്റവും സാമൂഹിക-സാമ്പത്തിക പരിവർത്തനവും’ എന്ന വിഷയത്തിലാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.ആർ. ദിലീപ് അധ്യക്ഷത വഹിച്ചു. കുടിയേറ്റ ചിത്ര-പുസ്തക പ്രദർശനങ്ങൾ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ ഉദ്ഘാടനം ചെയ്തു. ഗീതാ കുഞ്ഞികൃഷ്ണൻ, കെ.എം. മുബീർഷ, ഫാ. തോമസ് മടുക്കുംമൂട്ടിൽ, പി.വി. സനൂപ്കുമാർ, ഡോ. ജോഷി മാത്യു, ഡോ. സി.ജെ. കോശി, ഡോ. റാണി എസ്. പിള്ള, ജെ. ആധിഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. വിവിധ സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിൽനിന്നായി 20-ഓളം പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. ഇവ കേരളചരിത്ര ഗവേഷണ കൗൺസിൽ പുസ്തകമായി പ്രസിദ്ധീകരിക്കും. അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപനസമ്മേളനം ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനംചെയ്യും. ചടങ്ങിൽ കുടിയേറ്റ മേഖലയിലെ പ്രമുഖ വ്യക്തികളെ ആദരിക്കും.