ടൗൺഷിപ്പ് രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് 31-ന്

കല്പറ്റ : ടൗൺഷിപ്പിൽ നിർമിക്കുന്ന രണ്ടാംഘട്ട വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് 31-ന് നറുക്കെടുപ്പ് നടക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മേപ്പാടി എം.എസ്.എ. ഓഡിറ്റോറിയത്തിലാണ് 149 ഗുണഭോക്താക്കൾക്കായുള്ള നറുക്കെടുപ്പ് നടക്കുക. നവംബറിൽ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറും വിധത്തിൽ ടൗൺഷിപ്പിലെ പ്രവൃത്തികൾ പൂർത്തിയാക്കാനും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.ഡി.എം.എ. കോ- ചെയർപേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ നിർദേശം നൽകി. വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് (അഡ്രസ് മാറ്റം), വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വീട് കൈമാറുമ്പോൾ തന്നെ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണന്ന് കളക്ടർ വി. ചെൽസാസിനി അറിയിച്ചു. സോൺ ഒന്നിൽ 23 വീടുകളും സോൺ മൂന്നിൽ ആറ് വീടുകളും സോൺ നാലിൽ 14 വീടുകളും സോൺ അഞ്ചിൽ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തിൽ കൈമാറുന്നത്.
വീടുകളുടെ രണ്ടാംഘട്ട വിതരണ നടപടികൾ പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിലെ ആകെ വീടുകളുടെ എണ്ണം 327 ആകും.
ടൗൺഷിപ്പിലും കല്പറ്റ നഗരസഭാ പരിധിയിലും മഴവെള്ളക്കെട്ട് ഒഴിവാക്കാൻ സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ നേതൃത്വത്തിൽ സമഗ്ര പഠനം നടത്തും. റോഡ്-ഡ്രെയിനേജ് പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭാ സെക്രട്ടറിയും ഡി.ഡി.എം.എ. വിദഗ്ധരും അടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കും.
കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മാറ്റിപ്പാർപ്പിച്ച 26 കുടുംബങ്ങൾക്ക് അവരുടെ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്തുന്നതിന് സാഹചര്യം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചു. കള്ളാടി മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ 2.10 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് നീക്കം ചെയ്യുന്നതിന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്താൻ 31 നകം ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ യോഗത്തിൽ നിർദേശം നൽകി. 31-നകം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ ജില്ലാ ഭരണകൂടം അനുയോജ്യമായ സ്ഥലം കണ്ടെത്തി പി.ഡബ്ല്യു.ഡി. മുഖേന മണ്ണ് നീക്കം ചെയ്യുമെന്ന് കളക്ടർ അറിയിച്ചു.
എ.ഡി.എം. കെ. അജീഷ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇ.ടി. രാകേഷ്, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ കെ. മനോജ് കുമാർ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് റംല ഹംസ എന്നിവർ പങ്കെടുത്തു.
ചൂരൽമല-മുണ്ടക്കൈ പുനരധിവാസം പുനരാരംഭിക്കണം
സി.പി.ഐ. കളക്ടറേറ്റ് മാർച്ച് നാളെ
കല്പറ്റ : വയനാടിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിച്ച് സി.പി.ഐ. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച കളക്ടറേറ്റ് മാർച്ച് നടത്തും. രാവിലെ പത്തിന് എച്ച്.ഐ.എം. യു.പി. സ്കൂൾ പരിസരത്തുനിന്ന് തുടങ്ങുന്ന മാർച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
നിർത്തിവെച്ച ചൂരൽമല-മുണ്ടക്കൈ പുനരധിവാസ പ്രവൃത്തികൾ അടിയന്തരമായി പുനരാരംഭിക്കണമെന്നതാണ് പ്രധാന ആവശ്യം. ദുരന്തബാധിതരുടെ പുനരധിവാസം അനിശ്ചിതമായി നീളുന്നത് പ്രതിഷേധാർഹമാണെന്ന് നേതൃത്വം പറഞ്ഞു. ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിക്കാനുള്ള കേന്ദ്രതീരുമാനം കർഷകരെയും സാധാരണക്കാരെയും ഗുരുതരമായി ബാധിക്കും. ഈ തീരുമാനം പിൻവലിക്കണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു.
ജില്ലയിലേക്കുള്ള ബദൽ റോഡുകൾ യാഥാർഥ്യമാക്കുക, ശാസ്ത്രീയപഠനത്തിന് ശേഷം തുരങ്കപാത നിർമാണം പുനരാരംഭിക്കുക, വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക എന്നിവയാണ് മറ്റാവശ്യങ്ങൾ. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിൽനിന്നുമുള്ള പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കും. സി.പി.ഐ. ജില്ലാസെക്രട്ടറി ഇ.ജെ. ബാബു, അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാൻലിൻ, സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം പി.കെ. മൂർത്തി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.