ആ മനോഹര തീരത്തെത്തി വയലാർ ശരത്ചന്ദ്രവർമ

സുൽത്താൻബത്തേരി : അപ്രതീക്ഷിതമായിരുന്നു ആ വരവ്. അച്ഛന്റെ ഓർമ്മകൾക്കായി പാട്ടുധാരയും ഇരിപ്പിടവും ഞാവൽമരവുമൊരുക്കി കാത്തിരുന്ന നമ്പിക്കൊല്ലിയിലേക്ക് ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്രവർമയെത്തി. ഇരുൾവീണെങ്കിലും വൈദ്യുതവിളക്കുകൾ പ്രഭ വിതറുന്ന നനുത്ത കോൺക്രീറ്റ് വട്ടത്തറയിൽ വയലാറിനെ ഹൃദയത്തോടുചേർത്ത നാട്ടുകാർക്കൊപ്പം അദ്ദേഹമിരുന്നു. അച്ഛനെഴുതിയ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...’, ‘ഇന്ദ്രവല്ലരി പൂചൂടി വരും...’, ‘മാറ്റുവിൻ ചട്ടങ്ങളെ...’ എന്നീ പാട്ടുകൾ പാടി. കുറച്ച് കഥകൾ പറഞ്ഞു. അച്ഛന്റെ ഓർമ്മയ്ക്കായി നാട്ടുകാർ തീർത്ത വയലാർ ഗാനതീരത്തെ ഞാവൽമരച്ചോട്ടിലിരുന്നപ്പോൾ അച്ഛന്റെ ഓർമ്മകളുടെ തിരതള്ളലിലായിരുന്നു ശരത്ചന്ദ്രവർമ.
ബത്തേരി-ഊട്ടിറോഡിൽ നമ്പിക്കൊല്ലിയിൽ നാട്ടുകാർ ഒരുക്കിയ വയലാർ ഗാനതീരത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹം വരുമെന്ന് വാക്കുനൽകിയിരുന്നു. ചുണ്ടേലിലെ പരിപാടിക്കെത്തിയ ശരത്ചന്ദ്രവർമ ഞായറാഴ്ച രാത്രി 8.15-ഓടെയാണ് നമ്പിക്കൊല്ലിയിലെത്തിയത്. നാട്ടുകാരോടുള്ള നന്ദിയറിയിച്ചശേഷം അവർക്കൊപ്പം ഇരിപ്പിടത്തിലിരുന്നു. അച്ഛൻ ഏറ്റവും അവസാനം എഴുതിയ കവിതയുടെ പേര് ‘വൃക്ഷ’മെന്നായിരുന്നു. ആ വൃക്ഷത്തിന്റെ തണലിലാണ് താനിരിക്കുന്നതെന്നും അച്ഛന്റെ മടിയിലിരിക്കുന്ന സുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാനതീരം വാർത്തകളിലൂടെ പ്രശസ്തമായതോടെ ആളുകൾ സംഘങ്ങളായി ഇവിടെയെത്തി പാട്ടുകൾ പാടുന്നുണ്ട്. അതിനായി മൈക്ക്സെറ്റ് വാങ്ങാനുള്ള ഒരുക്കത്തിലാണെന്ന് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ജോർജ് വലിയകുന്നേലും എൽ.ഐ.സി. ബിജുവും അടക്കമുള്ളവർ പറഞ്ഞു. മൈക്ക് സെറ്റ് വാങ്ങിത്തരാമെന്ന് ശരത്ചന്ദ്രവർമ പറഞ്ഞെങ്കിലും മുഴുവനായി വേണ്ടെന്നായി നാട്ടുകാർ. തന്റെ പങ്കാളിത്തം നിർബന്ധമാണെന്നുപറഞ്ഞ് ഒരു തുകയും നൽകി. കുടുംബസമേതം ഒരുദിവസം ഇവിടെ വരാമെന്ന ഉറപ്പും നൽകിയാണ് ഒരു മണിക്കൂറിനുശേഷം മടങ്ങിയത്.
നമ്പിക്കൊല്ലിയിലെ ഗാനതീരത്തിൽ രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെ വയലാറിന്റെ ഗാനങ്ങൾ സ്പീക്കറിൽ കേൾപ്പിക്കുന്നുണ്ട്. ഞാവൽമരം നൽകുന്ന തണലും വയലാറിന്റെ പാട്ടുകളും ഒട്ടേറെ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നുമുണ്ട്.