സാങ്കേതികവിദ്യയെ വിവേകത്തോടെ സമീപിക്കണം -മന്ത്രി ടി. സിദ്ദിഖ്

മാനന്തവാടി : മനുഷ്യന്റെ ചിന്താശേഷിക്കുമപ്പുറത്തേക്ക് നിർമിതബുദ്ധി വളർന്നുകൊണ്ടിരിക്കുന്ന കാലത്ത് ശാസ്ത്ര സാങ്കേതികവിദ്യയെ കുട്ടികൾ വിവേകത്തോടെ സമീപിക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.

45-ാമത് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ കാർഷിക മേഖലയിലടക്കം വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.

ശാസ്ത്രം കാർഷിക മേഖലയിലും ആരോഗ്യ മേഖലയിലും കാലാവസ്ഥാ പ്രവചനത്തിലുമെല്ലാം വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുമ്പോൾ മറുവശത്ത് മനുഷ്യന്റെ നിലനിൽപ്പിനും ചിന്താശേഷിക്കും പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.

യന്ത്രങ്ങൾ മനുഷ്യന്റെ ബുദ്ധിശക്തിയെ കീഴടക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളുടെ കാലത്തേക്ക് ലോകം നീങ്ങുകയാണ്. സ്വന്തം ചിന്താശേഷിയും സർഗാത്മകതയും വിവേചനബുദ്ധിയും ഉയർത്തിപ്പിടിച്ചുകൊണ്ട് സാങ്കേതികവിദ്യയെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഉഷാ വിജയൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ മുഖ്യാതിഥിയായി. മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ വി.എ. ശശീന്ദ്രവ്യാസ്, എം.ജി.എം. സ്കുൾ മാനേജർ ഫാ. സഖറിയവെളിയത്ത്, എം.ജി.എം. സ്കൂൾ പ്രിൻസിപ്പൽ മാത്യു സഖറിയ തുടങ്ങിയവർ സംസാരിച്ചു.

വെള്ളിയാഴ്ച രാവിലെ ഒൻപതിനു പതാക ഉയർത്തിയതോടെയാണ് ശാസ്ത്രോത്സവം തുടങ്ങിയത്.