വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണനസൗകര്യം ഉറപ്പാക്കും -മന്ത്രി ബിന്ദു കൃഷ്ണ

മാനന്തവാടി : വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണന സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വനിതാ സംരംഭകർക്കായുള്ള വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കർഷകർ, സംരംഭകർ എന്നിവരുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ടാണ് കെട്ടിടം നിർമിച്ചത്. കാർഷിക പ്രാധാന്യവുമുള്ള ജില്ലയിലെ ജനങ്ങളുടെ ക്ഷേമത്തിനും അതിജീവനത്തിനും ഊന്നൽ നൽകുന്ന പദ്ധതികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പരിസരത്ത് നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതവഹിച്ചു.

മാനന്തവാടി നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ, തവിഞ്ഞാൽ, വെള്ളമുണ്ട, തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി. ബിജു, ഖമർ ലൈല, എസ്.എം. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീൻ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷരായ ഒ.ടി. മുഹമ്മദ് ഉനൈസ്, ചിന്നമ്മ ജോസ്, ആസ്യ മൊയ്തു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജിൽസൺ തൂപ്പുങ്കര, ലിസി ജോസ്, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ്, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ എ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.