കാലിത്തീറ്റ വിലവർധന നിയന്ത്രിക്കാൻ പദ്ധതി പരിഗണനയിൽ -മന്ത്രി

മീനങ്ങാടി : കാലിത്തീറ്റ വിലവർധന ക്ഷീരകർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
തെനേരി ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. വാണിജ്യാടിസ്ഥാനത്തിലുള്ള ക്ഷീരഫാമുകളുടെ വികസനം, ക്ഷീരസംഘങ്ങളുടെ ആധുനികീകരണം, ഗുണനിലവാര പരിശോധനാ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ എന്നിവയിലൂടെ ക്ഷീരമേഖലയുടെ സമഗ്രവികസനത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുടിയേറ്റകാലം ജില്ലയുടെ സാമ്പത്തികാടിത്തറയ്ക്ക് കരുത്തുപകരുന്ന പ്രധാന മേഖലയാണ് ക്ഷീരോത്പാദനം. ക്ഷീരമേഖലയുടെ വളർച്ചയിൽ സഹകരണസംഘങ്ങൾ വഹിച്ച പങ്ക് ഏറെ വലുതാണെന്നും മന്ത്രി പറഞ്ഞു. കൂടുതൽ യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള നൂതന പദ്ധതികൾ സർക്കാർ ആവിഷ്കരിക്കും. ആധുനിക സാങ്കേതികവിദ്യയും വാണിജ്യാടിസ്ഥാനത്തിലുള്ള ഫാം വികസനവും പ്രയോജനപ്പെടുത്തി ക്ഷീരമേഖലയെ കൂടുതൽ ആകർഷകവും ലാഭകരവുമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷനായി.
കോവിഡ് കാലത്ത് മറ്റു മേഖലകളെല്ലാം വലിയ പ്രതിസന്ധി നേരിട്ടപ്പോഴും കാര്യമായ സാമ്പത്തികതകർച്ചയില്ലാതെ പിടിച്ചുനിൽക്കാൻ ക്ഷീരമേഖലയ്ക്ക് സാധിച്ചെന്നും ക്ഷീരമേഖലയുടെ പ്രാധാന്യവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയും ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉഷാ വിജയൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എ. ശശി, ഉഷ, മുട്ടിൽ ഗ്രാമപ്പഞ്ചായത്തംഗം ഗിരിജാ ബാബു, സംഘം പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ്, ക്ഷീരവികസനവകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടറും മിൽമ മലബാർ മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ വർക്കി ജോർജ്, കല്പറ്റ ക്ഷീരവികസന ഓഫീസർ സി.എച്ച്. ഹുസ്ന തുടങ്ങിയവർ സംസാരിച്ചു.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ക്ഷീരകർഷകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.