വഴിയില്ലാതെ നാടിനു ദുരിതം

വെള്ളമുണ്ട : ഒരു മഴക്കാലം മുഴുവൻ പാലമില്ലാതെ ഒറ്റപ്പെട്ട നാടിന് മഴ കഴിഞ്ഞിട്ടും ദുരിതത്തിനു ശമനമില്ല. പാലം പണിക്കായുള്ള നടപടികൾ കാലാവസ്ഥ മാറിയിട്ടും തുടങ്ങാത്തതിൽ ജനരോഷമുയരുകയാണ്. മൊതക്കര പുളിഞ്ഞാൽ റോഡിലെ അവരയിൽ പാലം പണിയുടെ മെല്ലപ്പോക്കാണ് നാടിനെല്ലാം പൊല്ലാപ്പായി മാറിയത്. നിലവിലുള്ള പാലം പൊളിച്ച് റോഡു നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പാലം നിർമിക്കാനുള്ള നീക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. തൂണുകൾക്ക് അടിത്തറയിട്ടെങ്കിലും മഴയെത്തിയതോടെ നിർമാണം നിർത്തിവെക്കുകയായിരുന്നു. വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ തോടിനുകുറുകേ പൈപ്പുകളിട്ട് വേനൽക്കാലത്ത് താത്കാലിക സംവിധാനം ഏർപ്പെടുത്തിയിരുന്നു. മഴ തുടങ്ങിയതോടെ ഈ മൺറോഡും കുത്തൊഴുക്കിൽ ഒലിച്ചുപോവുകയായിരുന്നു. ഇതോടെ കാൽനടയാത്രയ്ക്കുപോലും വഴിയില്ലാതെ രണ്ടുനാടുകൾ വിഭജിക്കപ്പെടുകയായിരുന്നു. നാരോക്കടവ്, പുളിഞ്ഞാൽ എന്നിവടങ്ങളിൽനിന്ന് മൊതക്കരയിലേക്കുള്ള വാഹനഗതാഗതവും നിലച്ചു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ തോടിനു കുറുകേ നടപ്പാലം നിർമിച്ചാണ് താത്കാലിക സംവിധാനമുണ്ടാക്കിയത്. സമീപന റോഡ് മണ്ണിട്ടുയർത്തി പാലം പുനർ നിർമിക്കാനുള്ള കരാർ ഏറ്റെടുത്തവരുടെ ഉദാസീനതയാണ് ഈ ദുരിതങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.