തകർത്തു, തൂക്കുവേലിയും

വടക്കനാട് വീണ്ടും കാട്ടാനശല്യം
നെൽക്കൃഷി നശിപ്പിച്ചു
സുൽത്താൻബത്തേരി : നാടുവിറപ്പിച്ചിരുന്ന മുട്ടിക്കൊമ്പൻ എന്ന കാട്ടാനയെ കൂട്ടിലാക്കിയതോടെ ആനശല്യം ഒഴിഞ്ഞെന്ന വടക്കനാട് മേഖലയുടെ ആശ്വാസത്തിന് ആറുമാസത്തെ ഇടവേളമാത്രം. ദിവസങ്ങളായി വേറൊരു കാട്ടുകൊമ്പനെത്തി വ്യാപകമായി നെൽക്കൃഷി നശിപ്പിക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും പാടുപെട്ടുണ്ടാക്കിയെടുത്ത നെല്ല് കതിരിടാനൊരുങ്ങുമ്പോളാണ് ആനയെത്തി നശിപ്പിക്കുന്നതെന്നത് കർഷകർക്ക് ഇരുട്ടടിയാകുന്നു. കഴിഞ്ഞദിവസങ്ങളിൽ ഓടപ്പള്ളം, കരിപ്പൂർ മേഖലകളിലെത്തിയ കാട്ടാന വയലിലിറങ്ങി തിന്നും ചവിട്ടിയും അരയേക്കറോളം സ്ഥലത്തെ നെൽക്കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് വടക്കനാട് തവക്കൊല്ലിയിൽ പുത്തൻകോട് വിനീത്, ഷാജി എന്നിവരുടെ കൃഷി നശിപ്പിച്ചത്. സഹോദരന്മാരായ ഇവരുടെ രണ്ടരയേക്കറിലെ കൃഷിയിൽ 30 സെന്റോളം നെൽച്ചെടികൾ നശിപ്പിച്ചു. കൃഷിയെമാത്രം ആശ്രയിച്ച് ഉപജീവനം നയിക്കുന്നവരാണ് മിക്കവരും. കൃഷി നശിച്ച ഭാഗത്ത് മറ്റൊന്നും ചെയ്യാനുമാകില്ലെന്നതും തിരിച്ചടിയാകുന്നു.
വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള തൂക്കുഫെൻസിങ്ങിന് മുകളിലേക്ക് വലിയ മരങ്ങൾ പിഴുതും മറിച്ചും ഇട്ടാണ് ആന തകർക്കുന്നത്. കമ്പികൾ പൊട്ടി വൈദ്യുതി നിലയ്ക്കുന്നതോടെ കാടിറങ്ങുകയാണ്. അത്യാധുനികരീതിയിലുള്ള സോളാർ ഫെൻസിങ്ങാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇത്തരത്തിൽ വൈദ്യുതിവേലിയിൽ എന്തെങ്കിലും സംഭവിച്ചാൽ കൺട്രോൾ റൂമിൽ വിവരം ലഭിക്കുമെന്നും വനപാലകർക്ക് എത്താൻ സാധിക്കുമെന്നുമാണ് പറയുന്നത്. എന്നാൽ, വടക്കനാട് മേഖലയിൽ ഇങ്ങനെയുണ്ടാകുന്നില്ലെന്നും വനപാലകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണോയെന്ന് പരിശോധിക്കണമെന്നുമാണ് കർഷകർ പറയുന്നത്. ഓടപ്പള്ളം മേഖലയിൽ കഴിഞ്ഞദിവസം കൊമ്പനെ കാട്ടിലേക്ക് തുരത്തുന്നതിന് മുത്തങ്ങയിൽനിന്ന് കുങ്കിയാനകളായ വിക്രം, ഭരത് എന്നിവരെ എത്തിച്ചിരുന്നു. താത്തൂർ സെക്ഷനിലെ കത്തിമരക്കൊല്ലി, പാറക്കൊല്ലി, ഓനച്ചൻകൊല്ലി ഭാഗങ്ങളിലാണ് കുറിച്യാട് ഡെപ്യൂട്ടി റെയ്ഞ്ചർ കെ. പ്രകാശിന്റെ നേതൃത്വത്തിൽ കുങ്കിയാന ദൗത്യം നടത്തിയത്.
നെൽക്കൃഷി പൂർത്തിയാകുംവരെ വനാതിർത്തിയിൽ കാവൽ ശക്തമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. വനാതിർത്തിയിൽ കാവൽ ഏർപ്പെടുത്തണം
വന്യമൃഗങ്ങൾ തൂക്കുവേലി തകർത്ത് കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ കൂടുതൽ വാച്ചർമാരെ നിയോഗിക്കാൻ വനംവകുപ്പ് തയ്യാറാകണം. രാവിലെ മുതൽ വൈകീട്ടുവരെ കൃഷിയിടങ്ങളിലും മറ്റും ജോലിചെയ്ത് ക്ഷീണിക്കുന്ന കർഷകർക്ക് രാത്രി ഉറക്കമൊഴിച്ച് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ കാവലിരിക്കാനാകില്ല. ആവശ്യമുന്നയിക്കുമ്പോൾ കൂടുതൽപ്പേരെ നിയോഗിക്കാൻ ഫണ്ട് ലഭ്യമല്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ടൺ കണക്കിന് നെല്ലും അരിയും ഉത്പാദിപ്പിക്കുന്ന പ്രദേശമാണ് വടക്കനാട്. അതിനാൽത്തന്നെ നെൽക്കൃഷി സംരക്ഷിക്കേണ്ടത് സാമൂഹികമായി പൊതുവായ ആവശ്യമാണ്. വന്യമൃഗശല്യവും പ്രതികൂലകാലാവസ്ഥയും നിമിത്തം ചുരുക്കം കർഷകരേ നെൽക്കൃഷി ചെയ്യുന്നുള്ളൂ. ഇതുസംരക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികൾ വേണം.
-സുബി വടക്കനാട്
കർഷകൻ