‘മലയോര ഹൈവേ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണം’

മാനന്തവാടി : മാനന്തവാടി ടൗണിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ മലയോര ഹൈവേയുടെ നിർമാണപ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഐ.എൻ.ടി.യു.സി. മാനന്തവാടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡുപണി വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നതിൽ മോട്ടോർ മേഖലയിലുള്ളവർ പ്രയാസപ്പെടുകയാണ്. യഥാസമയം പ്രവൃത്തി പൂർത്തിയാക്കാത്തത് ജനങ്ങൾക്കും തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും വലിയതോതിലുള്ള പ്രയാസമുണ്ടാക്കുന്നു. പ്രവൃത്തി വേഗംതന്നെ പൂർത്തിയാക്കണമെന്നും ഓട്ടോറിക്ഷകളുടെ വാടകനിരക്ക് വർധിപ്പിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ഐ.എൻ.ടി.യു.സി. ദേശീയ വർക്കിങ് കമ്മിറ്റിയംഗം ടി.എ. റെജി ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് എം.പി. ശശികുമാർ അധ്യക്ഷതവഹിച്ചു. ടി.ജെ. രാജേഷ്, ടി. ബാബു, സാൽവി ജോസ്, കെ.ജെ. ജോയ്, എസ്. സജീവൻ, റഹിം തൃശ്ശിലേരി എന്നിവർ സംസാരിച്ചു.