പാഠപുസ്തകത്തിനപ്പുറം കൃഷിപാഠം വിളവിന്റെ പച്ചപ്പിൽ 43 ഇനം പച്ചക്കറികൾ

അമ്പലവയൽ : കൃഷി പഠിക്കുകയല്ല, കൃഷിയിലൂടെ പഠിക്കുകയാണ് വാഴവറ്റ സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിലെ കുട്ടികൾ. വിദ്യാലയമുറ്റത്ത് ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ 43 ഇനം പച്ചക്കറികൾ വിളഞ്ഞപ്പോൾ അത് കുട്ടികൾക്ക് പ്രകൃതിയെയും കൃഷിയെയും അടുത്തറിയാനുള്ള പാഠശാല കൂടിയാകുന്നു.

2026-27 അധ്യയനവർഷത്തെ കാർഷികപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂളിൽ വിപുലമായ പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന കാർഷികവകുപ്പ് ആവിഷ്കരിച്ച പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കൊപ്പം വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യവും മണ്ണിനോടുള്ള സ്നേഹവും വളർത്തുകയെന്ന ലക്ഷ്യവും പ്രവർത്തനത്തിനുണ്ട്. മണ്ണൊരുക്കുന്നത് മുതൽ വിത്തുനടലും ചെടികളുടെ പരിചരണവും വിളവെടുപ്പുംവരെ കാർഷിക പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കാളികളായി.

പഠനത്തിന്റെ ഇടവേളയിലും രാവിലെയും വൈകീട്ടും കുട്ടികൾ തോട്ടത്തിലെത്തും. നല്ല വിളവുലഭിച്ചതോടെ കുട്ടികൾ സന്തോഷത്തിലാണ്. പച്ചക്കറികൾ കൃഷിചെയ്യുന്നതിനൊപ്പം അവയുടെ വളർച്ചയും പരിപാലനരീതികളും നേരിട്ടറിയാനും ഇതിലൂടെ വിദ്യാർഥികൾക്ക് അവസരമൊരുങ്ങുന്നു.

മത്തൻ, വെള്ളരി, പയർ, ചീര, വഴുതന, തക്കാളി തുടങ്ങി വിവിധയിനം പച്ചക്കറികൾക്കൊപ്പം ഒട്ടേറെ നാടൻ ഇനങ്ങളും തോട്ടത്തിലുണ്ട്. കുട്ടികൾക്ക് കൃഷിയുടെ പ്രായോഗിക അറിവ് പകരുന്നതിനൊപ്പം വിഷരഹിത ഭക്ഷണത്തിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്താൻ ഈ സംരംഭത്തിന് കഴിയുന്നു. സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. കൃഷി ഒരു പാഠ്യവിഷയം മാത്രമല്ലെന്നും ജീവിതശീലവും ഉത്തരവാദിത്വവുമാണെന്നും ഓർമ്മിപ്പിക്കുകയാണ് ഈ പച്ചക്കറിത്തോട്ടം.