19 ദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരേ പാർട്ടി നടപടിയെടുത്തില്ല

പനമരം : പാർട്ടി ഓഫീസിൽെവച്ച് മർദനമേറ്റ് 19 ദിവസം പിന്നിട്ടിട്ടും കുറ്റക്കാരായ നേതാക്കൾക്കെതിരേ പാർട്ടി നടപടി എടുത്തില്ലെന്ന ആരോപണവുമായി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.എ. സായന്ത്. പനമരം എരനെല്ലൂരിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സായന്ത്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടിനെതിരേയായിരുന്നു സായന്തിന്റെ പ്രതികരണം.
പുല്പള്ളി പഴശ്ശിരാജ കോളേജിലെ മാസ് കമ്യൂണിക്കേഷൻ മൂന്നാംവർഷ വിദ്യാർഥിയും പനമരം എരനെല്ലൂർ സ്വദേശിയുമായ സായന്തിന് ഒക്ടോബർ 12-പുല്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽെവച്ചായിരുന്നു മർദനമേറ്റത്. എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ ട്രഷററുമായ സാന്ദ്രാ രവീന്ദ്രൻ, എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ എം. ആദർശ്, ജില്ലാ സെക്രേട്ടറിയറ്റംഗം സി.ടി. ആദിത്ത്, എസ്.എഫ്.ഐ. പുല്പള്ളി ഏരിയാ സെക്രട്ടറി അരുൺ തമ്പി എന്നിവർ ചേർന്ന് മർദിച്ചെന്നാണ് പരാതി.
മൈക്ക് സ്റ്റാൻഡ്, സ്റ്റീൽ റോഡ്, കസേര എന്നിവ ഉപയോഗിച്ച് മർദിച്ചുവെന്നും ശൗചാലയത്തിലേക്ക് തള്ളിയിട്ടശേഷം പൂട്ടിയിട്ടെന്നുമാണ് സായന്ത് പറയുന്നത്.
സംഭവത്തിൽ കുറ്റക്കാർക്കെതിരേ ശനിയാഴ്ച നടപടിയെടുക്കുമെന്ന് പാർട്ടി ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ അനുകൂല നടപടിയുണ്ടായില്ല. പേരാട്ടം പാർട്ടിക്കെതിരെല്ലെന്നും, ചില നേതാക്കൾക്കെതിരേയാണെന്നും സായന്ത് പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പഴശ്ശിരാജാ കോളേജിൽ വിവിധ വിദ്യാർഥി സംഘടനകൾ പങ്കെടുത്ത കാംപെയ്ൻ സംഘടിപ്പിച്ചിരുന്നു. സംഘടനയെ പ്രതിനിധീകരിച്ച് സായന്ത് സംസാരിച്ചിരുന്നു. എസ്.എഫ്.ഐ. സ്വന്തംനിലയിൽ കാംപെയ്ൻ നടത്തുന്നതിനുപകരം മറ്റ് വിദ്യാർഥി സംഘടനകളോടൊപ്പം കാംപെയ്ൻ നടത്തിയതാണ് മർദനത്തിനിടയാക്കിയതെന്ന് സായന്ത് പറഞ്ഞു.
ഒക്ടോബർ 20-നാണ് സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.എൻ. പ്രഭാകരൻ, രുക്മിണി സുബ്രഹ്മണ്യൻ എന്നിവരുടെയും നേതൃത്വത്തിൽ വിളിച്ചുവരുത്തി സംസാരിച്ചത്. കൂടിക്കാഴ്ചയിൽ തന്നെ മർദിച്ചുവെന്ന കാര്യം അവർ സമ്മതിച്ചതാണ്. രണ്ടുദിവസത്തിനുള്ളിൽ നടപടി ഉണ്ടാകുമെന്നായിരുന്നു നൽകിയ ഉറപ്പ്. എന്നാൽ ഈ നിമിഷംവരെ വ്യക്തമായ നടപടി ഉണ്ടായിട്ടില്ല. -സായന്ത് പറഞ്ഞു.
നീതി ലഭിക്കുംവരെ നിസ്സഹകരണമെന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ
പനമരത്തെ അൻപതോളം ഡി.വൈ.എഫ്.ഐ. പ്രവർത്തകരും സായന്തിന് പരസ്യപിന്തുണയുമായെത്തി. സായന്തിന് നീതി ലഭിക്കുന്നതുവരെ കൂടെനിൽക്കുമെന്ന് ഡി.വൈ.എഫ്.ഐ. മേഖലാ ജോയിൻറ് സെക്രട്ടറി പി.വി. വിനീത് മാധ്യമങ്ങളോട് പറഞ്ഞു. സായന്തിന് അനുകൂലമായ നീതിലഭിക്കുന്നതുവരെ സംഘടനാ സംവിധാനങ്ങളുമായി നിസ്സഹകരണം നടത്താനാണ് തങ്ങളുടെ തീരുമാനമെന്നും വിനീത് പറഞ്ഞു.