കുട്ടിക്കുറ്റവാളികൾ ആശങ്ക; സിദ്ധാർഥനെ ഓർക്കാതിരിക്കാനാവില്ല -മന്ത്രി ബിന്ദു കൃഷ്ണ

പൂക്കോട് : കുട്ടിക്കുറ്റവാളികൾ ആശങ്കയാണെന്നും ഒരു കുട്ടിക്ക് മറ്റൊരു കുട്ടിയോട് ഇത്രത്തോളം ക്രൂരമായി പെരുമാറാൻ കഴിയുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ. സഹപാഠികളെപ്പോലും കൊലപ്പെടുത്തുന്ന കുട്ടിക്കുറ്റവാളികൾ ഇന്നത്തെ തലമുറയിൽ ഉണ്ടാകുന്നത് ആശങ്കാജനകമാണ്. താനും 21 വയസ്സുള്ള ഒരു മകന്റെ അമ്മയാണെന്ന് മന്ത്രി പറഞ്ഞു. കരുവാറ്റയിൽ സ്വന്തം മുത്തശ്ശനെ കൊല്ലാൻ കൂട്ടുകാരെ ചുമതലപ്പെടുത്തുകയും ആ ദൃശ്യങ്ങൾ കാണുകയുംചെയ്ത കൗമാരക്കാരിയുടെ സംഭവവും മന്ത്രി പരാമർശിച്ചു.
റാഗിങ്ങിനിരയായി മരിച്ച സിദ്ധാർഥനെ ഓർക്കാതിരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വേദിയിൽ നിൽക്കുമ്പോൾ 2024-ൽ റാഗിങ്ങിനിരയായി മരിച്ച സിദ്ധാർഥനെ ഓർക്കാതിരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലയിലെത്തിയപ്പോൾ ആദ്യം ഓർമ്മയിൽവന്നത് സിദ്ധാർഥന്റെ മുഖമായിരുന്നു.
തിരുവനന്തപുരത്തെ കരമനയിൽ നടന്ന ഒരു പരിപാടിക്കിടെ സിദ്ധാർഥന്റെ അമ്മയെ കണ്ടപ്പോഴും മനസ്സ് വല്ലാതെ പതറിയെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടിൽ ഇനി ഒരു സിദ്ധാർഥനും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ നവീകരിച്ച പേവിഷബാധ രോഗനിർണയ കേന്ദ്രത്തിന്റെയും രണ്ട് വനിതാ ഹോസ്റ്റലുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വൈസ് ചാൻസലർ പ്രൊഫ. കെ.എസ്. അനിൽ അധ്യക്ഷതവഹിച്ചു. വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, വാർഡംഗം രജനി രവീന്ദ്രൻ, രജിസ്ട്രാർ പ്രൊഫ. സാബിൻ ജോർജ്, സർവകലാശാല ഭരണസമിതി അംഗങ്ങളായ പ്രൊഫ. കെ.സി. ബിപിൻ, സി.ആർ. സന്തോഷ്, മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ പ്രൊഫ. സാനിസ് ജൂലിയറ്റ്, ഡോ. പി.ടി. ദിനേശ്, സർവകലാശാല ഡയറക്ടർ ഓഫ് ഒാൺട്രപ്രനേർഷിപ്പ് പ്രൊഫ. ടി.എസ്. രാജീവ്, ഫിനാൻസ് ഓഫീസർ എ.കെ. ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യാന്തരനിലവാരമുള്ള തൊഴിലും കോഴ്സും
മൃഗസംരക്ഷണമേഖലയിൽ രാജ്യാന്തര നിലവാരത്തിലുള്ള തൊഴിലവസരങ്ങളും കോഴ്സുകളും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ആധുനിക ശാസ്ത്ര മുന്നേറ്റങ്ങൾക്കനുസരിച്ച് മൃഗസംരക്ഷണ മേഖലയിൽ മികച്ച മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. സർവകലാശാലയിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് കോഴ്സുകളിലൂടെ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഗവേഷണങ്ങൾക്ക് സർക്കാർ നേതൃത്വംനൽകും. പ്രായോഗിക അറിവുള്ള വിദ്യാസമ്പന്നരായ തലമുറയെ സൃഷ്ടിക്കാൻ സർവകലാശാലകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലൂറസെന്റ് മൈക്രോസ്കോപ്പ് ഉൾപ്പെടെയുള്ള ആധുനികസംവിധാനങ്ങൾ സ്ഥാപിച്ചാണ് വെറ്ററിനറി കോളേജിലെ പേവിഷബാധ രോഗനിർണയകേന്ദ്രം നവീകരിച്ചത്. ലബോറട്രി വടക്കൻ കേരളത്തിലെ ഏകോപിത മൃഗാരോഗ്യ -പൊതുജനാരോഗ്യപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും സർവകലാശാലയുടെ തനതു ഫണ്ടിന്റെയും സഹായത്തോടെ വെറ്ററിനറി കാമ്പസിൽ രണ്ട് ഹോസ്റ്റലുകളാണ് നിർമിച്ചത്.