സംസ്ഥാന സ്കൂൾ കായികമേള ഹോക്കിയിൽ വയനാടിന് വെള്ളിത്തിളക്കം

കല്പറ്റ : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ഹോക്കിയിൽ വയനാടിന് വെള്ളിത്തിളക്കം. ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് ജില്ല വിജയത്തിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ ആലപ്പുഴയെ പരാജയപ്പെടുത്തിയ ടീം സെമിയിൽ കഴിഞ്ഞ രണ്ടു വർഷത്തെ ജേതാക്കളായ കണ്ണൂരിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിൽ മലപ്പുറത്തിനോടാണ് ഏറ്റുമുട്ടിയത്.
ആവേശകരമായ മത്സത്തിൽ വയനാട് വെള്ളിമെഡൽ നേടി. നല്ലൂർനാട് എ.എം.എം.ആർ.ജി.എച്ച്.എസിലെ 17 വിദ്യാർഥികളും വെള്ളമുണ്ട എ.യു.പി. സ്‌കൂളിലെ അജാസ് മുഹമ്മദും അടങ്ങുന്നതാണ് ജില്ലയുടെ ടീം. ഇതിൽ നല്ലൂർനാട് എ.എം.എം.ആർ.ജി.എച്ച്.എസിലെ ആദർശ് ബാബു, ശ്രീഷ്ണവ് എന്നിവർ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണപ്രസാദിന് പ്രോമിസിങ് പ്ലെയർ അവാർഡ് ലഭിച്ചു. പരിശീലകൻ പി.കെ. സുമിത്ത്, കായികാധ്യാപകൻ റോണി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് മികച്ച ടീം നേട്ടം കൈവരിച്ചത്.