കോളിയാടിയിൽ ബസ് കാത്തിരിപ്പിന് സൗകര്യമില്ല

സുൽത്താൻബത്തേരി : ബസ് കാത്തിരിപ്പിന് സൗകര്യമില്ലാതെ കോളിയാടി ടൗണിലെത്തുന്ന യാത്രക്കാർ.

മഴയായാലും വെയിലായാലും കുടചൂടി നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. കടകളുടെ വരാന്തകളിലുംമറ്റും കയറിനിന്നാണ് പലരും ബസിന് കാക്കുന്നത്. ബത്തേരി-താളൂർ റോഡിന്റെ നവീകരണം പൂർത്തിയായതോടെയാണ് ചുള്ളിയോട് റോഡിലേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രം ഉപയോഗിക്കാനാകാതെ വന്നത്. റോഡിന്റെ ലെവലിൽനിന്ന്‌ വളരെ താഴെയായാണ് നിലവിൽ കാത്തിരിപ്പുകേന്ദ്രമുള്ളത്. നടപ്പാതയടക്കമുള്ള ഭാഗം ഉയർന്നതോടെ ഇതും കടന്ന് താഴേക്കിറങ്ങി നിൽക്കാനാകില്ല. ഇതോടെ ഇത് ഉപയോഗിക്കാനാകാതെ വന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള നിലവിലുള്ള സ്ഥലത്ത് ബസ് കാത്തിരിപ്പുകേന്ദ്രം പണിതാൽ ചുള്ളിയോട് താളൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഉപയോഗിക്കാനാകും. എന്നാൽ, ബത്തേരി ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സ്ഥലം കണ്ടെത്തണം. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. പ്രദീപ്കുമാർ കോളിയാടി, ഏലിയാസ് തുരുത്തേൽ, വി.വി. സ്ലീബ, എം. സാജൻ, എം. മോഹനൻ, ഷാൻ ജോർജ്, കെ. ബ്രെയ്‌സ്, സ്മിതിൻ സണ്ണി, ഷെറിൻ പോൾ, കെ. മനാഫ് തുടങ്ങിയവർ സംസാരിച്ചു.