ആചാരപ്രകാരം താലിചാർത്തൽ, ശേഷം മാപ്പിളപ്പാട്ട്

.
.

കണ്ണൂര്‍: വീടിന് വടക്കുവശത്തെ ക്ഷേത്രത്തിലെ കുലദേവതയെ വണങ്ങി ബ്രാഹ്‌മണ ആചാരത്തോടെ താലി ചാര്‍ത്തല്‍. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ വധുവരന്‍മാരെ അനുഗ്രഹിച്ച് മാപ്പിളപ്പാട്ട്. കണ്ണൂര്‍ വളപട്ടണത്ത് നടന്ന വേറിട്ട കല്യാണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ വൈറലായി.

വളപട്ടണം ഗ്രാമപ്പഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്റുമായ വടക്കെ ഇല്ലം കൂടോത്ത് ലളിതാ ദേവിയുടെ മകന്‍ വി.കെ. മനോജിന്റെ മകള്‍ അഞ്ജനയും കോഴിക്കോട് സ്വദേശി തയ്യില്‍ ഇല്ലത്തില്‍ ഹരിനാഥുമാണ് വിവാഹിതരായത്. ബെംഗളൂരു ഇന്‍ഫോസിസില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറാണ് അഞ്ജന. ഹരിനാഥ് മുംബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനും. 'മതസൗഹാര്‍ദത്തിന് മാതൃക' എന്ന കുറിപ്പോടെയാണ് കല്യാണാഘോഷത്തിന്റെ വീഡിയോദൃശ്യം പ്രചരിക്കുന്നത്.

വളപട്ടണത്തെ വീട്ടില്‍ നടന്ന വിവാഹത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീല, വൈസ് പ്രസിഡന്റ് വി.കെ.സി. ജംഷീറ, സ്ഥിരംസമിതി ചെയര്‍മാന്‍ സമീറ, വാര്‍ഡ് അംഗങ്ങളായ മൈമൂനത്ത്, ഖദീജ, രാധിക എന്നിവര്‍ ചേര്‍ന്നാണ് വധുവരന്‍മാരെ ഇരുത്തി മാപ്പിളപ്പാട്ട് പാടിയത്. നാട്ടുകാരും ബന്ധുക്കളും പാട്ടിനൊപ്പം ചുവടുവെച്ചു. വീട്ടിലാരുന്നു താലികെട്ടും മറ്റ് ചടങ്ങുകളും. ഇതിനുശേഷമായിരുന്നു മാപ്പിളപ്പാട്ട്.

കളരിവാതുക്കല്‍ ക്ഷേത്ര സമുദായസ്ഥാനികന്‍ കേശവന്‍ മൂത്ത പിടാരരുടെ നേതൃത്വത്തില്‍ മധുരവിതരണവുമുണ്ടായിരുന്നു. വിവാഹ വീട്ടിലെ പാട്ട് വൈറലായതില്‍ സന്തോഷമുണ്ടെന്ന് വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീലയും രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റായ റിട്ട. അധ്യാപിക ലളിതാ ദേവിയും പറഞ്ഞു.

Content Highlights: viral wedding video