ഹംഗറിയിൽ ആര് വാഴും? നോറിസിന്റെ കുതിപ്പിനെ വെർസ്റ്റാപ്പനും ഹാമിൽട്ടണും തളയ്ക്കുമോ?

ഫോർമുല വൺ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സ് ബുഡാപെസ്റ്റിലെ ഹങ്കാരോറിങ് ട്രാക്കിൽ നടക്കാനിരിക്കുകയാണ്. പോയിന്റ് പട്ടികയിലും റേസിംഗ് ലോകത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്നുവെന്ന് ആരാധകർ വിശ്വസിക്കുന്ന റേസ് ആണിത്.

ഹങ്കാരോറിംഗ് ട്രാക്ക് ലേയൗട്ടിന്റെ സവിശേഷത കാരണം ‘Monaco without walls’ എന്നാണ് അറിയപ്പെടുന്നത്. സ്ട്രെയിറ്റ് ട്രാക്കുകൾ ഇവിടെ കുറവാണ്. ധാരാളം സ്ലോ, മീഡിയം സ്പീഡ് കോർണറുകളും ഈ ട്രാക്കിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ കാറുകൾക്ക് പരമാവധി ഗ്രിപ്പും സ്റ്റെബിലിറ്റിയും നൽകുന്ന 'ഹൈ-ഡൗൺഫോഴ്സ്' ഏയറോഡൈനാമിക് സെറ്റപ്പാണ് ടീമുകൾ ഇവിടെ തിരഞ്ഞെടുക്കുന്നത്. ട്രാക്ക് വളരെ ഇടുങ്ങിയതായതുകൊണ്ട് കാറുകളെ ഓവർടേക്ക് ചെയ്യുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. അതിനാൽ ക്വാളിഫയിങ്ങിൽ നേടുന്ന പൊസിഷൻ മത്സരഫലത്തിൽ നിർണായകമാകാറുണ്ട്.

അതിശക്തമായ പോരാട്ടം നടന്ന ക്വാളിഫയിംഗ് സെഷനിൽ മക്ലാറൻ ഡ്രൈവർ ലാന്റോ നോറിസ് മിന്നുന്ന പ്രകടനത്തോടെ പോൾ പൊസിഷൻ സ്വന്തമാക്കി. സെക്കൻഡിന്റെ നൂറിലൊന്ന് അംശത്തിനാണ് ഫെറാറിയുടെ ലൂയിസ് ഹാമിൽട്ടണെ മറികടന്ന് നോറിസ് മുന്നിലെത്തിയത്. ചാൾസ് ലെക്ലെർക്ക്, ഓസ്കർ പിയാസ്ട്രി, മാക്സ് വെർസ്റ്റാപ്പൻ എന്നിവരും ഗ്രിഡിന്റെ മുൻനിരയിലുണ്ട്. അതേസമയം, യെല്ലോ ഫ്ലാഗ് വയലേഷൻസ് കാരണം ലൂയിസ് ഹാമിൽട്ടണും കിമി ആന്റൊണെല്ലിക്കും ഗ്രിഡ് പെനാൽറ്റികൾ ലഭിച്ചത് സ്റ്റാർട്ടിംഗ് ലൈനപ്പിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഹങ്കാരോറിംഗിൽ വെറും വേഗത മാത്രം പോരാ, മറിച്ച് മികച്ച തന്ത്രങ്ങളും ആവശ്യമാണ്. മത്സരത്തിന്റെ വിധി നിർണ്ണയിക്കാൻ പോകുന്ന രണ്ട് പ്രധാന ഘടകങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

അണ്ടർകട്ട് സ്ട്രാറ്റജി- ട്രാക്കിൽ ഓവർടേക്കിങ് പ്രയാസമായതിനാൽ, എതിരാളിയേക്കാൾ മുൻപേ പിറ്റ് സ്റ്റോപ്പ് എടുത്ത് പുതിയ ടയറുകളിലൂടെ വേഗത കൂട്ടി മുന്നിലെത്തുന്ന തന്ത്രമാണിത്.

ടയർ മാനേജ്‌മെന്റ്- ഹംഗറിയിലെ കടുത്ത ചൂടും തുടർച്ചയായ കോർണറുകളും ടയറുകൾ വേഗത്തിൽ തേഞ്ഞുതീരാൻ കാരണമാകും. ടയറുകൾ കൃത്യമായി മാനേജ് ചെയ്യുന്ന ഡ്രൈവർക്കായിരിക്കും അവസാന ലാപ്പുകളിൽ മുൻതൂക്കം ലഭിക്കുക.

ആരാകും ഹംഗറിയിലെ രാജാവ്? ഒന്നാമതായി റേസ് ആരംഭിക്കുന്നതിനാൽ ലാന്റോ നോറിസിന് തന്നെയാണ് വിജയസാധ്യത കൂടുതൽ കൽപ്പിക്കപ്പെടുന്നത്. എന്നാൽ ഫെറാറിയുടെയും റെഡ് ബുള്ളിന്റെയും ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കുക എന്നത് നോറിസിന് വെല്ലുവിളിയാകും. മക്ലാറൻ തങ്ങളുടെ ആധിപത്യം തുടരുമോ അതോ ലൂയിസ് ഹാമിൽട്ടണും മാക്സ് വെർസ്റ്റാപ്പനും മുന്നോറുമോ എന്നുള്ളത് കാത്തിരുന്ന കാണണം.