ലോകകപ്പിന് മുൻപേ മാരക്കാനയിൽ ബ്രസീലിന്റെ മുന്നറിയിപ്പ്; സാംബ താളത്തിൽ 'ആറാടി' കാനറികൾ

മാരക്കാന സ്റ്റേഡിയത്തിൽ സാംബ താളം മുഴങ്ങിയ ആവേശപ്പോരാട്ടത്തിൽ, പനാമയെ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത് ബ്രസീൽ തങ്ങളുടെ ലോകകപ്പ് മുന്നൊരുക്കങ്ങൾ ഗംഭീരമാക്കുകയാണ്. പരിശീലകൻ കാർലോ അൻസലോട്ടിയുടെ കീഴിൽ ഇറങ്ങിയ കാനറികൾ, ക്ലിനിക്കൽ ഫിനിഷിംഗിലൂടെയും അഗ്രസീവ് ഫുട്ബോളിലൂടെയും ആധികാരിക വിജയമാണ് സ്വന്തമാക്കിയത്.

മത്സരം ആരംഭിച്ച് വെറും രണ്ടാം മിനിറ്റിൽ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ അക്കൗണ്ട് തുറന്നു. ബോക്സിന് പുറത്ത് നിന്ന് വിനീഷ്യസ് ഉതിർത്ത തകർപ്പൻ ഷോട്ട് പനാമ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ 14-ാം മിനിറ്റിൽ ആമിർ മുറില്ലോയുടെ ഫ്രീ കിക്ക് ബ്രസീലിയൻ താരം മാറ്റിയസ് കുൻഹയുടെ ശരീരത്തിൽ തട്ടി വലയിൽ കയറിയതോടെ പനാമ സമനില പിടിച്ചു.

തുല്യശക്തികളുടെ പോരാട്ടം എന്ന് തോന്നിച്ച ആദ്യ പകുതിയുടെ 39-ാം മിനിറ്റിൽ വിനീഷ്യസിന്റെ ക്രോസിൽ നിന്ന് നായകൻ കസീമിറോ ഹെഡറിലൂടെ ഗോൾ നേടി ബ്രസീലിന് വീണ്ടും ലീഡ് നൽകി. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീൽ 2-1 ന് മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ പത്തു മാറ്റങ്ങളുമായിട്ടാണ് അൻസലോട്ടി ടീമിനെ ഇറക്കിയത്. ഇത് ബ്രസീലിന്റെ ആക്രമണത്തിന് കൂടുതൽ വേഗത നൽകി. 53-ാം മിനിറ്റിൽ പനാമ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് റയാൻ ബ്രസീലിന്റെ മൂന്നാം ഗോൾ നേടി. 60-ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയുടെ ഷോട്ട് പനാമ ഡിഫൻഡർ കോർഡോബയുടെ ശരീരത്തിൽ തട്ടി വലയിലെത്തിയതോടെ സ്കോർ 4-1 ആയി.

മൂന്ന് മിനിറ്റിനുശേഷം ബോക്സിനുള്ളിൽ വീഴ്ത്തപ്പെട്ടതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇഗോർ തിയാഗോ ബ്രസീലിന്റെ ഗോൾ പട്ടിക അഞ്ചിലെത്തിച്ചു. 81-ാം മിനിറ്റിൽ പക്വേറ്റയുടെ പാസിൽ നിന്ന് ഡാനിലോ മനോഹരമായ ഒരു ഗോളിലൂടെ ബ്രസീലിന്റെ ആറാം ഗോളും പൂർത്തിയാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കാർലോസ് ഹാർവി പനാമയ്ക്കായി ആശ്വാസ ഗോൾ നേടിയെങ്കിലും ബ്രസീലിന്റെ ആധിപത്യത്തിന് ഇളക്കം തട്ടിയില്ല.

24 വർഷത്തെ ലോകകപ്പ് കിരീട വരൾച്ച അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന ബ്രസീലിന് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. 4-2-4 എന്ന ആക്രമണാത്മക ഫോർമേഷനിലാണ് ടീം ഇപ്പോൾ കളിക്കുന്നത്. പരിക്കിനെ തുടർന്ന് നെയ്മർ ഈ മത്സരത്തിൽ കളിച്ചില്ലെങ്കിലും അദ്ദേഹം ലോകകപ്പ് സ്ക്വാഡിലുണ്ട്. 72,140 കാണികളാണ് മാരക്കാനയിൽ ഈ മത്സരം കാണാനെത്തിയത്.

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജൂൺ 13-ന് ബ്രസീൽ മൊറോക്കോയെ നേരിടും. അതിന് മുന്നോടിയായി ശനിയാഴ്ച ഈജിപ്തിനെതിരെ ഒരു സൗഹൃദ മത്സരം കൂടി ബ്രസീലിനുണ്ട്. ഈ വിജയത്തോടെ ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ടീമുകൾക്ക് ബ്രസീൽ വ്യക്തമായ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.