സിംഹക്കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളായി ദൗത്യ സംഘം, പിച്ചവെച്ച് പുതിയ അതിഥികൾ
തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികളെത്തി. നൈല - ലിയോ എന്നീ സിംഹങ്ങൾക്ക് ജനുവരി 21ന് ഉണ്ടായ കുഞ്ഞുങ്ങളെയാണ് മൃഗശാല ആശുപത്രിയിൽ പരിപാലിക്കുന്നത്. നൈലയുടെ കഴിഞ്ഞ പ്രസവത്തിലെ കുഞ്ഞുങ്ങൾ മരിച്ചുപോയതിനാൽ ഇത്തവണ അധികൃതർ കൂടുതൽ മുൻകരുതൽ എടുത്തിരുന്നു. മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായെങ്കിലും പ്രസവത്തിന് സാധാരണയിൽ കവിഞ്ഞ സമയം എടുത്തതുകൊണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. മൃഗശാല വെറ്ററിനറി സർജ്ജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ അടിയന്തിര ശുശ്രൂഷകൾ നൽകിയെങ്കിലും നൈലയ്ക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്തത് വെല്ലുവിളി ആയി. കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായി വന്നതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി രാത്രി തന്നെ കുഞ്ഞുങ്ങളെ ഹോസ്പിറ്റലിലേക്ക് മാറ്റി. വെറ്ററിനറി സർജ്ജന്റെ മേൽനോട്ടത്തിൽ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ, നഹാസ്, അനിമൽ കീപ്പർ അനിൽ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് ചികിത്സ ആരംഭിച്ചു.
കുഞ്ഞുങ്ങൾ സ്വന്തമായി പാൽ വലിച്ച് കുടിക്കാൻ തുടങ്ങിയതോടെ കുഞ്ഞുങ്ങളെ ഇൻക്യൂബറ്ററിൽ നിന്ന് പ്രത്യേക റൂമിലേക്ക് മാറ്റി. ദിവസം ആറ് മണിക്കൂർ ഇടവേളയിൽ ആണ് കുഞ്ഞുങ്ങൾക്ക് പാൽ നൽകേണ്ടത്. ഫ്രഞ്ച് ബ്രാൻഡായ റോയൽ കാനിൻ എന്ന പാൽപ്പൊടിയാണ് ഇപ്പോൾ സിംഹക്കുട്ടികൾക്ക് നൽകുന്നത്. ആദ്യ ദിവസം 1.850kg ആയിരുന്നു ആൺ കുഞ്ഞിന്റെ ഭാരം, പെൺ കുഞ്ഞിന് 1.650kg. ഇപ്പോൾ ഒരു മാസം പ്രായമായതോടെ ആൺ കുഞ്ഞിന് 3.150kg യും പെൺ കുഞ്ഞിന് 2.850kg യും ഭാരം ഉണ്ടായിട്ടുണ്ട്. ആദ്യത്തെ പത്ത് ദിവസത്തോളം കണ്ണുകൾ തുറക്കാത്ത കുഞ്ഞുങ്ങൾക്ക് ഇപ്പോൾ ദൗത്യസംഘമാണ് അച്ഛനും അമ്മയും. ഏറ്റവും അപകടകരമായ ആദ്യത്തെ 30 ദിവസം കടന്നെങ്കിലും ഇതിനിടയിൽ ഒരിക്കൽ പെൺകുഞ്ഞ് രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിൽ ആയിരുന്നു.
രാപ്പകലില്ലാതെ സംഘം നടത്തിയ പരിശ്രമത്തിന്റെ ഫലമായായി കുട്ടികൾ അപകടനില തരണം ചെയ്തിട്ടുണ്ട്. സ്വന്തമായി ഇറച്ചി കഴിക്കാൻ തുടങ്ങുന്നതോടെ ഇവരെ തുറന്ന കൂടിലേക്ക് മാറും. അതുവരെ ഏകദേശം മൂന്ന് മാസത്തോളം ഇവരെ ഹോസ്പിറ്റലിൽ സജീകരിച്ചിട്ടുള്ള നഴ്സറിയിൽ തന്നെ പരിപാലിക്കും. അതിനു ശേഷമായിരിക്കും കുഞ്ഞുങ്ങൾക്ക് പേരിടുക എന്ന് അധികൃതർ അറിയിച്ചു.
Content Highlights: Trivandrum Zoo Welcomes New Lion Cubs: A Tale of Survival and Dedication