'അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും..' ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ പന്ത്രണ്ട് വിളക്ക് ആഘോഷം
അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന ഓംകാരമൂര്‍ത്തിയുടെ ക്ഷേത്രം.. കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രം. ഇരുപത്തിരണ്ടേക്കര്‍ സ്ഥലത്ത് രണ്ട് ആല്‍ത്തറകളും കാവുകളും അടങ്ങുന്ന ക്ഷേത്രസങ്കല്‍പം. പ്രകൃതിയോടിണങ്ങിയ ആചാര അനുഷ്ഠാനങ്ങള്‍... വര്‍ഷംതോറും ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ക്ഷേത്രത്തില്‍ ചെളിയാണ് പ്രസാദം. വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട് വരെ നടക്കുന്ന പന്ത്രണ്ടുവിളക്കാണ് ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനആഘോഷം. ആ ദിവസങ്ങളിലെ പ്രധാന ആചാരമാണ് കുടില്‍കെട്ടി ഭജനം.
ദുരിതശാന്തിക്കായി സ്വന്തം വീടും സൗകര്യങ്ങളും താത്കാലികമായി ഉപേക്ഷിച്ച് 12 ദിവസം ഭജനം പാര്‍ക്കാന്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുക. ഇതിനായി ദേവസ്വം തയ്യാറാക്കിയ കുടിലുകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം. തകരഷീറ്റുകൊണ്ട് നിര്‍മിച്ച ചെറിയ ഷെഡ്ഡുകളാണ് ഇപ്പോള്‍ കുടിലുകള്‍. കുടിലില്‍ നിലത്തുപായവിരിച്ച് കിടന്നാണ് ഉറക്കം. രാവിലെയും വൈകിട്ടും ആല്‍ത്തറയില്‍ പ്രദക്ഷിണവും പൂജകളും. മിക്ക കുടിലുകളിലും ഭക്ഷണവിതരണമുണ്ടാകും.
മൂന്നു നേരവും കുടിലില്‍ ആഹാരമുണ്ടാക്കി വരുന്നവരെയെല്ലാം ഊട്ടും. വിഭവസമൃദ്ധമായ സദ്യ തന്നെയാണ് പലരും ഒരുക്കുക. വൈകിട്ട് പുഴുക്കോ കഞ്ഞിയോ ഉണ്ടാവും. കുടിലുകളിലല്ലാതെ ക്ഷേത്രത്തിന്റെ പരിസരത്തെ ആല്‍ത്തറകള്‍, സേവപ്പന്തലുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ ഭജനം പാര്‍ക്കുന്നവരുമുണ്ട്. പണ്ടുകാലത്ത് ഓച്ചിറ ബുദ്ധ വിഹാരമായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. പര്‍ണശാലകള്‍ കെട്ടി ധ്യാനനിരതരാകുന്നത് ബുദ്ധഭിക്ഷുക്കളുടെ ആചാരത്തിന്റെ ഭാഗമാണെന്നും കരുതുന്നു.
കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍ക്കുമുന്നില്‍ അണിയിച്ചൊരുക്കി നിര്‍ത്തിയിരിക്കുന്ന കാളകളാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത്. ഭക്തര്‍ അവയെ വന്ദിച്ച് ദക്ഷിണ നല്‍കുന്നു. കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍, ഒണ്ടിക്കാവ്, എട്ടുകണ്ടം, തകടിക്കണ്ടം, ഗണപതി കോവില്‍ എന്നിവ വലംവെച്ച് പ്രാര്‍ഥിക്കണം. എട്ടുകണ്ടം ഉരുളിച്ചയാണ് ഒരു പ്രധാന വഴിപാട്. മിഥുനമാസത്തിലെ ഓച്ചിറക്കളിയും ഇരുപത്തെട്ടാം ഓണനാളിലെ കെട്ടുത്സവവുമാണ് മറ്റ് പ്രധാന ആഘോഷങ്ങള്‍. രോഗശാന്തിക്കായി കൈ, കാല്‍, കണ്ണ് രൂപങ്ങളും ആള്‍രൂപവും നേര്‍ച്ചയായി വിശ്വാസികള്‍ കാഴ്ചവെക്കുന്നു.