പെരുമഴ നനഞ്ഞും ഭജന കേട്ട ജനസാഗരം; ജാതി,മതം,പ്രായം മറന്ന് തലമുറകളെ ഒന്നിപ്പിച്ച നന്ദഗോവിന്ദം

കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ ഭജനകൊണ്ട് കോർത്തിണക്കിയ ഒരു സംഘം. ഭജനയെ ലഹരിയാക്കി മാറ്റിയ ആ സംഘത്തിന്റെ പേരാണ് നന്ദഗോവിന്ദം ഭജൻസ്. രണ്ട് പതിറ്റാണ്ടിലധികമായി ആസ്വാദകരുടെ കാതും കണ്ണും മനസും നിറച്ച് മുന്നേറുന്ന നന്ദഗോവിന്ദം തങ്ങളുടെ യാത്രയാരംഭിച്ച തട്ടകമാണ് കോട്ടയം ജില്ലയിലെ നട്ടാശ്ശേരിയിലുള്ള ശ്രീ വേമ്പിൻ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം. ഇവിടുത്തെ സപ്താഹവേദികളിലും ഉത്സവത്തിനും പാടിത്തെളിഞ്ഞാണ് നന്ദഗോവിന്ദം ഇന്ന് ലക്ഷണക്കണക്കിന് ആസ്വാദകർ കാത്തിരിക്കുന്ന ശബ്ദമായി മാറിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വന്തം തട്ടകത്തിലേക്ക് നന്ദഗോവിന്ദം വീണ്ടും പാടാനെത്തുകയാണ്. ഈ വരുന്ന വിഷുദിനത്തിൽ നട്ടാശ്ശേരിയിലെ ഈ അമ്പലപറമ്പിൽ നന്ദഗോവിന്ദത്തിന്റെ സ്വരം വീണ്ടുമൊഴുകും. വിശേഷങ്ങളുമായി മാതൃഭൂമിക്കൊപ്പം ചേരുകയാണ് നന്ദഗോവിന്ദം സംഘത്തിലെ നവീൻ, പ്രവീൺ, ഉണ്ണികൃഷ്ണൻ എന്നിവർ.

‘വീട്ടിലേക്ക് തിരിച്ചെത്തുന്ന സന്തോഷമാണ് മനസിൽ. നന്ദഗോവിന്ദം പാടിത്തുടങ്ങിയ അമ്പലമാണ്. ഞങ്ങളുടെ എല്ലാ ഓർമകളും കിടക്കുന്ന സ്ഥലം. ഞങ്ങളെ ഏറ്റവും പിന്തുണച്ച, ഞങ്ങളുടെ എല്ലാ പരീക്ഷണങ്ങൾക്കും വേദിയായ സ്ഥലം. ഇവിടെ ഞങ്ങളുടെ നാട്ടുകാരുടെ, ഞങ്ങളുടെ ആൾക്കാരുടെ മുന്നിൽ പാടുന്നത് വേറൊരു അനുഭവം തന്നെയാണ്. ഇവിടുത്തെ ഉത്സവം ആയിക്കോട്ടെ, സപ്താഹം ആയിക്കോട്ടെ അവിടെ നന്ദഗോവിന്ദത്തിന് ഒരു വേദി എപ്പോഴും തരാനായിട്ട് അവർ ശ്രമിച്ചിട്ടുണ്ട്. അതൊക്കെയാണ് ഇപ്പോൾ നിൽക്കുന്ന ഈ ഒരു ഘട്ടത്തിലേക്ക് എത്താനായിട്ട് ഞങ്ങളെ സഹായിച്ച ഒരു ഘടകം.’

‘ഇവിടെ പാടിത്തുടങ്ങുമ്പോൾ ഈ പ്രസിദ്ധിയൊന്നും നമ്മുടെ മനസിൽ ഇല്ലല്ലോ. ഭജന പാടുക എന്ന് മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. പിന്നെ വ്യത്യാസം എന്ന് പറയാനാണെങ്കിൽ കുറേ ആൾക്കാർ നമ്മുടെ അമ്പലം ആയതുകൊണ്ട് ഇവിടെ വന്ന് നന്ദഗോവിന്ദത്തിന്റെ ഭജന കാണണം എന്ന് പറയുന്നുണ്ട്. കേരളത്തിന് അകത്ത് നിന്ന് മാത്രമല്ല, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നൊക്കെ നന്ദഗോവിന്ദത്തെ സ്നേഹിക്കുന്നവർ.’

‘അന്നേ ദിവസം നേരത്തെ പ്ലാൻ ചെയ്ത് ഇവിടെ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ ആ വ്യത്യാസം കാഴ്ച്ചക്കാരിലാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ മുമ്പും പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതാണ്. അതിൽ നിന്നെല്ലാം വ്യത്യാസമായി ഇന്ന് അനുഭവപ്പെടുന്ന ഈ തിരക്ക് കാണുമ്പോൾ സന്തോഷം മാത്രമാണ്. ഞങ്ങൾ കാരണം ഞങ്ങളുടെ അമ്പലത്തിലേക്ക് ഇത്രയും പേർ എത്തിച്ചേരുന്നു. അഭിമാന നിമിഷം എന്ന് പറയാം. ഞങ്ങൾ വളർന്ന അമ്പലത്തിനായി ഒരു ചെറിയ കാര്യമെങ്കിലും ഞങ്ങളിലൂടെ ചെയ്യാൻ പറ്റുന്നത് സംതൃപ്തി നൽകുന്നു,’... നന്ദഗോവിന്ദം പറയുന്നു.

Content Highlights: Nandagovindam Bhajans returning to their origin temple in Nattassery. Two decades of musical legacy and emotional connection to the roots. Special performance scheduled for the upcoming Vishu festival. Global fan following traveling to witness the homecoming performance.