വിധി ചക്രക്കസേരയില്‍ ഇരുത്തി, പക്ഷേ തോറ്റുകൊടുക്കാന്‍ തയ്യാറല്ല; ജനവിധി തേടി റീജ
മുക്കം നഗരസഭയിലേക്ക് മത്സരിക്കുന്ന 127 സ്ഥാനാര്‍ത്ഥികളില്‍ ഒരു ഭിന്നശേഷിക്കാരിയുമുണ്ട്. പേര് റീജ തെക്കെപൊയില്‍. വീല്‍ ചെയറിലിരുന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ട് തേടി വാര്‍ഡിലെ എല്ലാ വീടുകളിലും റീജ എത്തുന്നുണ്ട്. വിധിയെ തോല്‍പ്പിച്ച തനിക്ക് ജനവിധിയും അനുകൂലമാകുമെന്നാണ് റീജയുടെ പ്രതീക്ഷ. നാടിന് വേണ്ടിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കണം. ജനവിധിയിലൂടെ അതിനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റീജ.
മറ്റു കുട്ടികളെ പോലെ കളിച്ചു നടന്നിരുന്ന റീജയുടെ ജീവിതം വീല്‍ചെയറിലാകുന്നത് പത്ത് വയസ്സില്‍ പോളിയോ പിടിപെട്ടതോടെയാണ്. നീണ്ട ചികിത്സക്കൊടുവില്‍ കൈകള്‍ക്ക് ചലന ശേഷി തിരിച്ചുകിട്ടിയെങ്കിലും കാലുകള്‍ ചലിച്ചില്ല. വിധി ചക്രക്കസേരയില്‍ ഇരുത്തിയെങ്കിലും റീജ തോറ്റുകൊടുത്തില്ല. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു. ഉപജീവനത്തിനായി തയ്യല്‍ പഠിച്ചു. കഠിനാധ്വാനത്തില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരഭകയായി. മത്സരിക്കാനുള്ള മോഹം ഏറെ നാളായി ഉണ്ടെങ്കിലും ഇത്തവണയാണ് അവസരം ലഭിച്ചത്. മുക്കം നഗരസഭയിലെ 27 ഡിവിഷനില്‍ ബിജെപി സീറ്റിലാണ് മത്സരം.