തൊഴിലാളികൾ പകുതിയായി, വെള്ളവും ലാഭിച്ചു! സ്പ്രിങ്ക്ലർ ഇറിഗേഷനിലൂടെ യുവകർഷകന്റെ കാർഷിക വിപ്ലവം
കേരളത്തിലെ കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ കടന്നുവരവ് വലിയ മാറ്റങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. കാലം തെറ്റിപ്പെയ്യുന്ന മഴയും രൂക്ഷമായ തൊഴിലാളിക്ഷാമവും വർധിച്ചുവരുന്ന ഉത്പാദനച്ചെലവും കർഷകർക്ക് വലിയ ഭീഷണിയാകുമ്പോൾ, ജലസേചനത്തിലെ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കി മാതൃകയാകുകയാണ് എറണാകുളം മഴുവന്നൂർ സ്വദേശിയായ വർഗീസ്.
തന്റെ 18 ഏക്കറോളം വരുന്ന കൃഷിയിടത്തിൽ റബ്ബറിന് ഇടവിളയായി റോയി സെലക്ഷൻ ഇനത്തിൽപ്പെട്ട 24,000-ത്തോളം കാപ്പിത്തൈകളാണ് അദ്ദേഹം വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഓരോ തുള്ളി വെള്ളവും പരമാവധി പ്രയോജനപ്പെടുത്തി കുറഞ്ഞ ജലവിനിയോഗത്തിലൂടെ ഉയർന്ന വിളവ് നേടുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കാർഷിക എൻജിനീയറിങ് വിഭാഗം നടപ്പാക്കുന്ന 'പെർ ഡ്രോപ്പ് മോർ ക്രോപ്പ്' പദ്ധതിയിലൂടെ 12 ഏക്കർ സ്ഥലത്ത് വർഗീസ് സ്പ്രിങ്ക്ലർ സംവിധാനം സജ്ജമാക്കി.
വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെട്ടതോടെ സാധാരണ രീതിയിൽ ഹോസ് ഉപയോഗിച്ച് നനയ്ക്കുന്നത് പ്രായോഗികമല്ലാതായി മാറി. തുടർന്നാണ് അദ്ദേഹം കാക്കനാട്ടുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെട്ട് സബ്സിഡിയോടെ സ്പ്രിങ്ക്ലർ സംവിധാനം സ്ഥാപിച്ചത്. ഇതോടെ ജലവിനിയോഗം ഗണ്യമായി കുറയ്ക്കാനും, നാല് തൊഴിലാളികൾ ചെയ്തിരുന്ന ജോലി രണ്ടുപേരെ വച്ച് എളുപ്പത്തിൽ തീർക്കാനും അദ്ദേഹത്തിന് സാധിച്ചു. ഡ്രിപ്പ് ഇറിഗേഷൻ ചെയ്യുമ്പോൾ തോട്ടത്തിലൂടെ കൂടുതൽ പൈപ്പുകൾ കടന്നുപോകുന്നത് കാരണം പുല്ലുവെട്ടുന്ന സമയത്തും ക്ലീനിങ്ങിലും പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് ഇവിടെ സ്പ്രിങ്ക്ലർ നൽകിയത്.
വിളപരിപാലനത്തിൽ രാസവളങ്ങൾക്ക് പകരം ജൈവരീതികൾക്കാണ് വർഗീസ് മുൻഗണന നൽകുന്നത്. കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, കോഴിവളം, യൂറിയ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് നടത്തുന്ന ജൈവ വളപ്രയോഗവും കൃത്യമായ നനയും കാരണം സാധാരണ മൂന്ന് വർഷമെടുക്കുന്ന കാപ്പി വിളവെടുപ്പ് രണ്ടുമുതൽ രണ്ടര വർഷത്തിനുള്ളിൽ തന്നെ ആരംഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തട്ടുകളായുള്ള കൃഷിയിടത്തിൽ മഴ പോലെ പെയ്യുന്ന സ്പ്രിങ്ക്ലർ സംവിധാനം ചെടികളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നുണ്ട്.
ഇവിടെ ജലസേചനത്തിനായി ബോർവെല്ലിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം 5,000 ലിറ്ററിന്റെ രണ്ട് വലിയ ജലസംഭരണികളിലാണ് ശേഖരിക്കുന്നത്. അവിടെനിന്ന് 2 ഇഞ്ച് എച്ച്.ഡി.പി.ഇ (HDPE) മെയിൻ ലൈനും, ഒന്നര ഇഞ്ച് സബ്ലൈനും, 20 mm എൽ.എൽ.ഡി.പി.ഇ (LLDPE) പൈപ്പുകളും വഴിയാണ് സ്പ്രിങ്ക്ലറുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഒരു മണിക്കൂറിൽ 200 ലിറ്റർ വെള്ളംമാത്രം പുറത്തുവിടുന്ന സ്പ്രിങ്ക്ലറുകൾ ഉപയോഗിച്ച് നാല് മീറ്റർ ചുറ്റളവിൽ ഒരേപോലെ നനയ്ക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.
എൽ നിനോ മൂലം അതിശക്തമായ ചൂടും ജലക്ഷാമവും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ സ്പ്രിങ്ക്ലർ സംവിധാനത്തിലൂടെ ഒരു പരിധിവരെ ജലോപയോഗം കുറയ്ക്കാനും ജലം ഫലപ്രദമായി വിനിയോഗിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വർഗീസ് പറയുന്നു.
പെർ ഡ്രോപ്പ് മോർ ക്രോപ്പ് പദ്ധതി
തുള്ളിനന (ഡ്രിപ്പ് ഇറിഗേഷൻ), സ്പ്രിങ്ക്ലർ ഇറിഗേഷൻ എന്നിവയാണ് ഈ പദ്ധതിക്ക് കീഴിൽ പ്രധാനമായും നൽകുന്നത്. ചെടിയുടെ വേരുകളിലേക്ക് കൃത്യമായ അളവിൽ വെള്ളവും വെഞ്ചറി സിസ്റ്റം വഴി വളവും നേരിട്ടെത്തിക്കാൻ ഡ്രിപ്പ് ഇറിഗേഷനാണ് ഏറ്റവും അനുയോജ്യം. എന്നാൽ വിശാലമായ സ്ഥലങ്ങളിൽ ഒരേസമയം കൂടുതൽ ഏരിയ നനയ്ക്കാനും, ഇൻസ്റ്റാളേഷൻ ചെലവും ലേബർ ചാർജും കുറയ്ക്കാനും മൈക്രോ സ്പ്രിങ്ക്ലർ സംവിധാനം സഹായിക്കുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ആർ.കെ.വി.വൈ - പി.ഡി.എം.സി (RKVY-PDMC) വഴി 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവും ഉപയോഗിച്ചാണ് കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നത്. സുസ്ഥിര കൃഷി, ജലസംരക്ഷണം, ഉയർന്ന ഉത്പാദനം എന്നിവ ലക്ഷ്യമിട്ട് അഞ്ച് ഹെക്ടർവരെയുള്ള ഭൂമിക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭ്യമാകും.
കർഷകരുടെ ഭൂമിയുടെ അളവനുസരിച്ചാണ് സബ്സിഡി തുക നിശ്ചയിക്കുന്നത്. രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട കർഷകർക്ക് പദ്ധതി ചെലവിന്റെ 55 ശതമാനവും, രണ്ട് ഹെക്ടറിന് മുകളിൽ ഭൂമിയുള്ളവർക്ക് 45 ശതമാനവുമാണ് സബ്സിഡിയായി ലഭിക്കുന്നത്. ഇതിനുപുറമേ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക ആനുകൂല്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെങ്ങ് കർഷകർക്ക് കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ 30 ശതമാനം അധിക സബ്സിഡി ലഭിക്കും. മോട്ടോർ പമ്പുകൾ വാങ്ങുന്നതിന് 50 ശതമാനംവരെ അല്ലെങ്കിൽ പരമാവധി 15,000 രൂപ സബ്സിഡിയുണ്ട്. കൂടാതെ ഓട്ടോമേഷൻ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹെക്ടറിന് 4,000 രൂപ അഡീഷണൽ സബ്സിഡിയും, ഫോറസ്റ്റ് റൈറ്റ് ആക്ട് (FRA) പട്ടയമുള്ളവർക്ക് 90 ശതമാനംവരെ ധനസഹായവും നൽകി വരുന്നുണ്ട്.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി കർഷകർക്ക് അടുത്തുള്ള കൃഷിഭവനിലോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്. പാസ്പോർട്ട് സൈസ് ഫോട്ടോ, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർ കാർഡ്, മുൻപ് സബ്സിഡി വാങ്ങിയിട്ടില്ല എന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം, പെർമിറ്റുള്ള ഡീലറുടെ എസ്റ്റിമേറ്റ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ ലഭിച്ചശേഷം കൃഷി എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി ആദ്യ പരിശോധന നടത്തി വർക്ക് ഓർഡർ നൽകും. പ്രവൃത്തി പൂർത്തിയായശേഷം ഉദ്യോഗസ്ഥർ വീണ്ടും സ്ഥലം സന്ദർശിച്ച് സബ്സിഡി തുക നേരിട്ട് കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.