കറുത്ത കൊക്കും ചുവപ്പുനിറം ഒളിപ്പിച്ച ചിറകുകളും; വിരുന്നുകാരായി ആറന്മുളയിലെത്തി അരിവാൾ കൊക്കുകൾ
വിരുന്നെത്തിയ അരിവാൾ കൊക്കുകൾ ഇരപിടിക്കുകയാണ് ആറന്മുള പുഞ്ചയിൽ. ഹ്രസ്വകാല വാസം പൂർത്തിയാക്കി ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് മാറുന്നതാണ് കഷണ്ടിക്കൊക്ക് എന്നുകൂടി അറിയപ്പെടുന്ന ഇവയുടെ പ്രകൃതം. മഴ പെയ്തുതോർന്ന പ്രഭാതങ്ങളിൽ ഇവ അകലങ്ങളിൽ നിന്ന് പറന്നെത്തും. ഉഴുതുമറിച്ച പാടങ്ങളിലോ ചതുപ്പ് നിലങ്ങളിലോ ഇര തേടിയിറങ്ങും.
താഴേക്ക് വളഞ്ഞ നീളമുള്ള ചുണ്ടുകളാൽ ഒളിഞ്ഞിരിക്കുന്ന മീനുകളേയും ചെറു ജീവികളേയും കൊത്തിപ്പറക്കും. മഴ ഒളിഞ്ഞും തെളിഞ്ഞും പെയ്യുന്ന കാലാവസ്ഥ ഇവയ്ക്ക് ചാകരക്കാലമാണ്. വെള്ള അരിവാൾ കൊക്കുകളാണ് ആറന്മുളയിലെത്തിയത്. നീളമേറിയ കാലുകളും കറുത്ത ചുണ്ടുകളുമാണ് പ്രത്യേകത. ചിറകിനടിയിൽ ചുവപ്പുനിറം ഒളിപ്പിച്ചുവെച്ചിട്ടുമുണ്ട്.
Content Highlights: