കേരളത്തിൽ ഇതാദ്യം; കരിപ്പൂരിലെ ആ എയർ ഇന്ത്യാ വിമാനം പട്ടാമ്പിയിലെ ആക്രിയാർഡിൽ

അഞ്ച് വർഷങ്ങൾക്ക് മുൻപ് കരിപ്പൂരിന്റെ മണ്ണിൽ തകർന്നുവീണ ആ എയർ ഇന്ത്യ വിമാനത്തിന്റെ അവസാന യാത്ര പാലക്കാട് പട്ടാമ്പിയിലെ ഒരു ആക്രി വിപണിയിലാണ്. 21 പേരുടെ ജീവനെടുക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ വൻ ദുരന്തത്തിന്റെ ബാക്കിപത്രങ്ങൾ ഇപ്പോൾ ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്തെ ആക്രി യാർഡിൽ പൊളിച്ചുകൊണ്ടിരിക്കുകയാണ്.

2020 ഓഗസ്റ്റ് 7-നായിരുന്നു രാജ്യം നടുങ്ങിയ ആ അപകടം നടന്നത്. കോവിഡ് മഹാമാരിക്കാലത്ത് ദുബായിൽ നിന്നും പ്രവാസികളെയും കൊണ്ട് 'വന്ദേ ഭാരത് മിഷന്റെ' ഭാഗമായി എത്തിയതായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737-800 വിമാനം. 184 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കനത്ത മഴയെത്തുടർന്ന് കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയിൽ നിയന്ത്രണം വിട്ട വിമാനം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടായി പിളരുകയായിരുന്നു. പൈലറ്റുമാരടക്കം 21 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.

എയർ ഇന്ത്യാ എക്സസ്പ്രസ് വിമാനം കാരക്കാടെ ആക്രി മാർക്കറ്റിൽ | Photo: Sanoop Kinassery

അപകടത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും മറ്റ് നിയമനടപടികളും പൂർത്തിയായതോടെയാണ് തകർന്ന വിമാനം വിൽക്കാൻ എയർ ഇന്ത്യ ഓൺലൈൻ ടെൻഡർ വിളിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലേലത്തിൽ പങ്കെടുത്തിരുന്നു. ഒടുവിൽ ഓങ്ങല്ലൂർ കാരക്കാട്ടെ പ്രമുഖ ആക്രി വ്യാപാരിയാണ് ലേലം ഉറപ്പിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു വിമാനം ഇത്തരത്തിൽ ആക്രിയായി പൊളിക്കുന്നത്. ദുരന്തത്തിന്റെ വൈകാരികമായ വശങ്ങൾ കണക്കിലെടുത്ത് വ്യാപാരി തന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

കരിപ്പൂർ വിമാനത്താവളത്തിൽ സൂക്ഷിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ കണ്ടെയ്നറുകളിലാണ് പട്ടാമ്പിയിലെത്തിച്ചത്. ഏകദേശം 45 ടണ്ണിലധികം തൂക്കമുള്ള ലോഹാവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. വിമാനത്തിന്റെ പ്രധാന യന്ത്രഭാഗങ്ങൾ നേരത്തെ തന്നെ അധികൃതർ നീക്കം ചെയ്തതിന് ശേഷമാണ് ലേലത്തിനെടുത്ത വ്യക്തിക്ക് വിട്ടുനൽകിയത്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം | ഫോട്ടോ: കെ.ബി.സതീഷ് കുമാർ

നിലവിൽ വിമാനത്തിന്റെ അലുമിനിയം പാനലുകൾ, ചെമ്പ് കമ്പികൾ, പിച്ചള, പ്ലാസ്റ്റിക് എന്നിവ ഓരോന്നായി വേർതിരിക്കുകയാണ്. ട്യൂബ് ലൈറ്റുകൾ മുതൽ വലിയ വാഹനങ്ങൾ വരെ പൊളിക്കുന്ന കേരളത്തിലെ വലിയ ആക്രി കേന്ദ്രങ്ങളിലൊന്നാണ് പട്ടാമ്പിയിലെ കാരക്കാട്. എന്നാൽ ഒരു വിമാനം ഇവിടെ എത്തിയത് തൊഴിലാളികൾക്കിടയിലും കൗതുകം ഉണ്ടാക്കിയിട്ടുണ്ട്.

ഒരിക്കൽ ആകാശത്ത് പറന്നുയർന്നിരുന്ന, നൂറുകണക്കിന് യാത്രക്കാരുടെ സ്വപ്നങ്ങളെ വഹിച്ചിരുന്ന ആ വിമാനം ഇനി വെറും ലോഹക്കൂട്ടങ്ങളായി മാറുമ്പോൾ, കരിപ്പൂർ ദുരന്തത്തിന്റെ അവസാന അധ്യായത്തിന് കൂടിയാണ് ഈ പട്ടാമ്പിയിലെ മണ്ണ് സാക്ഷ്യം വഹിക്കുന്നത്.

Content Highlights: The wreckage of the Air India Express Boeing 737-800 has arrived at its final destination: a scrap yard in Parappuram, Ongallur, near Pattambi in Palakkad district