യന്ത്രങ്ങളുടെ പ്രവർത്തനമൊക്കെ പിന്നെ ചുമ്മാ പഠിച്ചതാണോ? ക്രിസ്‌മസ് കളറാക്കി ജോബിനും സാന്റമാരും

കൊല്ലം:ക്രിസ്മസിന് വീടുകളിൽ പുൽക്കൂടൊരുക്കുന്നത് പതിവാണ്. കുഴിമതിക്കാട് പികെപി കവല റോഡ് ചുരുളത്താഴതിൽ ജോബിൻ ജോസ് ഒരു മൂന്നാല് പടികൂടി കയറി ചിന്തിച്ചു. ഐടിഐ മെഷീനിസ്റ്റ് കോഴ്സിൽ പഠിച്ച യന്ത്രങ്ങളുടെ പ്രവർത്തനംതന്നെ എടുത്തലക്കി.

ഒന്നും രണ്ടുമല്ല, ജോബിൻതന്നെയുണ്ടാക്കിയ നാല് സാന്റക്ലോസുമാരാണ് ജോബിന്റെ വീടിനുചുറ്റും തുള്ളിച്ചാടി ക്രിസ്മസ് കളറാക്കുന്നത്. ഇപ്പോൾ ഇതുവഴി പോകുന്ന ആരും ജോബിന്റെ വീടിനു മുന്നിലെത്തുമ്പോഴൊന്നു നിൽക്കും. ശരിക്കും ക്രിസ്മസ് ഇവിടാണെന്ന് അറിയാതെ പറഞ്ഞുപോകും.

2021-ലാണ് ഈ ആശയം ജോബിന്റെ തലയിലുദിച്ചത്. ഓരോ വർഷവും ഓരോ സാന്റയെന്നാണ് കണക്ക്. നാലുവർഷംമുൻപാണ് ആദ്യത്തെ സാന്റയെയൊരുക്കിയത്. പിവിസി പൈപ്പ്‌ തെർമോകോൾ രൂപത്തിന്‌ ചേരുംവിധം വെട്ടിയെടുത്ത് പിവിസി പൈപ്പിന്റെ ഫ്രെയിമിൽ ചേർത്താണ് സാന്റയെ ഒരുക്കുന്നത്. പിന്നീട് വേഷമണിയിക്കും. ചലിക്കാനായി ഡിസി മോട്ടോറുകളും. ടോർക് ക്രമീകരിക്കാൻ ഗിയർ ബോക്സുകളും സജ്ജമാക്കിയിട്ടുണ്ട്. മഴ നനഞ്ഞാൽ നശിക്കുമെന്നതിനാലാണ് ഇലക്‌ട്രോണിക്സ് ഒഴിവാക്കിയത്. വീടിനു മുന്നിലെ കയറിൽ തൂങ്ങിക്കയറുകയും ഇറങ്ങുകയും ചെയ്തും മേൽക്കൂരയിൽ നിരങ്ങിനീങ്ങിയും നൃത്തംചെയ്തുമൊക്കെ ഒരുമാസം വിശ്രമമില്ലാ ജോലിയാണ് സാന്റമാർക്ക്. ക്രിസ്മസ് കഴിഞ്ഞാൽ പിന്നെ വിശ്രമിക്കാം. അഴിച്ചുമാറ്റിവയ്ക്കും. ഇനി അടുത്ത ക്രിസ്മസിന്.

ഇളമ്പള്ളൂരിലുള്ള ലെയ്‌ത്തിൽ ടെക്‌നീഷ്യനായി ജോലിചെയ്യുന്ന ജോബിന്റെ സാന്റമാർ ഇൻസ്റ്റഗ്രാമിലും വൈറലാണ്. സാന്റമാരെ നിർമിക്കുന്ന ജോബിന്റെ വീഡിയോ ഇതിനോടകം ആറ് മില്യണിനടുത്ത് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ജോസിന്റെയും സിന്ധുവിന്റെയും മകനാണ്.

Content Highlights: Innovative Christmas Decorations: Kerala Man's Self-Made Santas Light Up the Holidays