ഉദയസൂര്യന്റെ നാട്ടില്‍ ഒരു ശരത്കാലയാത്രയില് കണ്ട കാഴ്ചകള്‍
ഉദയസൂര്യന്റെ നാട്ടില്‍ പോയകാലത്തിന്റെ നോവുന്ന ഓര്‍മകളെ സ്നേഹംകൊണ്ട് മറികടക്കുകയാണ് ജപ്പാന്. മലകളും വിസ്മയങ്ങളും നിറഞ്ഞ നാട്, മനുഷ്യപ്പറ്റുള്ള നാട്ടുകാര്‍. ഉദയസൂര്യന്റെ നാട്ടില്‍ ഒരു ശരത്കാലയാത്രയില് കണ്ട കാഴ്ചകള്‍.
വിറയലോടെയാണ് ഹിരോഷിമ പീസ് പാര്‍ക്കില്‍ നിന്നത്. കുഞ്ഞു ഓര്മ്മകമാനത്തിനു അരികിലായി രണ്ടുചെറിയ നീളന്‍ ചാലുകള്‍. ചുട്ടുപൊള്ളി വിണ്ടടര്ന്നുപോയവരുടെ തീരാവേദന തണുപ്പിക്കാനെന്നോണം അതില്‍ തെളിവെള്ളം കെട്ടിനിര്ത്തിയിരിക്കുന്നു. കനല്പഴുത്ത ദേഹി മുഴുക്കെ തണുക്കുവോളം വെള്ളം പാരുക, അതായിരിക്കാം പ്രതീകാത്മകമായ ലക്ഷ്യം. ചാലുകളില്‍ അരിപ്രാവുകള്‍ ഇടയ്ക്കിടെ പറന്നിറങ്ങി നീര്കുടിക്കുന്നു.