നിയമം മറികടക്കാന്‍ ട്രസ്റ്റ്;കൊച്ചി നഗരത്തിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി പിടിച്ചെടുത്ത് സര്‍ക്കാര്‍

ഏകദേശം 200 കോടി വിലമതിക്കുന്ന നാലരയേക്കര്‍ ഭൂമിയാണ് കൊച്ചി പനമ്പിള്ളി നഗറില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്തത്. അരനൂറ്റാണ്ട് പിന്നിട്ട നിയമ പോരാട്ടത്തിനൊടുവിലാണ് റവന്യൂ വകുപ്പ് ഈ മിച്ചഭൂമി പിടിച്ചെടുത്തിരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശി ഔസേഫ് മാത്യൂവിന്റെ കൈവശമുണ്ടായിരുന്ന 70.85 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നാലരയേക്കറും സര്‍ക്കാരിലേക്ക് എത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ് കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ മഹസര്‍ തയ്യാറാക്കി ഭൂമി ഏറ്റെടുക്കുകയും ചെയ്തു. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മിച്ചഭൂമി കേസില്‍ കോട്ടയം, എറണാകുളം ജില്ലകളിലെ 70.85 ഏക്കര്‍ ഭൂമിയാണ് കോട്ടയം സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തില്‍ തീരുമാനിച്ച് ഉത്തരവിറക്കിയത്.
ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട് 1973ലാണ് ഈ സ്ഥലം സംബന്ധിച്ച കേസ് ആരംഭിക്കുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെക്കാവുന്ന ഭൂമിയിലേറെ ഔസേഫ് മാത്യുവിന്റെ കൈവശമുണ്ടായിരുന്നതായാണ് റവന്യൂവകുപ്പ് കണ്ടെത്തിയത്. 1978ല്‍ മരണപ്പെടുന്നതിനു മുമ്പായി ഔസേഫ് മാത്യു ഒരു ട്രസ്റ്റ് രൂപീകരിച്ച് തന്റെ കൈവശമുണ്ടായിരുന്ന ഭൂമി ട്രസ്റ്റിന്റെ പേരിലാക്കി. ഈ ട്രസ്റ്റ് പിന്നീട് നിയമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി 61 ഏക്കറോളം സ്ഥലം വിറ്റൊഴിവാക്കുകയും ചെയ്തിരുന്നു. ഇതാണ് പതിറ്റാണ്ടുകള്‍ നീണ്ട നിയമക്കുരുക്കിലേക്ക് കാര്യങ്ങളെത്തിച്ചത്.
Content Highlights: Govt reclaims acres of land worth ₹200 crore in Panampilly Nagar after a 50-year legal battle