'റെഡ് സോണാണ്, കുടിവെള്ളം പോലുമില്ല; വീടിനുള്ള സ്ഥലം ഞങ്ങള്‍ക്കും വേണം' | പുത്തുമലയ്ക്ക് അഞ്ചാണ്ട്

2019 ആഗസ്റ്റ് എട്ടിന് വൈകുന്നേരം നാല് മണി. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും സമയം നല്‍കാതെ ഒഴുകിയെത്തിയ മലവെള്ളത്തില്‍ പുത്തുമലയില്‍ പൊലിഞ്ഞത് 17 ജീവനുകള്‍. 58-ഓളം വീടുകള്‍ പൂര്‍ണമായും ഉരുളെടുത്തു. 22 വീടുകള്‍ ഭാഗികമായും മലവെള്ളം തൂത്തെറിഞ്ഞു. ഒരു ഗ്രാമത്തെ തന്നെ നാമാവശേഷമാക്കിയ പുത്തുമല ഉരുള്‍പൊട്ടലിന്റെ ഓര്‍മയ്ക്ക് ഇന്ന് അഞ്ചു വര്‍ഷം തികയുമ്പോള്‍ നാട് മറ്റൊരു ഉരുളിന്റെ വിങ്ങലിലാണ്. കേരളത്തെയാകെ കണ്ണീരിലാഴ്ത്തി ഉരുളെടുത്ത ചൂരല്‍മലയിലേക്ക് പുത്തുമലയില്‍നിന്നുള്ളത് ഒന്നര കിലോമീറ്റര്‍ ദൂരം മാത്രം. അഞ്ചാണ്ട് പൂര്‍ത്തിയാകുമ്പോഴും പുത്തുമലയുടെ ഹൃദയത്തിനേറ്റ മുറിവ് ഉണങ്ങിയിട്ടില്ല. ദുരന്തത്തില്‍പ്പെട്ട ഭൂരിഭാഗം പേരേയും പുനരധിവസിപ്പിച്ചെങ്കിലും അന്നത്തെ ദുരന്തം ബാക്കിവെച്ച ഏതാനം വീട്ടുകാര്‍ ഇപ്പോഴും ഭീതിയോടെ പുത്തുമലയില്‍ താമസമുണ്ട്. പുനരധിവാസത്തില്‍ തങ്ങളെ തഴഞ്ഞതുപോലുള്ള ദുര്‍ഗതി ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരിതബാധിതകര്‍ക്കുണ്ടാകരുതെന്നാണ് അവര്‍ക്ക് പറയാനുള്ളത്. അന്ന് പൊട്ടിയ പ്രദേശത്ത് ഒരുഭാഗം തൂങ്ങിനില്‍ക്കുകയാണെന്നും പേടിയോടെയാണ് ഇവിടെ കഴിയുന്നതെന്നും അവരെല്ലാം പറയുന്നു.
Content Highlights: five years of puthumala landslide survivors seek help