മെറിൻഡ ഒരു ദിവസം ഏഴ് കിലോ പൊറോട്ടയടിക്കും; പഠിക്കണം, കുടുംബം നോക്കണം |Fire and Flame

തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് എരുമപ്പെട്ടിയില്‍ ഒരു തട്ടുകടയുണ്ട്. കട നടത്തുന്നത് ഡി​​ഗ്രി വിദ്യാർഥിയായ മെറിൻഡയും അമ്മയും. അവിടെ ചീഫ് കുക്ക് മെറിൻഡയാണ്. നല്ല ചൂടു പൊറോട്ടയും ബീഫുമടക്കം നിരവധി വിഭവങ്ങള്‍ മിറാന്‍ഡയുണ്ടാക്കും. ഏഴുകിലോയിലധികം പൊടി മെറിന്‍ ഒറ്റയ്ക്ക് കുഴയ്ക്കും. വീശിയടിച്ചുണ്ടാക്കുന്ന പൊറോട്ടയ്ക്ക് രുചിയേറെ. പഴയ പൊറോട്ട മേയ്ക്കറുടെ അടുത്ത് നിന്ന് കണ്ടുപഠിച്ചതാണ് മെറിൻഡ. 

15 വർഷം മുമ്പാണ് മെറിൻഡയും അമ്മ അമ്മിണിയേയും രണ്ട് ചേച്ചിമാരേയും ഉപേക്ഷിച്ച് അച്ഛൻ പോയത്. ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കാതെ അമ്മ അമ്മിണി മൂവരെയും പഠിപ്പിച്ചു. ഇതിനിടയില്‍ വന്ന കനത്ത സാമ്പത്തിക ബാധ്യതയില്‍ അമ്മയെ തനിച്ചാക്കാതെ മെറിനും ജോലിക്കിറങ്ങി. അങ്ങനെ മെറിൻഡ തട്ടുകടയിൽ പൊറോട്ട മേയ്ക്കറായി. പരീക്ഷാ കാലത്ത് പൊറോട്ടയുടെ എണ്ണം കുറച്ച് പഠിക്കാൻ സമയം കണ്ടെത്തും. അന്നം സ്വന്തം ഉത്തരവാദിത്തമായതിനാൽ മെറിൻഡ കോളേജ് ഡേ പോലുള്ള കോളേജ് പരിപാടിക്കൊന്നും പോകാറില്ല. കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയാൽ കുടുംബം പട്ടിണിയാകും. പോരാത്തതിന് ലക്ഷങ്ങൾ കടവുമുണ്ട് ബാങ്കിൽ.

ആദ്യം ടാപ്പിങ് ജോലി ചെയ്തു. ഒപ്പം പഠനവും. അഞ്ച് വര്‍ഷമായി കാഞ്ഞിരക്കോട് പള്ളമണ്ണ പാലത്തിന് സമീപം തട്ടുകട നടത്തുകയാണ് ഈ അമ്മയും മകളും. തൃശൂര്‍ കോപ്പറേറ്റീവ് കോളജില്‍ രണ്ടാം വര്‍ഷം ബി.കോം വിദ്യാര്‍ഥിനിയാണ് മെറിൻഡ. ഉച്ചവരെയാണ് ക്ലാസ്. അത് കഴിഞ്ഞാല്‍ നേരെ കടയിലേക്ക്. പഠിക്കണം. ബാങ്ക് ജോലിയാണ് ലക്ഷ്യം. വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. ഈ അധ്വാനമൊക്കെയും അതിന് വേണ്ടിയാണ്.

(ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ചിത്രീകരിച്ച വീഡിയോ)

Content Highlights: Fire and Flame - Merin- Inspirational story of a porotta maker from Thrissur