മനംകവര്‍ന്ന് ഇക്കുറിയും 'എറണാകുളം ശിവകുമാര്‍'; ജനാരവത്തെ ത്രസിപ്പിച്ച് പൂരവിളംബരം

.
.

ജനാരവത്തെ ത്രസിപ്പിക്കുന്ന തൃശ്ശൂര്‍ പൂരത്തില്‍ ഇത്തവണയും തലയെടുപ്പുള്ള ഗജവീരന്‍മാരുടെ ഒരു നിര തന്നെയുണ്ട്. കൂട്ടത്തില്‍ പ്രധാന ചുമതലക്കാരന്‍ എറണാകുളം ശിവകുമാറാണ്. പൂരത്തിലെ ഏറ്റവും ആവേശകരമായ ചടങ്ങുകളിലൊന്നായ തെക്കേഗോപുര നട തുറക്കാന്‍ ഇക്കുറിയും നിയോഗിക്കപ്പെട്ടത് ശിവകുമാറാണ്. പൂരത്തിന് വിളമ്പരമേകി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തള്ളിത്തുറന്ന ശിവകുമാര്‍ പൂരപ്രേമികളുടെ മനം കവര്‍ന്നു. പാറമേക്കാവിന് വേണ്ടി ഉപചാരം ചൊല്ലി പിരിയാനുള്ള ദൗത്യവും ശിവകുമാറിനാണ്.

തുടര്‍ച്ചയായ നാലാം തവണയാണ് ശിവകുമാര്‍ പൂരത്തിന് വിളമ്പരമേകിയത്. നേരത്തെ ഗജവീരന്‍മാരിലെ സൂപ്പര്‍ താരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നിര്‍വഹിച്ചുപോന്നിരുന്ന ദൗത്യമായിരുന്നു ഇത്. ഫാന്‍സ് അസോസിയേഷന്‍ വരെയുള്ള രാമചന്ദ്രന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയതോടെ ഈ നിയോഗം ശിവകുമാറിലേക്കെത്തി. തൃശ്ശൂര്‍ പൂരത്തിലെ പ്രധാന ദൗത്യം ശിവകുമാറിനാണെങ്കിലും ആന പ്രേമികളുടെ കണ്ണിലുണ്ണിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പൂര നഗരിയിലുണ്ട്. ഘടകപൂരങ്ങളില്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്ന ദൗത്യം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇവര്‍ക്ക് പുറമേ പൂരം കളറാക്കാന്‍ തലയെടുപ്പുള്ള ഗജവീരന്‍മാര്‍ ഒട്ടനവധിയുണ്ട്.

Content Highlights: ernakulam sivakumar opens thekke gopura nada to kick off thrissur pooram