അമ്മ പകർന്നുകൊടുത്ത ജൈവ കാർഷിക സംസ്കാരം, നാലരയേക്കർ റബ്ബർത്തോട്ടത്തിൽ സമ്മിശ്ര കൃഷി; ദിവ്യയുടെ സ്വർഗം

അമ്മയുടെ കൈപിടിച്ച് തൊടിയിലൂടെ ഓടിനടന്ന ഒരു പെൺകുട്ടിക്ക് അമ്മ പരിചയപ്പെടുത്തിയ രുചിവൈവിധ്യങ്ങൾ എന്നും അമൂല്യമായിരുന്നു. ആ രുചിക്ക് പിന്നിൽ അമ്മയുടെ കൃഷിയറിവുകളും വീട്ടുവളപ്പിലെ അടുക്കളത്തോട്ടവുമായിരുന്നു. മകൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനൊപ്പംതന്നെ പ്രകൃതിയെയും മണ്ണിനെയും ചേർത്തുപിടിക്കാനും വിഷരഹിത ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കാനും ആ അമ്മ മകൾക്ക് ചെറുപ്പത്തിലേ പരിശീലനം നൽകി. ഈ അറിവുകളത്രയും വളർച്ചയിൽ അവൾ ഒപ്പംകൂട്ടുകയും ചെയ്തു. തികച്ചും ജൈവരീതിയിൽ അമ്മ ഒരുക്കിയ അടുക്കളത്തോട്ടം അവളുടെ ജീവിതത്തിന്റെ ഭാഗമായി. അമ്മയുടെ നിഴലായി നടന്ന കാലം കഴിഞ്ഞപ്പോഴും തന്നിലെ ഉത്തരവാദിത്തങ്ങൾ ഉയർന്നപ്പോഴും തന്റെ കുടുംബത്തിന് വിഷരഹിത ഭക്ഷണമൊരുക്കണമെന്ന ആഗ്രഹം ദിവ്യ എന്ന സംരംഭക ഉപേക്ഷിച്ചില്ല.

മൂവാറ്റുപുഴ സ്വദേശിനിയായ ദിവ്യ ഒരു പതിറ്റാണ്ടിലേറെയായി ജൈവ കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനായി പച്ചക്കറികൾ കൃഷി ചെയ്തു തുടങ്ങിയ ദിവ്യ പിന്നീട് സമ്മിശ്ര കൃഷിയിലേക്കും ഹോട്ടൽ സംരംഭത്വത്തിലേക്കും നീങ്ങുകയായിരുന്നു. തുടക്കത്തിൽ സ്വന്തം വീട്ടാവശ്യങ്ങൾക്ക് വേണ്ടിയാണ് പച്ചക്കറികൾ നട്ടുപിടിപ്പിച്ചിരുന്നതെങ്കിലും, പിന്നീട് വിളവ് വർധിച്ചതോടെ പ്രദേശത്തെ വിപണികളിൽ ഇവ വിൽപ്പന നടത്തിത്തുടങ്ങി. വിപണിയിലെ സാധാരണ വിൽപ്പനയിൽമാത്രം ഒതുങ്ങിനിൽക്കാതെ, തന്റെ കാർഷിക വിളകൾക്ക് കൂടുതൽ മൂല്യം നൽകാൻ എന്താണ് വഴിയെന്ന ചോദ്യമാണ് ദിവ്യയെ പുതിയൊരു ചിന്തയിലേക്ക് നയിച്ചത്.

'ചേമ്പും താളും'- വെറൈറ്റിയാണ് ഇവിടെയെല്ലാം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽനിന്ന് വണ്ണപ്പുറം വഴി മൂന്നാറിലേക്ക് പോകുന്ന പാതയോരത്ത് കടത്തുകടവ് എന്ന സ്ഥലത്തെത്തുമ്പോൾ, നാടൻ രുചികൾ തേടിയെത്തുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് വേറിട്ട വിഭവങ്ങളാണ്. പത്തു വർഷമായി കൃഷിയെ നെഞ്ചിലേറ്റിയ ഒരു കർഷക തന്റെ തോട്ടത്തിലെ വിഭവങ്ങൾക്ക് അടുക്കളയിൽ പുത്തൻ ജീവൻ നൽകിയപ്പോൾ പിറന്നത് 'ചേമ്പും താളും' എന്ന വേറിട്ടൊരു ജൈവ ഭക്ഷണശാലയാണ്. സ്വന്തം തോട്ടത്തിൽ വിളയുന്ന വിഷരഹിത പച്ചക്കറികൾകൊണ്ട് നൂറോളം ആളുകൾക്ക് പ്രതിദിനം ഉച്ചയൂണ് വിളമ്പുന്ന ഈ സംരംഭത്തിന് പിന്നിൽ ദിവ്യ എന്ന കർഷകയുടെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. മത്തപ്പൂവും മുട്ടയും ചേർത്തൊരുക്കിയ സ്പെഷ്യൽ ഫ്രൈ തുടങ്ങി ഓരോ ദിവസവും ഓരോ വെറൈറ്റി വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്.

പാചകത്തിനോടുള്ള അടങ്ങാത്ത അഭിനിവേശവും കാർഷിക അനുഭവസമ്പത്തും സമന്വയിപ്പിച്ചുകൊണ്ട് രണ്ട് വർഷം മുൻപാണ് ദിവ്യ 'ചേമ്പും താളും' എന്ന പേരിൽ ചെറിയൊരു ഹോട്ടൽ ആരംഭിക്കുന്നത്. തോട്ടത്തിൽ വിളയുന്ന ഫ്രഷ് പച്ചക്കറികൾ നേരിട്ട് അടുക്കളയിലെത്തിച്ച് പൂർണ്ണമായും ജൈവ മാതൃകയിൽ ഉച്ചയൂണുമാത്രം നൽകുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രത്യേകത. പ്രതിദിനം നൂറോളം പേർക്ക് വേണ്ട ഭക്ഷണമാണ് ഇവിടെ തയ്യാറാക്കുന്നത്.

തുടക്കത്തിൽ സംരംഭം വിജയിക്കില്ലെന്നും പരാജയപ്പെടുമെന്നും പറഞ്ഞ് ആളുകൾ ദിവ്യയെ നിരാശപ്പെടുത്തിയിരുന്നു. ആദ്യത്തെ രണ്ടാഴ്ച ബിസിനസ്സിൽ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും തളരാൻ അവർ തയ്യാറായിരുന്നില്ല. എന്നാൽ ഒരിക്കൽ ഇവിടെനിന്ന് ഊണ് കഴിച്ചവർ നാടൻ രുചിയുടെ ആരാധകരായി വീണ്ടും തേടിയെത്താൻ തുടങ്ങിയതോടെ കഥ മാറി. ജനങ്ങളുടെ നല്ല റിവ്യൂകൾ കണ്ട് പ്രശസ്തരായ പ്രമുഖർവരെ ഈ കൊച്ചുകടയിലെത്തി ഭക്ഷണം കഴിച്ചു മടങ്ങിയത് ദിവ്യക്ക് വലിയ പ്രോത്സാഹനമായി മാറി.

എല്ലാ ദിവസവും രാവിലെ തോട്ടത്തിൽനിന്ന് പുതിയതായി പറിച്ചെടുക്കുന്ന പച്ചക്കറികളാണ് അന്നത്തെ മെനു നിശ്ചയിക്കുന്നത്. സാമ്പാറിനും തീയലിനും ഉപയോഗിക്കുന്ന വഴുതനങ്ങ, വൻപയറിനൊപ്പം കറിവെക്കുന്ന ചുരയ്ക്ക, കൊത്തമര, കോളിഫ്ലവർ, ക്യാബേജ്, തക്കാളി, പാവൽ, പടവലം, പീച്ചിൽ, മെഴുക്കുപുരട്ടിക്കുള്ള കായയും പയറും എന്നിവയെല്ലാം സ്വന്തം ഫാമിൽനിന്നാണ് പറിച്ചെടുക്കുന്നത്. ഇതിനുപുറമെ ദിവസവും കിട്ടുന്ന ഫ്രഷ് മീൻ അനുസരിച്ച് ആറേഴ് ഇനം മീൻവിഭവങ്ങളും കക്ക, കൂന്തൽ, ചെമ്മീൻ എന്നിവയും ഉച്ചയൂണിനായി ഒരുക്കുന്നുണ്ട്.

കൃഷി ലാഭകരമാക്കാൻ സമ്മിശ്ര മാതൃക

നാലരയേക്കർ വരുന്നതാണ് ദിവ്യയുടെയും കുടുംബത്തിന്റെയും റബ്ബർത്തോട്ടം. ഒന്നിടവിട്ട ദിവസങ്ങളിൽ റബ്ബർ വെട്ടുന്നുണ്ട്. ഈ തോട്ടത്തിനിടയിലാണ് 4500-ഓളം കോഴികളെ വളർത്തുന്ന പോൾട്രി ഫാം ദിവ്യ ഒരുക്കിയിട്ടുള്ളത്. പോൾട്രി ഫാമിൽനിന്നുള്ള കോഴിക്കാഷ്ഠം നേർപ്പിച്ച് കൃഷിയിടത്തിൽ വളമായി ഉപയോഗിക്കുന്നു. റംബൂട്ടാൻ മരങ്ങൾക്കിടയിലാണ് പച്ചക്കറികൾ കൃഷി ചെയ്യുന്നത്. ആടുകളെയും മുട്ടക്കോഴികളെയും ദിവ്യ വളർത്തുന്നുണ്ട്. പപ്പായയിലയും അസോളയും പുല്ലും നൽകി വളർത്തുന്ന ഈ കോഴികളിൽനിന്നുള്ള ഫ്രഷ് മുട്ടകളാണ് കടയിൽ ഉപയോഗിക്കുന്നത്. പാലിനും വളത്തിനുമായി കഴിഞ്ഞ 10 വർഷമായി ആടുകളെയും ദിവ്യ വളർത്തുന്നുണ്ട്.

ഒരു ദിവസത്തെ സമയം കൃത്യമായി വീതിച്ചാണ് ദിവ്യ കൃഷിയും ഹോട്ടൽ നടത്തിപ്പും മുന്നോട്ടുകൊണ്ടുപോകുന്നത്. രാവിലെ ആറുമണിയോടെ തോട്ടത്തിലിറങ്ങുന്ന ദിവ്യ 7:30വരെ ചെടികൾക്ക് വെള്ളമൊഴിക്കലും വളമിടീലും പൂർത്തിയാക്കുന്നു. തുടർന്ന് എട്ടുമണിയോടെ ഹോട്ടലിലെത്തി പാചകത്തിന് മേൽനോട്ടം വഹിക്കുകയും 11:30 മുതൽ 3:30വരെ ഉച്ചയൂണ് വിതരണം ചെയ്യുകയും ചെയ്യുന്നു. വൈകുന്നേരങ്ങളിൽ വീണ്ടും ഫാമിലെ ജോലികളിലേക്ക് ഇറങ്ങുകയാണ് ദിവ്യയുടെ പതിവ്.

ഒരു കറി പോലും അടുത്ത ദിവസങ്ങളിൽ ആവർത്തിക്കില്ല എന്നതാണ് 'ചേമ്പും താളും' ഹോട്ടലിന്റെ മറ്റൊരു പ്രത്യേകത. ദിവസവും മാറുന്ന വിഭവങ്ങളും അച്ചാറുകളും ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ രുചിയനുഭവം നൽകുന്നു. മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കും പ്രാദേശികമായി എത്തുന്നവർക്കും തോട്ടങ്ങളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികളിലൂടെ പോഷകസമ്പുഷ്ടമായ ഭക്ഷണം നൽകാൻ ദിവ്യ ശ്രദ്ധിക്കുന്നു. ഈ കഠിനാധ്വാനത്തെ കേവലമൊരു ബിസിനസ്സായി കാണാതെ ആസ്വദിച്ചു ചെയ്യുന്ന ഒരു പാഷനായാണ് ദിവ്യ കാണുന്നത്. കൊച്ചി മെട്രോയിൽ ലോക്കോ പൈലറ്റായ ഭർത്താവും മകളും നൽകുന്ന പൂർണ്ണ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ദിവ്യ പറയുന്നു.