ബോച്ചെയെ അറിയാമോ? കളി സിംപിളാണ്, കളര്‍ഫുള്ളാണ്; കായികമേളയില്‍ ഇതാദ്യം

#ആദർശ് പി.ഐ

കളത്തിൽ തുരുതുരെ പായുന്ന പന്തുകൾ. ആദ്യം വെള്ള പന്ത്, പിന്നാലെ പച്ച, ചുവപ്പ് നിറത്തിലുള്ള പന്തുകൾ. പന്ത് കളത്തിന് നടുവിൽ വീഴാതെ വര കടന്നാൽ ചുവപ്പ് കൊടി ഉയരും. അങ്ങനെ കളർഫുളാണ് കായികമേളയിലെ ഈ ഗെയിം. ഇതാണ് ബോച്ചെ. നിങ്ങൾക്കറിയാമോ ബോച്ചെയേ? സംസ്ഥാന കായികമേളയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ബോച്ചെ മത്സരയിനമായി എത്തുന്നത്. ഇൻക്ലൂസീവ് സ്പോർട്സിലെ ശ്രദ്ധാകേന്ദ്രം കൂടിയാണ് ബോച്ചെ.

ബോച്ചെ കളിക്കുന്ന ഒരു ടീമിൽ അഞ്ച് കുട്ടികളാണുള്ളത്. ജനറൽ വിഭാഗത്തിലെ ഒരു കുട്ടിയും ഈ ടീമിലുണ്ടാകും. ആദ്യം വെള്ള നിറത്തിലുള്ള പെലീന എന്നുപറയുന്ന പന്താണ് എറിയുന്നത്. പെലീന സെന്റർ ലൈൻ കടന്നിരിക്കണം. പന്ത് ഫൗൾ ലൈൻ ഏരിയകളിലോ സൈഡ് ഫ്രെയിമുകളിലോ ടച്ച് ചെയ്യാനും പാടില്ല. പെലീന പന്ത് എറിഞ്ഞതിന് പിന്നാലെ മറ്റു ടീമംഗങ്ങൾ ബോച്ചെ എന്നുവിളിക്കുന്ന പന്തുകൾ എറിഞ്ഞുതുടങ്ങും. ഏറ്റവും തൊട്ടടുത്ത് ഏത് ടീമാണോ പാന്തെത്തിക്കുന്നത് അവർക്കാണ് പോയിന്റ് ലഭിക്കുന്നത്.

വളരെ എളുപ്പത്തിലുള്ള നിയമങ്ങളുള്ളതിനാൽ കൂടിയാണ് ഇൻക്ലൂസീവ് സ്പോർട്സിൽ ബോച്ചെയെ ഉൾപ്പെടുത്തിയത്. മാത്രമല്ല, എല്ലാ താരങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക കൂടി ഇതിന് പിന്നിലുണ്ട്. കളിയുടെ നിയമങ്ങളിൽ ചില മാറ്റങ്ങളോടെയാണ് സംസ്ഥാന കായികമേളയിൽ ബോച്ചെയുടെ വരവ്. എന്നാൽ മത്സരത്തിന്റെ അന്തഃസ്സത്ത ഉൾക്കൊണ്ടുകൂടിയാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതെന്ന് മാച്ച് ഒഫീഷ്യൽ സുമേഷ് വില്ല്യം പറയുന്നു.

സ്പെഷ്യൽ ഒളിമ്പിക്സിൽ ഈ ഗെയിം നിലവിൽ കളിച്ചുവരുന്നുണ്ട്. എന്നാൽ ജനറൽ വിഭാഗത്തിൽ ബോച്ചെയില്ല. വിദേശ രാജ്യങ്ങളിലും ഗെയിം സജീവമാണ്. ഗ്രീസിലാണ് ഇതിന്റെ ഉദ്ഭവം എന്നാണ് പറയപ്പെടുന്നത്. ചെറിയ കളങ്ങളിൽ കല്ലുകൾ എറിഞ്ഞാണ് തുടക്കം. പിന്നീട് മരത്തടിയിലും പ്ലാസ്റ്റിക്ക് ബോളുകളിലേക്കും കളി മാറിത്തുടങ്ങി. ഇത്തരത്തിൽ രൂപമാറ്റം വന്നിട്ട് ഇരുപത് വർഷത്തോളമായി.

Content Highlights: Discover Bocce, an inclusive sport featured for the first time at the State Games. Learn its rules, history, and why it`s a highlight of inclusive sports events.