തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കാന്‍ വിഭവങ്ങളുമായി തിരുവോണത്തോണി യാത്രതിരിച്ചു
തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കാവശ്യമായ വിഭവങ്ങളുമായി കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്ത് നിന്നും തോണിയാത്രതിരിച്ചു. മങ്ങാട്ട് ഇല്ലത്ത് എം.എന്‍.അനൂപ് നാരായണ ഭട്ടതിരിയാണ് ഈ വര്‍ഷം തിരുവോണ വിഭവങ്ങളുമായി ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെട്ടത്. മങ്ങാട്ടില്ലത്ത് ആറന്മുളയപ്പന് നിത്യപൂജ അര്‍പ്പിച്ച ശേഷമായിരുന്നു യാത്ര. മൂന്ന് തുഴച്ചിലുകാരും ഒപ്പമുണ്ട്. ഇവിടെനിന്ന് കാട്ടൂര്‍ക്കടവ് വരെ ചുരുളന്‍വള്ളത്തിലാണ് യാത്ര. മൂന്ന് പ്രധാനനദികളും തോടുകളും മൂന്ന് രാത്രിയും പകലും പിന്നിട്ടാണ് യാത്ര. കാട്ടൂരിലെത്തിയശേഷമാണ് തിരുവോണത്തോണിയിലേക്ക് യാത്ര മാറ്റുക.
ഉത്രാടം നാളില്‍ കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രക്കടവില്‍നിന്ന് തിരുവാറന്മുളയപ്പനുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തോണിയേറും. പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണനാളായ 15-ന് പുലര്‍ച്ചെ അഞ്ചിന് ആറന്മുളക്കടവിലെത്തും. കാട്ടൂര്‍ ക്ഷേത്രത്തില്‍നിന്നുള്ള ദീപവും ഓണവിഭവങ്ങളും ഭഗവാന് മുന്പില് സമര്‍പ്പിച്ചതിന് ശേഷം ക്ഷേത്രത്തിലെ വിളക്കിലേക്ക് ദീപം പകരും.