കൗമാരക്കാരുടെ പ്രശ്‌നങ്ങളറിയുന്ന മാതാപിതാക്കള്‍ എത്രപേരുണ്ട്? 'അഡോളസന്‍സ്' പറയുന്നത്

കുട്ടികളുടെ മാനസികവ്യാപാരങ്ങളെപ്പറ്റി മുന്‍പെങ്ങുമില്ലാത്ത ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ്. തിരക്കില്‍ നിന്ന് തിരക്കിലേക്കോടുന്ന മാതാപിതാക്കളും ഒറ്റപ്പെടലിനെ മറയ്ക്കാന്‍ മൊബൈല്‍ സ്‌ക്രീനിനുള്ളില്‍ ജീവിതം കണ്ടെത്തുന്ന ജെന്‍സിയും വീട്ടകങ്ങളില്‍ കൂട്ടിമുട്ടാത്ത കാലം. വിശേഷം പങ്കിടുന്നത് പോയിട്ട് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് പോലും അപൂര്‍വങ്ങളില്‍ അപൂര്‍വകാഴ്ച എന്ന് വിശേഷിപ്പിക്കേണ്ടി വരും പുതിയകാലത്ത്. കുട്ടിക്കുറ്റവാളികള്‍ വര്‍ധിക്കുമ്പോള്‍ പിള്ളേര്‍ക്കൊക്കെ ഇതെന്ത് പറ്റിയെന്ന് മൂക്കത്ത് വിരല്‍ വയ്ക്കും മുന്‍പ് സ്വന്തം വീട്ടകങ്ങളിലേക്ക് കൂടി നമ്മള്‍ കണ്ണോടിക്കണം. നാലിഞ്ച് സ്‌ക്രീനിലെ വലിയ ലോകത്ത് കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് നമ്മള്‍ അറിയാറുണ്ടോ...നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ 'അഡോളസന്‍സ്' എന്ന സീരീസ് ചര്‍ച്ചയാകുന്നതും ഇവിടെയാണ്. മാര്‍ച്ച് 13നാണ് സ്റ്റീഫന്‍ ഗ്രഹാമും ജാക്ക് തോണും തിരക്കഥ രചിച്ച് സിംഗിള്‍ ഷോട്ടുകള്‍ക്ക് പ്രശ്‌സ്തനായ ഫിലിപ് ബാരന്റീന്‍ സംവിധാനം ചെയ്ത സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

കൗമാരത്തിന്റെ അസ്വസ്ഥതകള്‍ അവരനുഭവിക്കുന്നമാനസിക സമ്മര്‍ദങ്ങള്‍, വികാരവിചാരങ്ങള്‍ എല്ലാം അതിന്റെ ഏറ്റവും റിയാലിറ്റിയില്‍ അവതരിപ്പിക്കപ്പെട്ടു എന്നതാണ് സീരിസിന് പ്രിയമേറ്റിയത്. ലിംഗവിവേചനം, മാധ്യമസ്വാധീനം, അവഗണന, പക, സൈബര്‍ ബുള്ളിയിങ്, ടോക്‌സിസിറ്റി, സ്ത്രീ വിരുദ്ധത എന്നീ വിഷയങ്ങളെല്ലാം നാല് എപ്പിസോഡുകളുള്ള സീരിസില്‍ വിശദമായി പറയുന്നുണ്ട്. സഹപാഠി കെയ്റ്റിയെ കൊന്നുവെന്നാരോപിച്ച് 13-കാരനായ ജെയ്മി മില്ലറെ സ്വന്തം മുറിക്കുള്ളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പിന്നെ, മുതിര്‍ന്നവരില്‍ ബഹുഭൂരിപക്ഷത്തിനും അറിയാത്ത ഒരു ലോകത്തേക്ക് കടക്കും.  മൊബൈലും പിടിച്ച് മുറിയടച്ചു വെളുക്കുവോളം ഉറക്കമിളയ്ക്കുന്ന നമ്മുടെ കുട്ടികളുടെ മനസ്സുകളില്‍ എന്താണ് നടക്കുന്നതെന്നും മുറിക്കു പുറത്തെ ലോകത്ത് അവരനുഭവിക്കുന്നതെന്താണെന്നും സീരീസ് വ്യക്തമായി കാണിച്ചു തരുന്നു.

ചാറ്റിനിടയില്‍ പലനിറത്തിലുള്ള ഹാര്‍ട്ട് ഇമോജികള്‍ നമ്മള്‍ അയയ്ക്കാറുണ്ട്. റീസന്റ്‌ലി അയച്ച ഹാര്‍ട്ട് ഇമോജി എടുത്തയ്ക്കുക എന്നതിനപ്പുറം ആ ഓരോ നിറത്തിലുള്ള ഹാര്‍ട്ട് ഇമോജികള്‍ക്ക് ഓരോ അര്‍ത്ഥമുണ്ടെന്ന് എത്രപേര്‍ക്കറിയാം. തിരസ്‌കരണത്തിനും സ്വീകാര്യത്തിന് എന്തിന് സ്‌നേഹം അഭിനയിക്കുകയാണെന്ന് വരെ ആ ഇമോജികള്‍ക്ക് അര്‍ത്ഥമുണ്ട്. കേസന്വേഷിക്കുന്ന ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലൂക്ക് ബാസ്‌കോം, കൊല്ലപ്പെട്ട കെയ്റ്റി പല നിറത്തിലുള്ള ഹാര്‍ട്ട് ഇമോജികള്‍ ജെയ്മിയുടെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് കാണുന്നു. അവള്‍ക്ക് അവനോടു പ്രണയമുണ്ടായിരുന്നിരിക്കാമെന്നും പ്രണയം പിണക്കമായതാകാമെന്നും അദ്ദേഹം സംശയിക്കുന്നു. പിതാവിന്റെ അറിവില്ലായ്മയില്‍ ദേഷ്യപ്പെടുന്ന ആഡം ആ ഓരോ നിറത്തിന്റേയും അര്‍ത്ഥതലങ്ങള്‍ വിശദീകരിക്കുന്നിടത്താണ് സീരീസിന്റെ വഴിത്തിരിവ്. അജ്ഞത തിരിച്ചറിയുന്നതിലെ വിഷണ്ണത ലൂക്കിന്റെ മുഖത്തു മാത്രമല്ല, പരമ്പര കാണുന്ന മുതിര്‍ന്നവരുടെ മുഖത്തും പടരാതിരിക്കില്ല.

താല്പര്യമുണ്ടെങ്കിലും പ്രണയബന്ധങ്ങളിലോ, ലൈംഗികബന്ധങ്ങളിലോ ഏര്‍പ്പെടാന്‍ കഴിയാത്ത പുരുഷന്മാരെ വിശേഷിപ്പിക്കുന്ന ജെന്‍ സീ പ്രയോഗമാണ് ഇന്‍സല്‍. അതായത് ഇന്‍വോളന്ററി സെലിബേറ്റ്- സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ബ്രഹ്‌മചര്യം പാലിക്കേണ്ടിവരുന്നയാള്‍. അത്തരക്കാര്‍, പിന്നെ വിവിധതരത്തില്‍ തിരസ്‌കൃതരായ പുരുഷന്മാരുടെ ഒരു കൂട്ടായ്മ- മാനോസ്ഫിയര്‍. ആഗ്രഹിച്ച പെണ്‍കുട്ടി പ്രണയം നിഷേധിക്കുക മാത്രമല്ല, സാമൂഹിക മാധ്യമത്തിലൂടെ അപമാനിക്കുകയും ചെയ്യുന്നു. ആ തിരസ്‌കാരമാണ് ജെയ്മിയെ മാനോസ്ഫിയറിലെത്തിക്കുന്നത്. ഇന്‍സെല്‍ പ്രത്യയശാസ്ത്രം പക്ഷേ നിരുപദ്രവമല്ല, ഉപദ്രവകാരിതന്നെയാണ്. വിദ്വേഷം കുത്തിനിറയ്ക്കുന്ന ഉപദ്രവകാരി. 2017-ല്‍ സാമൂഹികമാധ്യമമായ റെഡിറ്റ്, വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ ഇന്‍സെലുകളെ വിലക്കുക പോലും ചെയ്തിട്ടുണ്ട്. നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ഇന്‍സെലുകള്‍ പ്രേരണയുമായി.

ജെയ്മിയുടെ അച്ഛന്‍ എഡ്ഡിയുടെ കുട്ടിക്കാലവും സീരിസില്‍ ചിതറിക്കിടപ്പുണ്ട്. എഡ്ഡിയുടെയും കുടുംബത്തിന്റെയും ദുരന്തം ഒറ്റപ്പെട്ടതല്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നിടത്താണ് സീരീസിന്റെ സാമൂഹിക പ്രസക്തി. കുട്ടികളുടെ സ്വഭാവവ്യതിയാനം തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്കാവുകയും അവരോടൊപ്പം ആ ലോകത്ത് മാതാപിതാക്കള്‍ക്ക് വളരാനുമാവണമെന്ന് സീരീസ് പറഞ്ഞുവയ്ക്കുന്നുണ്ട്. ഒപ്പം തിരസ്‌കരണം ജീവിതത്തിന്റെ അറ്റമല്ലെന്ന തിരിച്ചറിവ് കുട്ടികളില്‍ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയും

ജെയ്മിയായി എത്തി പ്രേക്ഷകരുടെ കയ്യടിവാങ്ങുന്നുണ്ട് ഓവന്‍ കൂപ്പര്‍. ഒറ്റ ടേക്കിലെ നീളന്‍ രംഗങ്ങളില്‍ എവിടേയും ഓവന്‍ കൂപ്പര്‍ എന്ന നടനെ കാണാനാവില്ല. ജെയ്മിയെ അല്ലാതെ. സ്റ്റീഫന്‍ ഗ്രഹാമാണ് അച്ഛന്‍ എഡ്ഡിയായി എത്തി വിസ്മയിപ്പിക്കുന്നത്. ഒപ്പം കൗണ്‍സിലര്‍ ആയെത്തിയ എറിന്‍ ഡോഹെര്‍ട്ടിയും. ടെക്‌നോളജിയുടെ ലോകത്ത് കുട്ടികള്‍ക്കൊപ്പമോ അവരേക്കാള്‍ മുകളിലോ മുതിര്‍ന്നവര്‍ വളരേണ്ടതിന്റെ ആവശ്യകത അഡോളസെന്‍സ് നമുക്ക് കാട്ടിത്തരുന്നുണ്ട്. ഒപ്പം കുട്ടികളിലെ സ്‌ക്രീന്‍ അഡിക്ഷന് പിന്നിലെ യഥാര്‍ത്ഥ ഉത്തരവാദി നാമടങ്ങുന്ന ഈ സമൂഹം തന്നെയാണെന്ന ഓര്‍മ്മപ്പെടുത്തലും

Inshort | Netflix`s `Adolescence` delves into teen mental health, cyberbullying, and societal pressures.  A must-watch for parents and teens.

Content Highlights: Adolescence: Netflix Series Explores Teen Issues