ഈ ഗ്രാമത്തിലേക്ക് ചെരിപ്പിട്ട് പ്രവേശനമില്ല; റോഡില്ല, സാധനങ്ങള്‍ കുതിരപ്പുറത്ത് | വെള്ളഗവി

#സനൂപ് കിനാശേരി, അരുണ്‍ നിലമ്പൂര്‍

വെള്ളഗവി- ഇന്നും സാധനങ്ങള്‍ കുതിരപ്പുറത്ത് എത്തിക്കുന്ന, റോഡ് ഇല്ലാത്ത, ആളുകള്‍ ചെരുപ്പ് ഇടാത്ത, അമ്പലങ്ങളാല്‍ ചുറ്റപ്പെട്ട  വെള്ളഗവി എന്ന മനോഹരമായ ഗ്രാമം. കൊടൈക്കനാലിലെ വട്ടകനാലില്‍ നിന്നും രാവിലെ 9 മണിയോടെയാണ് ഞങ്ങള്‍ വെള്ളഗവിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. വട്ടക്കനാലില്‍ നിന്നും 7 കിലോമീറ്റര്‍ നടന്ന് വേണം അവിടെ എത്താന്‍.

വഴികാട്ടാനായി വെള്ളഗവിക്കാരന്‍ ശരവണ ബാബുവാണ് കൂടെയുള്ളത്. വട്ടകനാലില്‍ നിന്നും ഡോള്‍ഫിന്‍നോസ് വഴി ഞങ്ങള്‍ വെള്ളഗവിയിലേക്കുള്ള നടത്തം തുടങ്ങി. തുടക്കം തന്നെ വഴി ഇങ്ങനെ ആണെങ്കില്‍ ഗ്രാമത്തിലേക്ക് ഉള്ള വഴി എന്തായിരിക്കും അവസ്ഥ എന്നായിരുന്നു ഞങ്ങളുടെ ചിന്ത.
വഴി മോശമാണെങ്കിലും കോടമഞ്ഞില്‍  പൊതിഞ്ഞ കാടും, മലയും, മരങ്ങളും, പക്ഷികളെയും കണ്ട് ആസ്വദിച്ചായിരുന്നു ഞങ്ങളുടെ നടത്തം.

ഡോള്‍ഫിന്‍നോസ് എത്തുന്നതിനു മുന്‍പായി അങ്ങ് ദുരെ ആ ഗ്രാമം കാണാം. അല്‍പനേരം അവിടെ നിന്നതിനു ശേഷം വീണ്ടും നടത്തം തുടങ്ങി. പൈന്‍ മരങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നടന്നു തുടങ്ങിയപ്പോള്‍ തന്നെ വഴിയരികില്‍ ചില പ്രതിഷ്ഠകള്‍ കാണുന്നുണ്ടായിരുന്നു. ഡോള്‍ഫിന്‍നോസ് വ്യൂ പോയിന്റിന്റെ അടുത്തായാണ് തമിഴ്‌നാട് വനം വകുപ്പിന്റെ ചെക്ക്‌പോസ്റ്റ് ഉള്ളത്. വെള്ളഗവിയിലേക്ക് പോകുന്നതിന് തമിഴ്‌നാട് വനം വകുപ്പിന്റെ അനുമതി വാങ്ങണം. അതിനായി ഞങ്ങള്‍ നേരത്തെ തന്നെ അവരുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അവിടുന്ന് വനം വകുപ്പിന്റെ പരിശോധനയെല്ലാം കഴിഞ്ഞ് ഞങ്ങള്‍ നടത്തം തുടങ്ങി.കാട്ടിലൂടെ പോകുന്ന ഈ വഴിയുടെ അവസ്ഥ വളരെ സാഹസികത നിറഞ്ഞതാണ്.

ഇടയ്ക്കിടെ ശരവണനോട് ഞങ്ങള്‍ ഗ്രാമത്തിലെ ഓരോ കാര്യങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. വെള്ളഗവിയില്‍ ഞങ്ങളെകാത്ത് ശരവണ ബാബുവിന്റെ അമ്മാവന്‍ മുരുകണ്ണന്‍ ഉണ്ട്. അദ്ദേഹമാണ് ഞങ്ങള്‍ക്ക് അവിടെ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിതന്നത്. വെള്ളഗവിയിലേക്ക് എത്താനായപ്പോഴേക്കും വഴി കുറച്ചുകൂടി ബുദ്ധിമുട്ടേറി തുടങ്ങി. ഗ്രാമത്തിലെത്താന്‍ ശരവണന്‍ പറഞ്ഞ ആ ഒരു മണിക്കൂര്‍ ഞങ്ങള്‍ക്ക് മൂന്നര മണിക്കൂര്‍ എടുക്കേണ്ടിവന്നു. 

ഇവിടെയുള്ളവര്‍ ഗ്രാമത്തിനുള്ളില്‍ ചെരുപ്പ് ഇടാറില്ല. ഞങ്ങളും ചെരിപ്പെല്ലാം കയ്യിലെടുത്ത് ഗ്രാമത്തിലേക്ക് പ്രവേശിച്ചു. ഗ്രാമത്തില്‍ കയറുമ്പോള്‍ തന്നെ രണ്ട് അമ്പലങ്ങള്‍ കാണാം. വെള്ളഗവിയുടെ കാവല്‍ ദൈവങ്ങളാണത്. ഒപ്പം മറ്റു പ്രതിഷ്ഠകളും കാണാം. ഗ്രാമത്തിന് ചുറ്റും ഏതാണ്ട് 28 ഓളം പ്രതിഷ്ഠകളാണ് ഉള്ളത്. അതിനാല്‍ തന്നെ ഗ്രാമത്തിനു ദൈവചൈതന്യം ഉള്ളതായി ഇവിടെ ഉള്ളവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണത്രെ ചെരിപ്പിടാത്തത്. ഗ്രാമത്തിന്റെ ഏത് ഭാഗത്തേക്ക് നടന്നാലും കാണുന്നത് അമ്പലങ്ങളും പ്രതിഷ്ഠകളുമാണ്. 

കൊടൈക്കനാലില്‍ നിന്നും ചുമടുമായി വരുന്ന കുതിരകളെയാണ് ഗ്രാമത്തില്‍ എത്തി ഞങ്ങള്‍ ആദ്യം കാണുന്നത്. ഇവിടേക്ക് വേണ്ട അവശ്യസാധനങ്ങള്‍ ഇന്നും കുതിരപ്പുറത്താണ് കൊണ്ടുവരാറ്.വീട് കെട്ടുന്ന ഇഷ്ടിക മുതല്‍ വീട്ടുസാധനങ്ങള്‍ വരെ ഈ കുതിരപ്പുറത്തോ ചുമന്നോ വേണം ഇവിടെ എത്തിക്കാന്‍. ഇങ്ങനെ സാധനങ്ങള്‍ എത്തിക്കാന്‍ കുതിരഉടമയ്ക്ക് 500 രൂപ മുതലാണ് ചാര്‍ജ്.  കുടിവെള്ളത്തിനായി ഇവിടെ ഒരു കിണര്‍ മാത്രമാണുള്ളത്. 70 ഓളം പടവുകള്‍ ഇറങ്ങി വേണം വെള്ളം ശേഖരിക്കാന്‍.

കൊടൈക്കനാല്‍ നഗരമുണ്ടാകുന്നതിനും മുന്‍പേ വെള്ളഗവി ഗ്രാമം ഉണ്ടെന്നാണ് ഇവിടെയുള്ളവര്‍ പറഞ്ഞത്. ഒരു പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, അംഗന്‍വാടി, അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു ഏകാധ്യാപക വിദ്യാലയം എന്നിവ ഇവിടെ കാണാം. അഞ്ചാം ക്ലാസ് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് തുടര്‍പഠനത്തിനായി കൊടൈക്കനാലോ തമിഴ്നാടിന്റെ മറ്റ് മേഖലകളോ ഹോസ്റ്റലുകളിലും വീടെടുത്ത് താമസിച്ചുമൊക്കെയാണ് ഇവിടുത്തെ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കുന്നത്. പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന കുട്ടികളും ഇവിടെയുണ്ട്.

കാപ്പിയും ഏലവും അവക്കാഡോയും ഓറഞ്ചും ഒക്കെയാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം. കൃഷി കഴിഞ്ഞാല്‍ ടൂറിസമാണ് വെള്ളഗവിയുടെ മറ്റൊരു വരുമാന മാര്‍ഗം. ധാരാളം ആളുകളാണ് ഈ ഗ്രാമത്തിലേക്ക് ടൂറിസ്റ്റുകളായിട്ട് എത്തുന്നത്. അവര്‍ക്കെല്ലാം താമസ സൗകര്യം ഇവര്‍ തന്നെയാണ് ഒരുക്കുന്നത്.ഉത്സവ സമയത്ത് ഗ്രാമത്തിലുള്ളവരെല്ലാം ഒത്തുകൂടും. ആ സമയത്ത് പുറമെയുള്ളവരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാറില്ല.

ബ്രിട്ടീഷുകാരുടെ കാലം മുതലേയുള്ള  വെള്ളഗവിക്കാരുടെ പൊതുവായിട്ടുള്ള ഒരു ആവശ്യമാണ് ഈ ഗ്രാമത്തിലേക്ക് ഒരു റോഡ്. അത് ഇന്നും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഒരു റോഡ് വന്നു കഴിഞ്ഞാല്‍ തന്നെ ഈ ഗ്രാമത്തിന്റെ പകുതി പ്രശ്‌നം അവസാനിക്കും. ഞങ്ങള്‍ കണ്ട ഓരോ ഗ്രാമവാസികള്‍ക്കും പറയാനുള്ളത് മരിക്കുന്നതിന് മുന്‍പ് ഒരു റോഡ് വേണമെന്നാണ്.

ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവം അടുക്കുന്ന സമയത്ത് അവര്‍ ഈ ഗ്രാമം വിട്ട് കൊടൈക്കനാലിലേക്കോ തേനി ജില്ലയിലെ പെരിയകുളത്തേക്കോ താമസം മാറ്റുന്നു. പിന്നീട് പ്രസവം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരിക്കും തിരിച്ചു വരുന്നത്.  ഇവിടെ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളോ വിഷ ചികിത്സയോ ആവശ്യമായി വന്നാല്‍ ഈ ഗ്രാമത്തിലെ ആളുകള്‍ തന്നെയാണ് ചികിത്സിക്കുന്നത്. അടിയന്തരമായി ചികിത്സ വേണ്ടിവരുന്നവരെ ഡോളി കെട്ടി ചുമലിലേറ്റി കിലോമീറ്ററുകള്‍ നടന്ന് ഗതാഗത സൗകര്യമുള്ള വട്ടകനാലില്‍ എത്തിക്കണം. 

റോഡുകളും വാഹനങ്ങളും മൊബൈലും തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള നാട്ടില്‍ നിന്നും ഇങ്ങനെ ഒന്നുമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് നമ്മള്‍ എത്തുമ്പോഴാണ് ജീവിതത്തിന്റെ രണ്ട് ധ്രുവങ്ങളറിയുന്നത്. പരിമിതികള്‍ ഏറെയുണണ്ടെങ്കിലും ഇവിടുത്തുകാര്‍ക്ക് ഈ ഗ്രാമം ജീവനാണ്. ഇവിടം വിട്ട് പോകാന്‍ പുതുതലമുറക്കാര്‍ പോലും ആഗ്രഹിക്കുന്നില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. 

ഗ്രാമ കാഴ്ചകള്‍ എല്ലാം കണ്ടു തിരികെ പോകുന്നത് 9 കിലോമീറ്ററോളം നടന്ന് തേനി ജില്ലയിലെ പെരിയാകുലത്തിലേക്കാണ്. ഈ വെള്ളഗവി ദണ്ഡിക്കല്‍ ജില്ലയിലാണ് ഉള്ളത്. ശരിക്കും വലിയൊരു വെല്ലുവിളിയായിരുന്നു ഞങ്ങള്‍ക്ക് ആ യാത്ര. കൊടുവനത്തിലൂടെ കുത്തനെയുള്ള ഇറക്കങ്ങളും ചില ഭാഗങ്ങള്‍ കയറ്റങ്ങളുമായ ബുദ്ധിമുട്ടേറിയ ഒരു യാത്ര. വെള്ളഗവിക്കാര്‍ക്ക് ഇതൊരു പ്രശ്‌നമല്ല. വീണ്ടും നടന്ന് കുറച്ചുകൂടി മുന്നോട്ട് പോയപ്പോള്‍ അങ്ങ് ദൂരെ ആ ഗ്രാമത്തെ ഒന്നു കൂടി കണ്ടു. എത്രയും പെട്ടെന്ന് ഈ ഗ്രാമവാസികള്‍ക്ക് ഒരു റോഡ് എന്ന അവരുടെ ആവശ്യം നിറവേറും എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു

Inshort | Discover Vellagavi, a remote village in Tamil Nadu where life moves at a slower pace.  No roads, no shoes, and goods delivered by horse! Explore its unique culture and stunning scenery.

Content Highlights: Vellagavi: A Unique Village in Tamil Nadu, Kodaikanal